മൊബൈല്‍ സ്‌ക്രീനില്‍ നോക്കി നടന്നു പോകുന്നവര്‍ ആണോ നിങ്ങള്‍? എങ്കില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ

ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും മാത്രമല്ല, നടക്കുമ്പോഴും കയ്യില്‍ മൊബൈല്‍ഫോണും കൊണ്ട് നടക്കുക എന്നതാണല്ലോ എല്ലാവരുടെയും ശീലം. നടുറോഡിലൂടെ കയ്യിലെ മൊബൈല്‍ സ്‌ക്രീനും നോക്കി നടക്കുന്നവരില്‍ പലരും അപകടത്തിനിരയാവാറുണ്ട്.എന്നാലും ഇങ്ങനെ നടക്കുന്നവരുടെ എണ്ണം കൂടി വരുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് സത്യം.

ഇതുമൂലം ധാരാളം ആരോഗ്യപ്രശ്‌നങ്ങളും കൂടിവരികയാണ് എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ആംഗ്ലിക്ക റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയപ്പോള്‍ കണ്ടെത്തിയ ചില വിവരങ്ങള്‍ നോക്കാം.

വഴിയില്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ഇവര്‍ കൂടുതല്‍ ജാഗ്രതയുള്ളവര്‍ ആയിരിക്കും എന്ന് പഠനം കണ്ടെത്തി. അങ്ങനെയുള്ളപ്പോള്‍ ഫോണില്‍ തുടരെത്തുടരെ നോക്കുന്നത് കുറയും. പ്ലോസ് വണ്‍ ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

സ്ഥിരമായി മൊബൈല്‍ നോക്കി നടക്കുന്നവരുടെ നടത്തം കാണാന്‍ തീരെ വൃത്തി കാണില്ല എന്നതാണ് ഒന്നാമത്തെ കാര്യം. വീഴാതിരിക്കാന്‍ കാലുകള്‍ വലിച്ചുനീട്ടി വച്ച് ജാഗ്രതയോടെയായിരിക്കും ഇവര്‍ നടക്കുക.

ഇങ്ങനെ ഫോണ്‍ നോക്കി നടക്കുന്നവര്‍ക്ക് വഴിയില്‍ അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്.മറ്റുള്ള വഴിയാത്രക്കാരെയോ എതിര്‍ദിശയില്‍ നിന്നുവരുന്ന വാഹനങ്ങളെയോ ഇവര്‍ സാധാരണ ശ്രദ്ധിക്കാറില്ല.

മൊബൈല്‍ നോക്കി നടക്കുന്നവര്‍ക്ക് വേണ്ടി ഇപ്പോള്‍ ‘ടെക്സ്റ്റ് വാക്കിംഗ് ലെയ്ന്‍’ വരെ വന്നുകഴിഞ്ഞു. ബെല്‍ജിയത്തിലെ ആന്റ്വേര്‍പ്പ് പോലെയുള്ള നഗരങ്ങളില്‍ ഇങ്ങനെയുള്ള നടപ്പാതകളുണ്ട്. ഇങ്ങനെയുള്ള നടപ്പാതകളില്‍ മൊബൈല്‍ സ്‌ക്രീനിലൊക്കെ നോക്കി മറ്റുള്ളവര്‍ക്ക് ശല്യമാവാതെ മൊബൈല്‍ നോക്കി നടന്നുപോവാം. ചൈനയിലും ഇത്തരത്തിലുള്ള പാതകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

മൊബൈല്‍ നോക്കി ടെക്സ്റ്റ് ടൈപ്പ് ചെയ്തു നടക്കുന്നവര്‍ കാലുകള്‍ പതിനെട്ടു ശതമാനം കൂടുതല്‍ വലിച്ചു നീട്ടിയാണ് നടക്കുന്നത്. വഴിയിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. ഇങ്ങനെ നടക്കുമ്പോള്‍ വേഗതയാവട്ടെ ഫോണില്ലാതെ നടക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ 40% കുറയും. ഒരിക്കല്‍ ടൈപ്പ് ചെയ്തു കഴിഞ്ഞാലും അത് ശരിയാണോ എന്ന് പരിശോധിക്കാന്‍ ആളുകള്‍ മൊബൈലില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്.

Read more

കഴിഞ്ഞ വര്‍ഷം യൂണിവേഴ്‌സിറ്റി ഓഫ് ഡെലവെയറിലെ ഗവേഷകരും ഇതിനു സമാനമായ പഠനം നടത്തിയിരുന്നു. മൊബൈല്‍ സ്‌ക്രീനില്‍ നോക്കി ഡയല്‍ ചെയ്തു നടക്കുന്നവര്‍ എപ്പോഴും മുട്ടുകള്‍ വളച്ചാണ് നടക്കുന്നത്. വഴിയില്‍ അപകടം ഉണ്ടാവുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരം സ്വയമറിയാതെ എടുക്കുന്ന മുന്‍കരുതലാണ് ഇത്.