മിംഗിൾ അല്ല സിംഗിളാണ് ലേഡീസിന് ഹാപ്പി

പലപ്പോഴും സിംഗിളാണെന്ന് പറഞ്ഞ് വിഷമിക്കുന്നവരാണ് ഏറെയും. അതിൽ പങ്കാളികളില്ലാത്ത സ്ത്രീകളെ ജീവിതത്തിൽ ഒറ്റപ്പെട്ടവരും വിഷമം അനുഭവിക്കുന്നവരുമായാണ് സമൂഹം ചിത്രീകരിക്കാറുള്ളത്. എന്നാൽ അങ്ങനെയല്ല. അവർ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമെന്നാണ് പഠനങ്ങൾ പറയുന്നത്. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

സിംഗിളായി ജീവിക്കുന്ന സ്ത്രീകള്‍ പങ്കാളികളുള്ളവരേക്കാളും സിംഗിളായ പുരുഷനേക്കാളും സന്തുഷ്ടരാണെന്നാണ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്. അവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങൾ എന്നിവയിലെല്ലാം ഉയർന്ന തോതിൽ സംതൃപ്തി അനുഭവപ്പെടുന്നതായാണ് പഠനത്തിലെ കണ്ടെത്തൽ.

അതേസമയം അവിവാഹിതരായ പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നും പഠനം വിലയിരുത്തുന്നു. പങ്കാളികളുള്ള വ്യക്തികളുടെ അനുഭവങ്ങളും മാനസികാവസ്ഥയും കൂടി പരിഗണിച്ചാണ് ഗവേഷകർ ഈ പഠനം നടത്തിയത്. സിംഗിൾഹുഡ് ഒരു പ്രധാനപ്പെട്ട റിലേഷൻഷിപ്പ് സ്റ്റാറ്റസ് ആണെന്നത് അംഗീകരിക്കപ്പെടാത്തതിനെ കുറിച്ചും പഠനത്തിൽ പരാമർശമുണ്ട്. 2020നും 2023നും ഇടയിൽ നടത്തിയ പത്ത് പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളും ഗവേഷകർ പുതിയ പഠനത്തിനായി ശേഖരിച്ചു. ഡേറ്റ കളക്ഷൻ്റെ സമയത്ത് പ്രണയ ബന്ധങ്ങളിൽ അല്ലാതിരുന്ന 5491 പേരെയും പഠനത്തിൽ ഉൾപ്പെടുത്തി. പുരുഷൻ, സ്ത്രീ എന്നിങ്ങനെ വേർതിരിച്ചാണ് സാംപിളുകളെടുത്തത്. 18നും 75നും ഇടയിൽ പ്രായമുള്ളവരേയാണ് പഠനവിധേയമാക്കിയത്.