ഏറ്റവും ഉയര്‍ന്ന ശമ്പളം ഏത് ജോലിക്കു കൊടുക്കാം? കയ്യടി നേടി ലോക സുന്ദരിയുടെ ഉത്തരം

മാനുഷി ഛില്ലറുടെ ആ ഒരു ഉത്തരത്തിന് തന്നെ കൊടുക്കാം ലോകസുന്ദരിപ്പട്ടം. മത്സരത്തില്‍ പങ്കെടുക്കാനെത്തിയ 130 പേരെയും തോല്‍പ്പിച്ച് വിശ്വസുന്ദരിപ്പട്ടം 17 വര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തിച്ച മാനുഷി ഛില്ലറുടെ പ്രകടനമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഇന്ത്യയ്ക്ക് അഭിമാനമായ ഹരിയാനക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മാനുഷി ഛില്ലര്‍ മത്സര വേദിയില്‍ പറഞ്ഞ ഒരു ഉത്തരമാണ് ഇതില്‍ ഏറെയും ചര്‍ച്ച ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം ഏത് ജോലിക്ക് കൊടുക്കാം. എന്തിന് കൊടുക്കാം എന്നായിരുന്നു പരിപാടിയുടെ അവതാരകയുടെ ചോദ്യം. ഈ ചോദ്യത്തിന് മുന്നില്‍ ഒട്ടും പതറാതെ മൈക്ക് വാങ്ങിയ ഛില്ലര്‍ പറഞ്ഞു. അമ്മയ്ക്കാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം കൊടുക്കേണ്ടതെന്ന്. പണത്തിന്റെ കാര്യമല്ല. അവര്‍ക്ക് സ്‌നേഹവും കരുതലുമാണ് ശമ്പളമായി നല്‍കേണ്ടത്. ലോക സുന്ദരിയെ പ്രഖ്യാപിക്കുന്ന വേദിയില്‍ ഛില്ലര്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു. നിറകയ്യടിയോടെയാണ് സദസ് ഛില്ലറുടെ വാക്കുകളെ അഭിന്ദിച്ചത്.

ലോക സുന്ദരിയാകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ഛില്ലര്‍. രണ്ടായിരത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ചോപ്രയാണ് അവസാനമായി ഈ നേട്ടം കൈവരിച്ചത്. ഫെമിന മിസ് ഇന്ത്യയില്‍ വിജയിച്ചാണ്് ലോക സുന്ദരിപ്പട്ടത്തിന് മത്സരിക്കാന്‍ മാനുഷി യോഗ്യത നേടിയത്.