ജോലി ചെയ്യുമ്പോൾ പാട്ട് കേൾകുന്നവരാണോ നിങ്ങൾ? എളുപ്പമായി ജോലി ചെയ്യാൻ സഹായിക്കുന്നത് ഈ തരം പാട്ടുകളാണ്

ജോലി ചെയ്യുമ്പോൾ സംഗീതം ആസ്വദിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഏറ്റവും വിഷമമായ ജോലി സാഹചര്യങ്ങളെ പോലും സംഗീതം അനായാസമാക്കുന്നു. ജോലി ചെയ്യുന്നതിന് പുറമെ എന്തെങ്കിലും എഴുതുമ്പോഴോ വായിക്കുകയോ ചെയ്യുമ്പോൾ വരെ സംഗീതം ആസ്വദിക്കാറുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മൾ കേൾക്കുന്ന ഗാനങ്ങൾ നമ്മയുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ടോ എന്ന് നമ്മൾ പരിശോധിക്കാറുണ്ടോ?

ജോലി ചെയ്യുമ്പോൾ ഏത് തരം സംഗീതമാണ് കേൾക്കേണ്ടത്, വായിക്കുമ്പോൾ ഏതാണ് കേൾക്കേണ്ടത് എന്നിങ്ങനെയുള്ള ചില നിർദ്ദേശങ്ങൾ പരിശോധിക്കാം. “റോക്ക്, ഹിപ്-ഹോപ്പ് പോലുള്ള ഉയർന്ന തീവ്രതയുള്ള സംഗീതം വായന, പഠനം തുടങ്ങിയ വൈജ്ഞാനിക ജോലികൾ ചെയ്യുമ്പോൾ ശ്രദ്ധ തിരിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്ലാസിക്കൽ അല്ലെങ്കിൽ ലിറിക്കൽ സംഗീതം കേൾക്കുമ്പോൾ വ്യക്തികൾ ഫലപ്രദമായി പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിലെ വരികൾ അല്ലെങ്കിൽ ബീറ്റുകൾ അറിയാതെ തന്നെ നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയും നിങ്ങളുടെ ജോലിയിൽ ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്യുന്നു.

കൂടുതൽ സൃഷ്ടിപരമോ യാന്ത്രികമോ ആയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് ഓടക്കുഴലിന്റെയോ ശാന്തമായ ഉപകരണങ്ങൾ കൊണ്ടുള്ളതോ ആയ സംഗീതം പ്രയോജനകരമാണെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. ചിത്രകാരന്മാർ, ശിൽപികൾ എന്നിങ്ങനെയുള്ള ജോലി ചെയ്യുന്നവരോ വ്യായാമം, ജോഗിംഗ് പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കോ ഇത്തരം സംഗീതങ്ങൾ ഏകതാനതയെ തകർക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ആത്യന്തികമായി സംഗീതം വളരെ വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും താല്പര്യങ്ങൾക്കും അഭിരുചിക്കും അനുസരിച്ച് ഏത് തരം സംഗീതമാണ് കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാകാൻ സഹായിക്കുന്നതെന്ന് ആളുകൾ സ്വന്തമായി കണ്ടെത്തേണ്ടതുണ്ട്.