കോവിഡ് കാലത്ത് ഇവരെ അന്വേഷിക്കാറുണ്ടോ ?

ദീപാംശു മോഹൻ | ജിഗ്നേഷ് മിസ്‌ട്രി | അദ്വൈത സിംഗ് | വംശിക ഷാ | സാറാ ഐറീൻ

നാടോടി കലാരൂപങ്ങളുടെ  കച്ചവടക്കാർക്ക് അവരുടെ പരമ്പരാഗത തൊഴിലുകൾക്കായി   യാത്ര ചെയ്യാൻ കഴിയാത്തതുകൊണ്ട്  തലമുറകൾ പഴക്കമുള്ള കലയും സമ്പ്രദായങ്ങളും കടുത്ത നാശത്തെ അഭിമുഖീകരിക്കുകയാണിപ്പോൾ.

“ഈ വാദ്യോപകരണം വായിക്കുന്നതും അറ്റകുറ്റപ്പണികൾ ചെയ്യുന്നതുമെല്ലാം ഞങ്ങൾ സ്വന്തമായാണ്. പള്ളിക്കൂടത്തിലൊന്നും പോകാൻ കഴിയാത്ത ഞങ്ങൾ നിത്യവൃത്തിക്കായി ചെയ്യുന്ന ജോലിയാണ് ഇതെല്ലാം. ധോലക് കയ്യിൽ വെച്ചുകൊണ്ട് *ഷേർഖാൻ പറഞ്ഞു.

ഇരുവശങ്ങളുള്ള ഒരു ഇന്ത്യൻ സംഗീതോപകരണമാണ് ധോലക്. ഇരുപത്തിയേഴുകാരനായ ഷേർഖാന് എന്തെങ്കിലും അറിയാമെങ്കിൽ ആ വസ്തുവിനെക്കുറിച്ച് മാത്രമേയുള്ളൂ. എന്നാൽ  അതിന്റെ താളലയങ്ങൾ, ശബ്ദവ്യതിയാനങ്ങൾ, രാഗങ്ങൾ എല്ലാം മനഃപാഠമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ധോലക് വാലാ  എന്ന നാടോടി സമുദായത്തിലെ അംഗമാണ് ഇദ്ദേഹം.

കലയുടെ പ്രചാരകർ
കോവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ  യാത്രാനിയന്ത്രണങ്ങൾ കർക്കശമാക്കിയതിനു ശേഷം സെന്റർ ഫോർ ന്യൂ ഇക്കണോമിക്സ് സ്റ്റഡീസിൽ (CNES) അടുത്തിടെ നടത്തിയ ഒരു ഫീൽഡ് പഠനത്തിനായി  മഹാരാഷ്ട്രയിലെ പുനെയിലെ ചേരി പോലുള്ള വാസസ്ഥലങ്ങളിൽ താമസിക്കുന്ന വിവിധ നാടോടിസമൂഹത്തിലെ അംഗങ്ങളോട് ഞങ്ങൾ സംസാരിച്ചു. അവരിൽ ഭൂരിഭാഗം പേരും ഉത്തർപ്രദേശ്, ഛത്തീസ്‌ഗർ, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും തമിഴ്‌നാട്, മഹാരാഷ്ട്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ  നഗര-ഗ്രാമങ്ങളിൽ ചുറ്റിത്തിരിഞ്ഞു കരകൗശലവസ്തുക്കൾ വിറ്റും സംഗീതോപകരങ്ങൾ വായിച്ച് പ്രതിഫലം പറ്റിയും അന്നന്നത്തെ അന്നം തേടുന്നവരുമായിരുന്നു.

