നല്ല ജീവിത രീതികളിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയും മാത്രമേ ഇക്കാലത്ത് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രഭാതഭക്ഷണം. ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധർ പോലും പറയുന്നത്. ഒരു ദിവസം തുടങ്ങുന്നതോടൊപ്പം കഴിക്കുന്ന ഭക്ഷണം എന്ന നിലയിൽ പ്രഭാതഭക്ഷണം പോഷകസമ്പുഷ്ടവും ലളിതവും ആയിരിക്കണം. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാൻ സാധിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.
വാള്‍നട്സ്
നട്സുകളുടെ രാജാവ് എന്നാണ് പൊതുവെ വാള്‍നട്സ് അറിയപ്പെടുന്നത്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമശക്തി കൂട്ടാനും സഹായിക്കുന്ന വാള്‍നട്സിൽ ധരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്. നാരുകൾ, ഫാറ്റ്സ്, ഒമേഗ 3 ഫാറ്റി ആസിഡ് മറ്റ് അവശ്യപോഷകങ്ങൾ തുടങ്ങിയവയാൽ സമ്പന്നമാണ് വാള്‍നട്സ്. ദിവസവും ഒരു പിടി വാള്‍നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇവയിൽ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒമേഗ –3 ഫാറ്റി ആസിഡുകളും നീർക്കെട്ട് കുറയ്ക്കുന്ന പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നു കൂടിയാണ് വാള്‍നട്സ് .
ഓട്മീല്‍
പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്സ്. ധാരാളം നാരുകൾ അടങ്ങിയതും കൊഴുപ്പ് കുറവായതുമായ ഓട്സ് തടി കുറയ്ക്കാൻ വളരെയധികം സഹായിക്കും. വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഓട്സ് കൊണ്ട് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഡയറ്റാണ് ഓട്മീല്‍ ഡയറ്റ്. രാവിലെ ഒരു കപ്പ് ഓട്മീൽ കഴിച്ചാൽ ശരീരത്തിന് ആവശ്യമുള്ള ഊർജത്തിന് ആവശ്യമായ കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് ഇവയിൽ നിന്നു ലഭിക്കും. ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈബർ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗ സാധ്യതയും ലഘൂകരിക്കുകയും ചെയ്യുന്നു .
ക്വിനോവ
ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് ക്വിനോവ . സൂപ്പർ ഫുഡ്, സൂപ്പർ ഗ്രെയ്ൻ എന്നൊക്കെയാണ് കീൻവ പൊതുവെ അറിയപ്പെടുന്നത്. യഥാർഥത്തിൽ ഒരു സീഡ് ആണ് ക്വിനോവ . പ്രോട്ടീൻ, വൈറ്റമിനുകൾ, ഫൈബർ, ധാതുക്കൾ എന്നിവയെല്ലാം ക്വിനോവയിൽ അടങ്ങിയിട്ടുണ്ട്. ഗ്ലൂട്ടൻ ഫ്രീ ആയ ഒരു ഭക്ഷണപദാർത്ഥമാണിത്. അരിക്കു പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യം കൂടിയാണ് ക്വിനോവ. ഇത് കഴിക്കുമ്പോൾ ദീർഘനേരം വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നട് ബട്ടർ
ബദാം, കടല, ആൽമണ്ട്, വാൽനട്ട് പോലുള്ളവ കൊണ്ട് ഉണ്ടാക്കുന്ന രുചികരവും പോഷകഗുണമുള്ള ഒന്നാണ് നട് ബട്ടർ. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താനുള്ള മികച്ച മാർഗം കൂടിയാണിത്. ഓട്മീലിലും ബ്രഡ് ടോസ്റ്റിലും സ്മൂത്തിയുടെ കൂടെയുമൊക്കെ ഒരു സ്പൂൺ നട് ബട്ടർ ചേർത്ത് കഴിച്ചാൽ വളരെയേറെ ഗുണം നൽകും. ആരോഗ്യകരമായ ജീവിതത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ് നട് ബട്ടർ
ചിയ സീഡ്‌സ്
പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമായ ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യും. നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ് ചിയ വിത്തുകൾ അഥവാ ചിയ സീഡ്‌സ്. ചിയ വിത്തുകൾ കഴിക്കുമ്പോൾ വയറിൽ ഇതൊരു ജെൽ പോലെ കിടന്ന് ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നതോടെ അധികമായി കാലറി കഴിക്കുന്നതിൽ നിന്ന് ഇവ നമ്മെ തടയും.