പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ഹാനികരമാണെന്ന് അറിഞ്ഞിട്ടും പുക വലിക്കുന്നവരാണ് നമുക്ക് ചുറ്റും. ശ്വാസകോശത്തെ മാത്രമാണ് ഇവ ദോഷകരമായി ബാധിക്കുക എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. നമ്മുടെ ശരീരത്തിലെ എറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിനെയും കാര്യമായി ബാധിക്കുന്ന ഒന്നാണ് പുകവലി. എങ്ങനെയാണ് പുകവലി തലച്ചോറിനെ ബാധിക്കുന്നതെന്ന് നോക്കാം.
തലച്ചോറിന്റെ വ്യാപ്തം കുറയാൻ കാരണമാകുന്നു
തലച്ചോറിന്റെ വ്യാപ്തവും വലിപ്പവും വർധിച്ച ബുദ്ധിശക്തിയും ബൗദ്ധിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഒരു മനുഷ്യൻ പുക വലിക്കുമ്പോൾ തലച്ചോറിന്റെ സബ്‌കോർട്ടികൽ ഭാഗത്തെ അത് നേരിട്ട് ബാധിക്കും. വികാരം, ഓർമശക്തി, സന്തോഷം, ഹോർമോൺ ഉത്പാദനം എന്നിവയുമായി സബ്‌കോർട്ടികൽ ഭാഗത്തിന് ബന്ധമുണ്ട്. അതിനാൽ പുകവലി വലിക്കുന്നവരിൽ തലച്ചോറിന്റെ വ്യാപ്തി കുറഞ്ഞുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.
മറവി രോഗം
പല കാരണങ്ങൾ കൊണ്ട് മറവി രോഗം ഉണ്ടായേക്കാം. എന്നാൽ പുകവലിയിലൂടെ മറവിരോഗത്തിനുള്ള സാധ്യത വർധിക്കുകയാണ് ചെയ്യുക. നിക്കോട്ടിൻ ഉപയോഗിക്കുന്നതിലൂടെ ഈ സാധ്യത കുറയ്ക്കാൻ സാധിക്കുമെങ്കിലും പുകവലി തലച്ചോറിനെ ദോഷമായി ബാധിക്കുക തന്നെയാണ് ചെയ്യുന്നത്.
പക്ഷാഘാതത്തിനുള്ള സാധ്യത
പുകവലിക്കാത്ത ഒരു മനുഷ്യനെ അപേക്ഷിച്ച് ഇരുപതിലധികം സിഗരറ്റ് വലിക്കുന്ന ഒരാൾക്ക് പക്ഷാഘാതം വരാനുള്ള സാധ്യത ആറിരട്ടിയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. പുകവലിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന അപകടകാരികളായ രാസവസ്തുക്കൾ ശ്വാസകോശത്തിൽനിന്ന് രക്തത്തിലേക്ക് കലരുകയും ഇവ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇതിലൂടെ രക്തചംക്രമണവ്യവസ്ഥയെ കാര്യമായി ബാധിക്കുകയും പക്ഷാഘാതം അഥവാ സ്ട്രോക്ക് വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
തലച്ചോറിലെ ക്യാൻസറിന് കാരണമാകും
ശ്വാസകോശാർബുദത്തിന് കാരണമാകുന്നത് പോലെ തലച്ചോറിലെ കാൻസറിനും കാരണമാകും എന്ന് ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞു. നിക്കോട്ടിൻ ശ്വാസകോശ അർബുദ കോശങ്ങൾ തലച്ചോറിലേക്ക് പകരുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്. 281 ശ്വാസകോശ അർബുദരോഗികളിൽ നടത്തിയ പഠനങ്ങളിൽ പുകവലിക്കുന്നവരിൽ ബ്രെയിൻ കാൻസർ വരാനുള്ള സാധ്യത വളരെ കൂടതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബൗദ്ധികമായ ഇടിവിന് കാരണമാകുന്നു
Read more
പുകവലി തലച്ചോറിന്റെ പ്രായമാകൽ നേരത്തെയാക്കും. കൂടാതെ ഓക്സീകരണസമ്മർദം കൂടി അൽസ്ഹൈമേഴ്‌സ് രോഗം വരാനുള്ള സാധ്യതയും കൂട്ടും. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ , ടൈപ്പ് 2 പ്രമേഹം എന്നിവയെല്ലാം മറവിരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഉറക്കമില്ലായ്മ, ഉറക്ക പ്രശ്നങ്ങൾ എന്നിവയ്ക്കും പുകവലി കാരണമാകാറുണ്ട്. ഈ ലക്ഷണങ്ങൾ എല്ലാം മറവിരോഗം വരാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്.