കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങളിലൊന്നാണ് ഓക്സിജന്‍ സിലിണ്ടറുമായി ദോശ ചുടുന്ന ഒരു അമ്മയുടെ ചിത്രം. അമ്മയുടെ ത്യാഗത്തെ പുകഴ്ത്തുന്ന എത്ര പേര് അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡ് ബാധിച്ചിട്ടും വീട്ടുകാര്‍ക്ക് വേണ്ടി വെച്ചു വിളമ്പുന്ന സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചുള്ള സനിത മനോഹര്‍ എന്ന യുവതിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പ് വായിക്കാം:
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച ഒരു സുഹൃത്തിനെ വിവരങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ അവള് അടുക്കളയിലാണ്. ഏട്ടന് പുറത്ത് നിന്ന് ഭക്ഷണം വരുത്തുന്നത് വലിയ താല്പര്യമില്ല കുട്ടികളും ഉള്ളതല്ലെ ഇത്തിരി കഞ്ഞി ഉണ്ടാക്കുകയാണ് എന്ന് പറയുമ്പോള്‍ അവള്‍ക്ക് ശബ്ദമെ ഉണ്ടായിരുന്നില്ല. സാഹസപ്പെട്ടാണ് സംസാരിക്കുന്നത്. ശരീരം നുറുങ്ങുന്ന വേദനയാണ് നില്ക്കാന് പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞ് അവള് കരയുകയായിരുന്നു.
വീട്ടില്‍ എല്ലാവര്ക്കും കോവിഡാണ്. അവരൊക്കെ എവിടെയെന്ന് ചോദിച്ചപ്പോള്‍ ഏട്ടനും ഏട്ടന്റെ അമ്മക്കും നല്ല ശരീര വേദനയുണ്ട് ലിവിങ്ങ് റൂമില്‍ ടിവി കാണുകയാണ് എന്നായിരുന്നു മറുപടി. അവളുടെ നിസ്സഹായവസ്ഥയില്‍ സഹായിക്കാനാവുന്നില്ലല്ലോ എന്നോര്‍ത്ത് ഇരിക്കുമ്പോഴാണ് ഗ്രൂപ്പില്‍ unconditional love = mother എന്ന കാപ്ഷനുള്ള ഈ ചിത്രം കാണുന്നത്. ചിത്രം “ഹാ അമ്മ എത്ര മനോഹരം” എന്നും പറഞ്ഞ് ഷെയര്‍ ചെയ്തത് ചിത്രത്തിലെ വയലന്‍സ് മനസ്സിലാക്കാന്‍ പോലും ബുദ്ധിവളര്‍ച്ചയില്ലാത്ത എംബിഎ ബിരുദമൊക്കെയുള്ള ഒരു കമ്പനി മാനേജറും.
അങ്ങേയറ്റം വികലമായ ചീഞ്ഞ ക്രൂരമായ മനസ്സുള്ളവര്‍ക്കെ അമ്മ ഓക്സിജന്‍ സിലിണ്ടറും വച്ച് പണിയെടുക്കുന്നത് നോക്കി നില്‍ക്കാനും അത് ചിത്രമെടുത്ത് unconditional love = mother എന്ന ക്യാപ്ഷന്‍ കൊടുത്ത് പ്രദര്‍ശിപ്പിക്കാനും അത് കണ്ട ഉടന്‍ ഹാ അമ്മ എത്ര മനോഹരം എന്നും പറഞ്ഞ് ഷെയര്‍ ചെയ്യാനും സാധിക്കുകയുള്ളൂ. ആ അമ്മ ഉണ്ടാക്കിയ ദോശ കഴിച്ചവരെ ശവംതീനികള്‍ എന്ന് വിളിക്കണം. വെന്റിലേറ്ററില്‍ കിടന്നും ദോശ ഉണ്ടാക്കി കൊടുക്കുന്ന അമ്മയും ഭാര്യയും ഒക്കെയുള്ള കിണാശ്ശേരിയാണ് ഈ ക്രൂരന്മാരുടെ സ്വപ്നം.
ഓക്സിജന്‍ സിലിണ്ടറില്‍ ജീവന് നിലനിര്‍ത്തുന്ന അമ്മക്ക് ദോശ ഉണ്ടാക്കി കൊടുക്കുന്ന ചിത്രമെടുത്തും uncoditional love എന്ന ക്യാപ്ഷന്‍ കൊടുക്കാനുള്ള മാനസിക വളര്‍ച്ചയൊന്നും ഇത്തരക്കാരില്‍ നിന്ന് പ്രതീക്ഷിക്കുകയേ വേണ്ട. തീയുടെ തൊട്ടടുത്താണ് ഓക്സിജന്‍ സിലിണ്ടര്‍ എല്ലാം കൂടെ പൊട്ടിത്തെറിച്ച് അമ്മയെങ്ങാനും മരിച്ചാലും ഈ ക്രൂരന്മാര് പോസ്റ്റിടും ത്യാഗം = അമ്മ.