ക്രിസ്തുമസും പുതുവർഷവും അടക്കം ഒരു ആഘോഷക്കാലമാണ് കടന്നുപോയത്. മുതിർന്നവരും കുട്ടികളുമുൾപ്പെടെ കൈമാറിയ സമ്മാനങ്ങൾക്ക് ഒരു കണക്കുമുണ്ടാകില്ല. സാന്റയുടെ വകയായും പുതുവത്സര സമ്മാനമായുമൊക്കെ കുട്ടികൾക്ക് സമ്മാനങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ അവരുടെ സമ്മാനക്കൊതി അതിരു വിടുന്നുണ്ടോ എന്ന് മിക്ക മാതാപിതാക്കളും ശ്രദ്ധിക്കാറില്ല. മക്കൾ പറയുന്നതെന്തും വാങ്ങിച്ചു കൊടുത്താലേ മാതൃകാ രക്ഷകർത്താക്കൾ ആകുകയുള്ളു എന്ന ധാരണ തീർത്തും അബദ്ധമാണ്. അവർക്ക് ആവശ്യമുള്ളതും ആഗ്രഹിക്കുന്നതും വാങ്ങിക്കൊടുക്കുമ്പോൾ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള നിർബന്ധ ബുദ്ധി അവരിൽ വളരുന്നുണ്ടോ എന്ന് എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. അത്തരത്തിൽ കുട്ടികളുടെ അതിരു വിടുന്ന സമ്മാനക്കൊതിയും നിർബന്ധ ബുദ്ധിയും അവരുടെ സ്വഭാവത്തിലൂടെ തന്നെ തിരിച്ചറിയാം.
സമ്മാനങ്ങൾ വാങ്ങിക്കൊടുക്കാൻ കുട്ടികൾ ചെറിയ രീതിയിലൊക്കെ വാശി പിടിക്കുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് ചെറുപ്രായത്തിൽ. എന്നാൽ സ്വാഭാവികമായ വാശിക്ക് പുറത്തേക്ക് അത് വളർന്നാൽ അപകടകരമാണ്. സ്വാഭാവികമായ വാശിയും അപകടകരമായ വാശിയും തിരിച്ചറിയാൻ കുട്ടികളിലെ ഈ സ്വഭാവരീതികൾ ശ്രദ്ധിച്ചാൽ മതി.
ആവശ്യങ്ങൾ നടക്കാതെ വരുമ്പോൾ സാധനങ്ങൾ വലിച്ചെറിയൽ
ആവശ്യങ്ങൾ നടക്കാതെ വരുമ്പോൾ അല്ലെങ്കിൽ ചോദിക്കുന്ന സാധനങ്ങൾ വാങ്ങിച്ചു കൊടുക്കാതിരിക്കുമ്പോൾ കൈയിൽ കിട്ടുന്ന സാധനം വലിച്ചെറിയുന്ന സ്വഭാവം നിങ്ങളുടെ കുട്ടിക്ക് ഉണ്ടെങ്കിൽ അത് അൽപ്പം ഗൗരവമുള്ള കാര്യമാണ്. തന്റെ ആവശ്യങ്ങളെല്ലാം നടക്കും അല്ലെങ്കിൽ ആഗ്രഹിക്കുന്നതെല്ലാം വാങ്ങിച്ചു തരുമെന്ന മനോഭാവമുള്ള കുട്ടികളാണ് ആവശ്യങ്ങൾ നിരാകരിക്കപ്പെടുമ്പോൾ സാധനങ്ങൾ വലിച്ചെറിയുക. ഇത്തരം സ്വഭാവങ്ങൾ മുളയിലേ നുള്ളേണ്ടത് ആവശ്യമാണ്. എല്ലാ ആവശ്യങ്ങൾക്കും ഒരു അതിര് വെക്കുകയും പറഞ്ഞ് മനസ്സിലാക്കി കുട്ടികളിലെ ദേഷ്യത്തെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുകയും വേണം.
ആവശ്യം നടന്നാൽ പുതിയ സാധനങ്ങൾക്കായുള്ള വെമ്പൽ
വാശി പിടിച്ച് ആവശ്യങ്ങളും ആഗ്രഹിക്കുന്ന സാധനങ്ങളും നേടിക്കഴിയുമ്പോൾ അവയോടുള്ള ആവേശം കുറയുകയോ നശിപ്പിച്ച് കളയുകയോ പുതിയ ആവശ്യങ്ങളുമായി രംഗത്ത് വരികയോ ചെയ്യുന്നത് കുട്ടികളിലെ നിർബന്ധബുദ്ധിയുടെ സൂചനയാണ്. കളിപ്പാട്ടങ്ങളോ മറ്റ് സമ്മാനങ്ങളോ ഉപയോഗിക്കുക എന്നതിനേക്കാളും അവ സ്വന്തമാക്കുക എന്നത് മാത്രമാണ് കുട്ടിയുടെ ലക്ഷ്യമെങ്കിൽ അത് തടയേണ്ടതാണ്. അങ്ങനെയുള്ള കുട്ടികൾക്ക് വസ്തുക്കളുടെ മൂല്യം മനസ്സിലാക്കി കൊടുക്കുകയും സമ്മാനങ്ങൾ നൽകുന്ന പതിവ് കുറയ്ക്കുകയും ചെയ്യണം.
ഉപയോഗിക്കാത്ത കളിപ്പാട്ടങ്ങൾ ഉപേക്ഷിക്കാൻ മടി
വർഷങ്ങളായി ഉപയോഗിക്കാത്തതാണെങ്കിൽ പോലും ചില കളിപ്പാട്ടങ്ങളും അവരുടേതായ സാധനങ്ങളും മറ്റുള്ളവർക്ക് നൽകാനോ ഉപേക്ഷിക്കാനോ ചില കുട്ടികൾക്ക് മടിയായിരിക്കും. തങ്ങൾക്ക് ഇനിമേലിൽ ആവശ്യമുള്ളതല്ലെങ്കിൽ കൂടിയും അവർ അത് മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാൻ വാശിപിടിക്കും. അവരുടെ വാശിയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആവശ്യക്കാർക്കായി സാധനങ്ങൾ വിട്ടുകൊടുക്കുന്നതിലെ നന്മ അവരെ ബോദ്ധ്യപ്പെടുത്തുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്.
കുട്ടികൾ ആഗ്രഹിക്കുന്നതെന്തും വാങ്ങിച്ചു കൊടുത്തും അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്തുമല്ല എപ്പോഴും കുട്ടികളോടുള്ള സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കേണ്ടത്. അവരോടൊപ്പം ചെലവഴിക്കാൻ അൽപ്പസമയം മാറ്റിവെച്ചും പങ്കുവെയ്ക്കലിന്റെയും വിനയത്തിന്റെയും പരോപകാരത്തിന്റെയും നല്ല പാഠങ്ങൾ പറഞ്ഞുകൊടുത്തും കുട്ടികളെ നമുക്ക് സ്നേഹിക്കാം. എന്തിനും ഏതിനും സമ്മാനങ്ങൾ വാരിക്കോരി കൊടുക്കാതെ അവരിലെ കഴിവുകളും നന്മകളും തിരിച്ചറിയുകയും അവയെ അംഗീകരിക്കുകയുമാണ് ഉത്തമ മാതാപിതാക്കൾ ചെയ്യേണ്ടത്.