യാത്രകൾ രസകരമാണ്. എന്നാൽ എന്തുകൊണ്ടാണ് പല യാത്രകളും പലപ്പോഴും സമ്മർദ്ദകരമായി മാറുന്നത്? അപ്രതീക്ഷിതമായ തടസ്സങ്ങൾ, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയവയാൽ രസകരമായ ഒരു അവധിക്കാലം വലിയ സമ്മർദ്ദമായി മാറാറുണ്ട്. ആ ആശങ്കകൾ കുറയ്ക്കാൻ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളിലൊന്ന് തിരഞ്ഞെടുത്ത് യാത്ര പോകാൻ ശ്രദ്ധിക്കാവുന്നതാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് ആൻഡ് പീസ് തയാറാക്കിയ പട്ടികയിൽ ഇടം പിടിച്ച ആദ്യ പത്ത് രാജ്യങ്ങൾ ഏവർക്കും യാത്ര പോകാൻ സാധിക്കുന്നവയാണ്. ആഗോള സമാധാന സൂചിക ഒരു രാജ്യത്തിന്റെ സമാധാനം അല്ലെങ്കിൽ അക്രമത്തിന്റെ അഭാവം മൂന്ന് പ്രധാന മേഖലകളിലൂടെയാണ് അളക്കുന്നത്. ആഭ്യന്തരവും അന്തർദേശീയവുമായ സംഘർഷം, സാമൂഹിക സുരക്ഷ, സുരക്ഷയും സൈനികവൽക്കരണവും.
ആഗോള സമാധാന സൂചിക അനുസരിച്ച് ആദ്യ പത്തിൽ വരുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
ഐസ്‌ലാൻഡ് :ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമെന്ന പദവി 17 വർഷമായി നിലനിർത്തുന്ന രാജ്യമാണ് ഐസ്‌ലാൻഡ്. ലോകത്ത് ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനവും ഐസ്‌ലാൻഡിനാണ്. എന്നാൽ തീവ്രവാദത്തിൻറെ സ്വാധീനവും നരഹത്യ നിരക്കിലെ വർദ്ധനവും ഐസ്‌ലാൻഡിന്റെ സ്കോറിൽ ഇത്തവണ 4% ഇടിവ് രേഖപ്പെടുത്തി.
ഡെൻമാർക്ക് : മുൻവർഷത്തെ ലിസ്റ്റിൽ നാലാം സ്ഥാനത്തായിരുന്ന ഡെന്മാർക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് നേടിയിരിക്കുന്നത്. രാജ്യത്തിൻറെ ജിഡിപിയുടെ 4% മാത്രമാണ് ഇവിടെ അക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.
അയർലൻഡ്: ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തന്നെയാണ് അയർലൻഡ്. ആദ്യം പത്തിൽ പലപ്പോഴും അയർലൻഡ് സ്ഥാനം പിടിച്ചിരുന്നില്ല.ഇ എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടത്തിയ മുന്നേറ്റത്തിന്റെ ഫലമായാണ് ഇത്തവണയും ആദ്യ പത്തിൽ ഇടം നേടിയത്. ആതിഥ്യമര്യാദയ്ക്കും അവിശ്വസനീയമായ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ് അയർലൻഡ്.
ന്യൂസിലാൻഡ്: ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യം കൂടിയാണ് നാലാം സ്ഥാനത്ത് എത്തിയ ന്യൂസിലാൻഡ്. കുറ്റവാളികളുടെ എണ്ണം, തീവ്രവാദ ആഘാതം തുടങ്ങിയവയിൽ ന്യൂസിലാൻഡിന് ഇക്കുറി പുരോഗതിയുണ്ട്.
ഓസ്ട്രിയ: ഏറ്റവും സമാധാനപരമായ അഞ്ചാമത്തെ രാജ്യം ഓസ്ട്രിയ ആണ്. അക്രമത്തിനെതിരെ വളരെ കുറഞ്ഞ തുകയാണ് രാജ്യത്ത് ചെലവഴിക്കുന്നത് എന്നത് ഓസ്ട്രിയയുടെ എടുത്തു പറയേണ്ട ഒരു കാര്യമാണ്.
സിംഗപ്പൂർ : ഇത്തവണ മൂന്ന് സ്ഥാനങ്ങൾ മുന്നോട്ടു കയറിയാണ് സിംഗപ്പൂർ ആറാം സ്ഥാനത്തെത്തിയത്. സൈനിക മേഖലയിൽ താരതമ്യേന ഉയർന്ന ചെലവാണ് ഇവിടെയുള്ളത്. ഏഷ്യ – പസഫിക് മേഖലയിൽ സിംഗപ്പൂരിനു രണ്ടാം സ്ഥാനമാണുള്ളത്.
പോർച്ചുഗൽ : ഏറ്റവും സമാധാനപരമായ രാജ്യങ്ങളിൽ ഇത്തവണയും എഴാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് പോർച്ചുഗൽ. സൈനികവൽക്കരണത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന പോർച്ചുഗൽ, യൂറോപ്പിലെ ഏറ്റവും സമാധാനപരമായ അഞ്ചാമത്തെ രാജ്യമാണ്.
സ്ലോവേനിയ : മധ്യ യൂറോപ്പിൽ ആദ്യ പത്തിൽ ഇടം നേടിയ ഒരേയൊരു രാജ്യമാണ് സ്ലോവേനിയ. കഴിഞ്ഞ വർഷത്തെ സൂചികയിൽ നിന്നും ഒരു റാങ്ക് താഴെപ്പോയ സ്ലോവേനിയ ഇക്കുറി എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്. സൈനികവൽക്കരണത്തിൽ അഞ്ചാം സ്ഥാനത്താണ് സ്ലോവേനിയ.
ജപ്പാൻ : മുൻവർഷത്തേതിനെക്കാൾ ഒരു റാങ്ക് മുന്നോട്ട് കടന്ന് ഒൻപതാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ജപ്പാൻ. ഏഷ്യ പസഫിക് മേഖലയിൽ മൂന്നാം സ്ഥാനത്താണ് രാജ്യം. ചൈനയുമായും ഉത്തരകൊറിയയുമായും അതിർത്തി പങ്കിടുന്ന കാരണത്താൽ സ്വയം പ്രതിരോധത്തിനായി വലിയ തുകയാണ് ജപ്പാൻ ചെലവഴിക്കുന്നത്.
Read more
സ്വിറ്റ്സർലൻഡ് : ലോകത്തിലെ ഏറ്റവും സമാധാനപരമായ ആദ്യ 10 രാജ്യങ്ങളിൽ സ്വിറ്റ്‌സർലൻഡുമുണ്ട്. 2023 ൽ പ്രതിശീർഷ ആയുധ കയറ്റുമതി ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സർലൻഡ് എന്നതും പ്രത്യേകതയാണ്.