ജനിച്ച് ആദ്യത്തെ കുറച്ച് മാസങ്ങളിൽ കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ച ഭക്ഷണമായി കണക്കാക്കപ്പെടുന്ന ഒന്നാണ് മുലപ്പാൽ. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള മുലപ്പാൽ പല രോഗങ്ങളിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കാൻ സഹായിക്കുന്നു. എന്നാൽ മുലപ്പാൽ ഉപയോഗിച്ച് സോപ്പുകളും ലോഷനുകളും നിർമിച്ച് വിൽക്കുകയാണ് ഒരമ്മ.
അമേരിക്കയിലെ ബ്രിട്നി എഡ്ഡി എന്ന സ്ത്രീയാണ് തന്റെ മുലപ്പാൽ ഉപയോഗിച്ച് സോപ്പ്, ബോഡി ലോഷൻ തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമിച്ച് വാർത്തകളിൽ ഇടം നേടിയത്. സോപ്പുകളും ലോഷനുകളും ക്രീമുകളും മറ്റ് നിരവധി ഉൽപ്പന്നങ്ങളും ബ്രിട്നി ഇതിനകം നിർമ്മിച്ചിട്ടുണ്ട്. ചുളിവുകൾ അകറ്റാനും തിളക്കം നൽകാനും ചർമ്മത്തെ ചെറുപ്പമാക്കാനും സഹായിക്കുന്നതിനാൽ മുലപ്പാൽ വളരെയധികം ഗുണം ചെയ്യുമെന്നും ബ്രിട്നി അവകാശപ്പെടുന്നു.
മുലപ്പാൽ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നതിനാൽ മുറിവുകളിലും ഇത് ഉപയോഗിക്കാം. ഇതോടെ ബ്രിട്നി സ്വന്തം ബിസിനസ്സ് ആരംഭിച്ച് സോഷ്യൽ മീഡിയയിലും വളരെ ജനപ്രിയയായി മാറിയിരിക്കുകയാണ്.
ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തന്റെ മുലപ്പാൽ ഉപയോഗിക്കാനുള്ള ആശയം തനിക്ക് എങ്ങനെ ലഭിച്ചുവെന്ന് ബ്രിട്ട്നി എഡ്ഡി അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ താൻ മുലപ്പാൽ ഫ്രിഡ്ജിൽ വച്ചപ്പോൾ ഭർത്താവ് ഫ്രിഡ്ജ് ഓണാക്കാൻ മറന്നുപോയതോടെ പാൽ നശിച്ചുവെന്നും ഇതോടെ അത് പാഴാക്കരുതെന്ന ചിന്തയിൽ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള ആശയത്തിൽ എത്തുകയുമായിരുന്നു.
പ്രായമാകൽ, സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ എന്നിവ അകറ്റാനും തിളക്കം നൽകാനും ചർമ്മത്തെ ചെറുപ്പമാക്കാനും മുലപ്പാൽ വളരെയധികം ഗുണം ചെയ്യുമെന്നാണ് ബ്രിട്നി പറയുന്നത്. മുലപ്പാലിൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ലോറിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ളതും ചർമ്മത്തെ തണുപ്പിക്കാൻ സഹായിക്കുമെന്നും ബ്രിട്നി പറയുന്നു.
മമ്മാസ് മാജിക് മിൽക്ക് എന്ന പേരിലാണ് ബ്രിട്നി തന്റെ ബിസിനസ്സ് ആരംഭിച്ചത്. ഒരു സോപ്പിന്റെ വില 30 ഡോളർ (2493 രൂപ). ക്രീം, ലോഷൻ എന്നിവയുടെ വില 15 ഡോളറാണ് (1,246 രൂപ). ഉത്പന്നങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ജനപ്രിയമായി മാറിയതോടെ ഓൺലൈനിലൂടെ ധാരാളം ഓർഡറുകൾ ലഭിക്കുന്നുവെന്നും ബ്രിട്നി പറഞ്ഞു.