ഇന്ത്യയുടെ സാംസ്‌കാരിക ദൃശ്യങ്ങളെ ബഹുവർണ്ണമാക്കി രൂപപ്പെടുത്തുന്നതിൽ നിത്യവും നിർണ്ണായകവുമായ പങ്കുവഹിക്കുന്ന നാടോടി സമൂഹങ്ങളുടെ ജീവിതമോ ഉപജീവനമോ പക്ഷെ നിർഭാഗ്യവശാൽ മുഖ്യധാരയുടെ സംസാരവിഷയങ്ങളുടെ തലത്തിൽ നിന്നും അകലെയാണ്. കരവിരുതിന്റെയും പ്രകടന കലകളുടെയും ലോകത്ത് ജീവിക്കുന്ന ആ മനുഷ്യർ എപ്പോഴും തിരിച്ചറിയപ്പെടാത്തവരും അംഗീകരിക്കപ്പെടാത്തവരുമാണ്.

വലിച്ചുകെട്ടിയ കയറിലൂടെ നടക്കുന്ന ഛത്തീസ്‌ ഗറിലെ ധമൂറികളെ  നോക്കുക. സർക്കസ് അഭ്യാസികളായ ഇവർ സ്വന്തം നാടുകളായ റായ്‌പൂരും ബിലാസ്പൂരും വിട്ട് മുംബൈ, നൈനിറ്റാൾ, ഋഷികേശ്, ഹൈദ്രാബാദ്, ബാംഗ്ളൂർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നു. ധോലക് വാലാ ളെപ്പോലെതന്നെ ഒരു കലാരൂപം ഒരു സ്ഥലത്ത് അധികം ഓടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ അവർ സ്ഥലങ്ങൾ മാറിപ്പൊയ്ക്കൊണ്ടേ ഇരിക്കുന്നു. പതിറ്റാണ്ടുകളായി ഈ മഹാരാജ്യത്ത് വിവിധയിടങ്ങളിൽ ചുറ്റിത്തിരിയേണ്ടിവന്നിട്ടും അവർ അനന്തര തലമുറയെ  പരിശീലിപ്പിച്ചുകൊണ്ടുമിരിക്കുന്നു.

ധമൂറി കലാകാരനായ *രാജേഷ് പറയുന്നു ” ഞങ്ങളുടെ അപ്പൂപ്പന്മാരും അവരുടെ പൂർവികരും എല്ലാവരും ഇതുപോലെ സർക്കസ് കൊണ്ടാണ് ജീവിച്ചിരുന്നത്. ഞങ്ങൾ അവരിൽ നിന്നും പഠിക്കുകയും ഞങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യുന്നു. നാലു വയസ്സിൽത്തന്നെ അഭ്യാസം തുടങ്ങുന്നു.

ചെറുപ്പത്തിൽത്തന്നെ അവർ പരമ്പരാഗത തൊഴിൽ പഠിക്കുകയും ജീവിതമാർഗ്ഗം ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. കലയും കൗശലവും കയ്യിലുറയ്ക്കുന്നതോടെ ബാല്യം പിന്നിടുമ്പോൾ അതുകൊണ്ടുജീവിക്കാൻ ശീലിക്കണം അവർക്ക്.

മഹാരാഷ്ട്രയിലെ “നന്ദിവാലെ” എന്ന സമൂഹം അവരുടെ കാളയുമായി ഭാവി പ്രവചിക്കാനിറങ്ങുന്നു. തങ്ങളെ ശ്രവിക്കാനിഷ്ടമുള്ളവരും കാളയ്ക്ക് മേയാൻ പുല്ലുകളും ഉള്ള സ്ഥലത്തുകൂടിയായിരിക്കും യാത്ര. ശിവഭക്തരായ ഇവർ മതവിശ്വാസത്തിന്റെ ഭാഗമായി പ്രതിഫലം ചോദിച്ചുവാങ്ങാറില്ല. ദക്ഷിണയായി സ്വീകരിക്കും.

ദക്ഷിണകൊണ്ട് ജീവിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടായിരിക്കാം നന്ദിവാലെ ഊരുചുറ്റൽ  കുറച്ചിരുന്നു. അവരുടെ ജീവിതരീതിയുടെ പ്രത്യേകതകൊണ്ട് കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക അവർക്ക് സാധ്യമായിരുന്നില്ല. മറ്റ് തൊഴിലുകളും തേടാനുള്ള അറിവ് അവർക്കുണ്ടായിരുന്നില്ല. *നന്ദുസാലുങ്കെ എന്ന നന്ദിവാല പറയുന്നു ” പൈതൃകമായി കിട്ടിയ ഈ തൊഴിൽ ഞങ്ങൾക്ക് ചെയ്യേണ്ടതുണ്ട്. മറ്റു വിദ്യാഭ്യാസമൊന്നും കിട്ടാത്തതിനാൽ മറ്റ് ഉപജീവനം അറിയില്ല”.

