ഇന്ത്യക്കാർക്ക് ചായ ഒരു വികാരമാണ്. ചായപ്രേമികളുടെ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ചായ ഒരു പാനീയത്തിനും അപ്പുറത്തേക്കുള്ള ഒന്നാണെന്നും പറയാം. ലോകമെമ്പാടും പലതരം രുചിയുള്ള ചായകളുണ്ട്. എന്നാൽ ഒരു കിലോയ്ക്ക് കോടികണക്കിന് വിലയുള്ള ലോകത്തിലെ ഏറ്റവും വില കൂടിയ ചായയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു അപൂർവമായ ചായയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.
പറഞ്ഞു വരുന്നത് ചൈനയിൽ കാണപ്പെടുന്ന ഡാ ഹോങ് പാവോ ചായയെക്കുറിച്ചാണ്. ചായയുടെ രാജാവ് എന്നറിയപ്പെടുന്ന ഡാ ഹോങ് പാവോയുടെ ഉയർന്ന നിലവാരവും ലഭ്യതക്കുറവും കാരണമാണ് ഇത്രയധികം വില. 2016-ൽ ഡാ ഹോങ് പാവോ ചായയുടെ ഒരു പാത്രത്തിന് 6,72,000 രൂപയായിരുന്നു വില. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ വുയി പർവതനിരകളിലാണ് ഡാ-ഹോങ് പാവോ കൃഷി ചെയ്യുന്നത്.
ആയിരകണക്കിന് വർഷം പഴക്കമുള്ള മാതൃ ചെടികളിൽനിന്നുള്ള തേയിലയാണ് ഇതിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്നത്. വുയി പർവ്വതനിരകളിലുള്ള ജിയുലോംഗ്യു പാറക്കെട്ടുകളിൽ ഡാ ഹോങ് പാവോയുടെ വെറും 6 മാതൃവൃക്ഷങ്ങൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. 2006 ൽ, വുയി നഗര സർക്കാർ 118 കോടി രൂപയ്ക്ക് ഇവ ഇൻഷ്വർ ചെയ്തിരുന്നു. അതിനാൽ ഇവയിൽ നിന്നും തേയില നുള്ളാൻ സ്വകാര്യവ്യക്തികൾക്ക് അനുവാദമില്ല.
നിലവിൽ വിപണിയിലുള്ള ഡാ ഹോങ് പാവോയുടെ ഭൂരിഭാഗവും കൃത്രിമമായി വളർത്തിയെടുത്തതാണ്. ഇക്കാരണത്താൽ ഇവയ്ക്ക് മാതൃവൃക്ഷങ്ങളിൽ നിന്നുള്ള തേയിലയുടെയത്ര ഗുണനിലവാരമില്ല. അതുകൊണ്ട് തന്നെ വിലയും കുറവാണ്.
വിലകൂടുതലുള്ള ഈ ചായയ്ക്ക് ധാരാളം ഗുണങ്ങളുമുണ്ട്. ഇതിൽ കഫീൻ, തിയോഫിലിൻ, ടീ പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഡാ ഹോങ് പാവോ കുടിക്കുന്നത് ക്ഷീണം ലഘൂകരിക്കുകയും രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. മദ്യപാനത്തിൻ്റെയും പുകവലിയുടെയും ദോഷഫലങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഡാ ഹോങ് പാവോയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾക്ക് ആൽക്കഹോൾ, നിക്കോട്ടിൻ എന്നിവ കുറയ്ക്കാന കഴിവുമുണ്ട്. ഡാ ഹോങ് പാവോ പതിവായി കുടിക്കുന്നത് ചർമ്മത്തിനും വളരെ നല്ലതാണ് എന്നാണ് പറയുന്നത്. നീർക്കെട്ട്, ശരീരഭാരം കുറയ്ക്കാനും ചുമ, കഫം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഇനി ഈ പേരിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് നോക്കാം. ഡാ ഹോങ് പാവോ എന്ന പേരിന് പിന്നിൽ നിരവധി കഥകളുണ്ട്. വലിയ ചുവന്ന അങ്കി എന്നാണ് ഡാ ഹോങ് പാവോ എന്ന വാക്കിന്റെ അർത്ഥം. ഈ പേര് വന്നതിനു പിറകിൽ ചൈനയിൽ പ്രചാരത്തിലുള്ള ഒരു കഥയുണ്ട്. അത് എങ്ങനെയാണെന്ന് നോക്കാം.
ഒരിക്കൽ ഒരു പരീക്ഷയ്ക്കായി ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്നു ഒരു പണ്ഡിതൻ. യാത്രാമധ്യേ അദ്ദേഹം രോഗബാധിതനായി. എന്നാൽ ടിയാൻക്‌സിൻ ക്ഷേത്രത്തിലെ ഒരു സന്യാസി അദ്ദേഹത്തെ കണ്ടെത്തുകയും പണ്ഡിതനുവേണ്ടി വുയി പർവതത്തിൽ നിന്ന് എടുത്ത തേയില ഉപയോഗിച്ച് ഒരു പാത്രം ചായ ഉണ്ടാക്കുകയും പണ്ഡിതൻ നൽകുകയും ചെയ്തു.
ചായ കുടിച്ചതോടെ പണ്ഡിതന്റെ ആരോഗ്യം മെച്ചപ്പെടുകയും അദ്ദേഹം ബെയ്ജിങ്ങിലേക്ക് പോവുകയും ചെയ്തു. പരീക്ഷയിൽ അദ്ദേഹം ഒന്നാം സ്ഥാനം നേടി. പിന്നീട് അദ്ദേഹം തിരികെ ക്ഷേത്രത്തിലെത്തി തന്നെ രക്ഷിച്ച സന്യാസിക്ക് നന്ദി പറയുകയും ചെയ്തു. ഈ സമയത്ത് രാജ്യത്തെ ചക്രവർത്തിയ്ക്ക് അസുഖം വന്നു. പണ്ഡിതൻ താൻ കുടിച്ച ചായയെക്കുറിച്ച് ചക്രവർത്തിയോട് പറയുകയും ചായ കുടിച്ച് അദ്ദേഹത്തിന്റെ അസുഖം മാറുകയും ചെയ്തു.
Read more
ചക്രവർത്തി നന്ദിസൂചകമായി പണ്ഡിതന് ഒരു ചുവന്ന നിറത്തിലുള്ള അങ്കി സമ്മാനിച്ചു. അക്കാലത്ത് ചുവന്ന മേലങ്കി ഉയർന്ന ബഹുമതിയായി കണക്കാക്കപ്പെട്ടിരുന്നു. ചുവന്ന അങ്കി തേയില മരത്തിൽ ഇടാൻ ചക്രവർത്തി പണ്ഡിതനോട് ആവശ്യപ്പെട്ടു. ഈ സ്ഥലത്തിലൂടെ കടന്നു പോകുന്ന എല്ലാ ഉദ്യോഗസ്ഥരും ചക്രവർത്തിയുടെ രോഗശാന്തിക്ക് നന്ദി പ്രകടിപ്പിക്കുന്നതിനായി അവരുടെ ചുവന്ന വസ്ത്രങ്ങൾ തേയിലമരങ്ങളിൽ ഇടണമെന്ന് ചക്രവർത്തി ഉത്തരവിട്ടു. അതിനുശേഷം, തേയില മരങ്ങൾക്ക് ബിഗ് റെഡ് റോബ് എന്ന് പേരിട്ടു. ഇത് ചൈനീസ് ഉച്ചാരണത്തിൽ ഡാ ഹോങ് പാവോ എന്നാണ്.