മുഖത്ത് സ്ഥീരം പുഞ്ചിരിയുമായി പിറന്ന പെൺകുഞ്ഞ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ബെെലാറ്ററൽ മാക്രോസ്റ്റോമിയ എന്ന അപൂർവ ജനിതകാവസ്ഥയിൽ ഓസ്ട്രേലിയയിൽ ജനിച്ച ഐല സമ്മർ മുച്ചയാണ് പുഞ്ചിരി സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ താരമാകുന്നത്. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ വായയുടെ കോണുകൾ ശരിയായി സംയോജിക്കാത്ത വളരെ അപൂർവമായ അവസ്ഥയാണിത്.
ഓസ്ട്രേലിയയിലെ ക്രിസ്റ്റീന വെർച്ചർ ബ്ലെയ്സ് മുച്ച ദമ്പതികളുടെ മകളാണ് ഐല. ഐലയുടെ പ്രസവ ശുശ്രൂഷ നടത്തിയ ഹോസ്പിറ്റലിനും ഡോക്ടർമാർക്കും ഇത് അപൂർവമായ ആദ്യ കേസായിരുന്നു. എന്നാൽ ക്ലെഫ്റ്റ് പാലറ്റെ ക്രാനിയോഫേഷ്യൽ ജേർണൽ നടത്തിയ പഠനത്തിൽ ഈ അപൂർവ രോഗത്തിന്റെ 14 കേസുകൾ 2007ൽ പുറത്തുവിട്ടിരുന്നതായി ന്യുയോർക്ക് പോസ്റ്റ് വ്യക്തമാക്കി.
ഇത്തരമൊരു അപൂർവ അവസ്ഥയെക്കുറിച്ച് ആശുപത്രിക്കുള്ള അറിവ് കുറവായതിനാൽ ബുദ്ധിമുട്ടുണ്ടായതായും, കുഞ്ഞിന്റെ ജനനത്തിന് ശേഷം തങ്ങൾക്ക് ഉത്തരം നൽകാൻ ഡോക്ടറുമാർ മണിക്കൂറുകളെടുത്തു. ഇത് ആശങ്കക്കിടയാക്കിയതായി മാതാവ് ക്രിസ്റ്റീന വെർച്ചർ പറഞ്ഞു.
കുഞ്ഞിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നിരവധി അമ്മമാരോട് സംസാരിക്കാൻ സാധിച്ചതിൽ താൻ സന്തോഷവതിയാണ്. ഞങ്ങൾ അവളെയോർത്ത് അഭിമാനിക്കുന്നു. ഞങ്ങളുടെ അനുഭവങ്ങളും പ്രിയപ്പെട്ട ഓർമ്മകളും പങ്കിടുന്നത് നിർത്തില്ലന്നും ഐലയുടെ അമ്മ വെർച്ചർ വ്യക്തമാക്കി.