സംക്രമികരോഗത്തിന്റെ വരവോടുകൂടി അവരുടെ അവസ്ഥയും രാഷ്ട്രീയ പ്രാതിനിധ്യവുമെല്ലാം സംബന്ധിച്ച സംഭാഷണങ്ങൾ അവരുമായി കൈമാറുകയുണ്ടായി. തിരിച്ചറിയപ്പെടാത്തവരും അർദ്ധനാടോടികളുമായ അവർ കൊളോണിയൽ കാലം മുതൽ പരമ്പരാഗത കുറ്റവാളികളായും കുറ്റവാളികളുടെ ഗോത്രമായുമെല്ലാം വിളിക്കപ്പെട്ടു. ഇതിനുള്ള കാരണം ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലത്ത് ചിലയാളുകൾ അസാധാരണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. ഭരിച്ചിരുന്നവരാകട്ടെ അവരുടെ സമുദായത്തിൽപ്പെട്ട എല്ലാവരെയും ആ കണക്കിൽ എണ്ണുകയും “ജന്മകുറ്റവാളികളാ”യി കണക്കാക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.
1871 ലെ “ക്രിമിനൽ ട്രൈബ്സ് ആക്റ്റി”ന്റെ കീഴിൽ ഉൾക്കൊള്ളിക്കപ്പെട്ടിരിക്കുന്നു എന്നതിനാൽ ഇപ്പോഴും ചില ജാതികളിൽപ്പെട്ടവർക്ക് സ്ഥിരമായി നാടോടികളായി ജീവിക്കേണ്ടിവരുന്നു. ഈ മനുഷ്യത്വരഹിതമായ നിയമത്തിന്റെ ലക്ഷ്യം പ്രസ്തുത ഗോത്രങ്ങളുടെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയായിരുന്നു. യാത്ര അവരുടെ നിലനിൽപ്പിന്റെ അടിസ്ഥാന ആവശ്യമായിരുന്നിട്ടും  കൊളോണിയൽ നിയമം ഈ വിജ്ഞാപനത്തിലൂടെ അവരുടെ  നീക്കത്തെ നിയന്ത്രിക്കാൻ ശ്രമിച്ചു, ‘അങ്ങനെ നിശ്ചയിച്ചിട്ടുള്ള പരിധിക്കപ്പുറം’ കണ്ടെത്തിയവരെ അറസ്റ്റ് ചെയ്യുന്നതിനാണ് വ്യവസ്ഥ.

സ്വാതന്ത്ര്യാനന്തരം ഈ നിയമം റദ്ദാക്കുകയും സമുദായങ്ങളെ ‘കുറ്റവിമുക്തരാക്കുകയും’ ചെയ്തിട്ടുണ്ടെങ്കിലും, ഏതെങ്കിലും തരത്തിലുള്ള ഭരണപരമായ പിന്തുണയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന്റെ അനന്തരഫലങ്ങൾ മിക്ക നാടോടികൾക്കും ബാധകമാകുന്നത് തുടരുകയും  മാറ്റിനിർത്തപ്പെടുകയും  ചെയ്യുന്നു. അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങളോ പുനരധിവാസത്തിനുള്ള മാർഗ്ഗങ്ങളോ നൽകാൻ കേന്ദ്ര സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല.

