ആളുകളെ അമ്പരപ്പിക്കുകയും അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് സോഷ്യൽ മീഡിയയിലെ ചില വിഡിയോകൾ. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ആളുകളെ അത്ഭുതപ്പെടുത്തുന്നത്. ഒരു ടെസ്‌ല ഇലക്‌ട്രിക് കാറിൽ 10 അടി ഉയരമുള്ള ബഗ്ഗി വീലുകൾ ഘടിപ്പിച്ച് അതിവിദഗ്ധമായി തലകീഴായും അല്ലാതെയുമൊക്കെ ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്.
സയൻസ് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരാൾ ടെസ്‌ലയിൽ 10 അടി ബഗ്ഗി വീലുകൾ ഇട്ട് തലകീഴായി ഓടിക്കുന്നു’ എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഒരു വെളുത്ത ടെസ്‌ല കാർ വലിയ ബഗ്ഗി വീലുകളുമായി ഘടിപ്പിച്ച് ഓടിക്കുന്നത് വിഡിയോയിൽ കാണാം. പല വഴികളിലൂടെയും വളരെ സുഗമമായി ഓടുന്ന കാറിന് ബാലൻസിങ്ങിന്റെ പ്രശ്നമൊന്നും ഇല്ലാതെ റോഡിലൂടെ സഞ്ചരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഇടുങ്ങിയ റോഡുകളിലൂടെയും പർവതനിരകളിലൂടെയുള്ള റൂട്ടുകളിലൂടെയും ഒരു ബുദ്ധിമുട്ടും കൂടെയാണ് ബഗ്ഗി വീലുകളോടെയുള്ള ടെസ്‌ല കാർ ഓടുന്നത്. വീഡിയോയുടെ അവസാന ഭാഗത്ത് പരീക്ഷണത്തിന്റെ ലെവൽ ഒരു പടി കൂടി ഉയർത്താൻ തീരുമാനിക്കുകയാണ് ഡ്രൈവർ. ബഗ്ഗി വീലുകളോടെ തന്നെ തലകീഴായി കാർ ഓടിക്കുകയാണ് ഡ്രൈവർ.
Man puts 10ft buggy wheels on a Tesla and drives it upside down pic.twitter.com/Z8wxrQA6Dt
— Science (@ScienceGuys_) November 14, 2023
കാർ തലകീഴായി സഞ്ചരിക്കുന്ന വീഡിയോ നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ 2.7 മില്യൺ ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. വൈറലായ വീഡിയോയ്‌ക്കെതിരെ സമ്മിശ്ര പ്രതികരണമാണ് നെറ്റിസൺസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ചിലർ ഡ്രൈവറുടെ ധീരമായ പ്രവൃത്തിയെ അഭിനന്ദിച്ചപ്പോൾ മറ്റുള്ളവർ ഡ്രൈവർ നടത്തിയ സ്റ്റണ്ടിന്റെ പ്രായോഗികതയെയാണ് ചോദ്യം ചെയ്തത്.
ഈ വർഷം മാർച്ചിൽ യൂട്യൂബറായ വിസ്റ്റലിൻ ഡീസൽ ആണ് വീഡിയോ ആദ്യം യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. കാറുകൾ ഉപയോഗിച്ച് സ്റ്റണ്ട് ചെയ്യുന്നതിൽ അറിയപ്പെടുന്ന വിസ്റ്റലിന് യൂട്യൂബിൽ ധാരാളം ആരാധകരുണ്ട്. മിക്ക ഉപയോക്താക്കളും വീഡിയോയിലെ ടെസ്‌ല ഡ്രൈവറിന്റെ സർഗ്ഗാത്മകതയെ പ്രശംസിച്ചു.
Read more
വളരെയധികം ആരാധകരുള്ള ഒരു ഇലക്‌ട്രോണിക് കാറാണ് ടെസ്‌ല. പുതിയ ഫീച്ചറുകളും സിഇഒ ഇലോൺ മസ്‌കും കാരണം വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നാണ് ടെസ്‌ല. ടെസ്‌ലയുടെ ആദ്യ ഇലക്ട്രിക് കാർ, റോഡ്‌സ്റ്റർ 2008ലാണ് പുറത്തിറങ്ങിയത്. ടെസ്‌ല കാറുകൾ ഉടൻ തന്നെ ഇന്ത്യയിലും ലഭ്യമാകും.