പകർച്ചവ്യാധിയുടെ കാലം
വിവേചനപരമായ നയങ്ങളും അത് നീക്കം ചെയ്യുന്നതിൽ രാഷ്ട്രീയക്കാർ കാട്ടുന്ന അലംഭാവവും കാരണം സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളിവിടപ്പെട്ട സമുദായങ്ങൾ കോവിഡ് കാലമായതോടെ കൂടുതൽ ദുരിതത്തിലായി. വൈറസിന്റെ വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിലെ  സർക്കാരുകൾക്ക്  യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നത്  നാടോടിവിഭാഗങ്ങളുടെ  സ്വത്വത്തിന്റെയും നിലനിൽപ്പിന്റെയും അവിഭാജ്യ ഘടകമായ സഞ്ചാരം ഇല്ലാതാക്കിയതാണ് കാരണം.

നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ചന്തസ്ഥലങ്ങളിൽ യാത്ര ചെയ്യാനും അവരുടെ പരമ്പരാഗത തൊഴിലുകൾ നടത്താനും കഴിയാത്തതിനാൽ ജനക്കൂട്ടത്തെ ആകർഷിച്ച് നടത്തേണ്ട തലമുറകൾ പഴക്കമുള്ള അവരുടെ ജോലികൾ ചെയ്യാൻ കഴിയുന്നില്ല.  അങ്ങനെ സാമ്പത്തികമായി അവർ വല്ലാതെ തകരുന്നു.  മാത്രമല്ല, സർക്കാർ രേഖകളിൽ  അവരുടെ രേഖകളുടെ അഭാവവും ഔദ്യോഗികമായി അവരുടെ അസ്‌തിത്വം  പ്രാമാണീകരിക്കാൻ കഴിയാത്തതിനാൽ  നാടോടികളായ ഗോത്രങ്ങളിലെ ഭൂരിഭാഗം അംഗങ്ങൾക്കും സർക്കാർ സഹായങ്ങൾ ലഭ്യമാകുന്നതേയില്ല.

സംസ്ഥാനങ്ങളിലുടനീളമുള്ള യാത്രാ നിയന്ത്രണങ്ങൾ തന്റെ സമുദായത്തെ പുൽമേടുകളിലേക്ക്  പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നും ഇത് തന്റെ  പവിത്രമൃഗമായ  “നന്ദിബെയ്‌ലി”ന്റെ (കാള)  മരണത്തിലേക്ക് നയിച്ചതായും ഒരു നന്ദിബെയ്‌ൽ ഉടമയായ *അമിത് സാലുങ്കെ പറഞ്ഞു.

ഇതുപോലെതന്നെ കോവിഡ് നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിച്ച മറ്റൊരു സമൂഹമാണ് “നാഥ് പന്തി ദാവരി ഗോസവി” എന്ന സമുദായം. തെരുവിൽ നാടകം കളിച്ച് ജീവിക്കുന്ന ഇവർ സ്വന്തം നാടായ മഹാരാഷ്ട്രയിലെ ഭിഗ്‌വാൻ ഗ്രാമം വിട്ട് സ്റ്റേജ് ഷോകൾ നടത്തുന്നതിനായി  രാജ്യമാകെ  ചുറ്റിക്കറങ്ങും. ചിത്രത്തിൽ കാണുന്ന പോലീസ് വേഷം അത്തരത്തിലുള്ള ഒരു ഷോയിൽ അണിഞ്ഞതാണ്.
നേരത്തെ അവർ തെരുവു പ്രകടനങ്ങളിൽക്കൂടി വലിയ ആൾക്കൂട്ടത്തെ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ എവിടെയെങ്കിലും പ്രോഗ്രാം അവതരിപ്പിക്കാൻ ശ്രമിച്ചാൽ പോലീസ് തല്ലിയൊടിക്കുകയും സ്ഥിരമായി കാൽനടക്കാർ ആയതിനാൽ  പൊതുജനങ്ങൾക്കിടയിൽ കൊറോണാ വാഹകർ എന്ന പേര് ലഭിക്കുകയും ചെയ്തിരിക്കുന്നു.  പലതരത്തിൽ പതിറ്റാണ്ടുകളായി വേട്ടയാടപ്പെടുന്ന ഇവരുടെ അവസ്ഥ പരമദയനീയമാക്കുകയാണ് കോവിഡ് കാലം ചെയ്തത്.

നാടോടികളാണ് എന്നാൽ പൗരന്മാരാണ്
അജ്ഞാതരും ശ്രദ്ധിക്കപ്പെടാത്തവരുമായി ജീവിക്കുന്ന ഈ സമൂഹങ്ങളുടെ മേൽ അടിയന്തിരമായി സർക്കാരിന്റെ  ശ്രദ്ധ പതിയേണ്ടത് ആവശ്യമാണ്. സർക്കസ് കൊണ്ടും സംഗീതം കൊണ്ടും ഭാവി പ്രവചിച്ച്  ദക്ഷിണവാങ്ങിയുമെല്ലാം ജീവിക്കുന്ന ഇവരുടെ ജീവിതം സംക്രമികരോഗകാലത്തെ അതിജീവിക്കാൻ അപ്രാപ്യമാണ്. സ്വന്തം തൊഴിൽ ചെയ്യാൻ സാധ്യമാകാത്തതിനാൽ നഗരപ്രാന്തങ്ങളിൽ കഴിഞ്ഞുകൂടുന്ന അവർ തീർത്തും തൊഴിൽ രഹിതരാണ്.

ഇന്ത്യയിലെ നാടോടികളുടെ പൈതൃകം സംരക്ഷിക്കുക എന്നത്  സാംസ്‌കാരിക പ്രാധാന്യമുള്ള വിഷയമൊന്നുമല്ല. ആശയറ്റ സാഹചര്യത്തിൽ അവരുടെ കലാരൂപങ്ങൾ വിറ്റഴിക്കാനുള്ള അവസരവും സർവ്വോപരി ജീവിക്കാനുള്ള അവകാശം നേടിക്കൊടുക്കുകയുമാണ് ആവശ്യം. സർക്കാരിന്റെ സഹായം കൂടാതെ അവരുടെ നിലനിൽപ്പ് അസാദ്ധ്യമാണ് ഇന്നത്തെ സാഹചര്യത്തിൽ.

പൗരൻ എന്ന നിലയിൽ നമുക്കോരോരുത്തർക്കും ചെയ്യാൻ കഴിയുന്ന കാര്യം സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തിൽ നാടോടികളെയും നമ്മുടെ സാമൂഹിക- സാംസ്‌കാരിക ഘടനയുടെ ഭാഗമായി ഉൾപ്പെടുത്തുകയും എല്ലാ പൗരാവകാശങ്ങളും അവർക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായത് തങ്ങളാൽ കഴിയുംവണ്ണം ചെയ്യുക എന്നതുമാണ്.

കടപ്പാട് : ദി വൈർ
(* ചിലരുടെ പേരുകൾ അവരുടെ സ്വകാര്യതയ്ക്കായി മാറ്റിയിരിക്കുന്നു)
 ————————————–
സ്വതന്ത്രപരിഭാഷ: സാലിഹ് റാവുത്തർ

Latest Stories

കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും; രണ്ട് പേര്‍ പിടിയില്‍

'ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും എംടി ശബ്ദമായി, സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത'; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

നിരാശ എങ്കിലും ആദ്യ ദിനത്തില്‍ പണി പാളിയില്ല; 'ബറോസ്' ഗംഭീര കളക്ഷനുമായി മുന്നില്‍, റിപ്പോര്‍ട്ട് പുറത്ത്

ഇടയ്ക്കൊക്കെ ചെറുപുഞ്ചിരി സമ്മാനിച്ചു.. ആ വിരല്‍ത്തണുപ്പ് ബാക്കിനില്‍ക്കുന്ന എഴുത്തോല മതി ഒരായുസ്സിലേക്ക്: മഞ്ജു വാര്യര്‍

2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ

സ്വന്തം ജീവിതം കൊണ്ട് എംടി തീർത്തത് കേരളത്തിന്റെ സംസ്‌കാരിക ചരിത്രം; അദ്ദേഹത്തിന്‍റെ വാക്കുകൾ തീവ്രമായിരുന്നു: വി ഡി സതീശൻ

എന്റെ എംടി സാര്‍ പോയല്ലോ, അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ ആവില്ല..; വേദനയോടെ മോഹന്‍ലാല്‍

ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്