24 മണിക്കൂറും കാവൽക്കാർ, പരിപാലനത്തിനായി ഓരോ വർഷവും 15 ലക്ഷം രൂപ. ഇന്ത്യയിലെ ഒരു വിഐപി വൃക്ഷത്തിനെകുറിച്ചാണ് പറഞ്ഞു വരുന്നത്. മധ്യപ്രദേശിൽ സാഞ്ചിയിലെ ബുദ്ധിസ്റ്റ് സർവകലാശാലയിലെ ഒരു കുന്നിനു മുകളിലായാണ് വിഐപി വൃക്ഷമായ ഈ ബോധി വൃക്ഷം സ്ഥിതി ചെയ്യുന്നത്. ബുദ്ധമതത്തിൽ ബോധി വൃക്ഷത്തിന് പ്രത്യേക പ്രാധാന്യമുള്ളതിനാൽ തന്നെ ഇവ വളരെ കരുതലോടെയാണ് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നത്.
കാവലിന് പുറമെ വൃക്ഷത്തിന്റെ പരിപാലനത്തിനും വളരെയധികം ശ്രദ്ധ കൊടുത്താണ് സർക്കാർ സംരക്ഷിക്കുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും വൃക്ഷത്തിന് കേടുപാടുകൾ ഉണ്ടാകുന്നില്ലെന്ന എന്ന് ഉറപ്പുവരുത്താനായി മരത്തിന് ചുറ്റും 15 അടി ഉയരത്തിൽ ഒരു കമ്പി വേലിയും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ രണ്ട് കാവൽക്കാർ 24 മണിക്കൂറും കാവൽ നിൽക്കുകയും ചെയ്യും. പോലീസ്, റവന്യൂ, ഹോർട്ടികൾച്ചർ വകുപ്പുകൾ, സാഞ്ചി മുനിസിപ്പൽ കൗൺസിൽ എന്നിവരുടെയെല്ലാം നിരന്തരമായ നിരീക്ഷണത്തിലാണ് ബോധി വൃക്ഷം.
വൃക്ഷത്തിന്റെ ഒരു ഇല വീണാൽ പോലും ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും. മാത്രമല്ല, 15 ദിവസത്തിൽ ഒരിക്കൽ വൈദ്യപരിശോധന നടത്തിയ ശേഷം വളവും വെള്ളവും ക്രമീകരിക്കുകയും ചെയ്യും. വൃക്ഷത്തിന് ആവശ്യമായ ജലത്തിനായി മധ്യപ്രദേശ് സർക്കാർ സമീപത്തായി ഒരു ജല സംഭരണിയും ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ഈയിടെയായി ലീഫ് കാറ്റർപില്ലർ എന്ന കീടബാധയേറ്റ് മരത്തിന്റെ ഇലകൾ ഉണങ്ങിക്കിടക്കുന്നതിനാൽ വൃക്ഷത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. മരത്തിന് നേരെയുണ്ടായ കീടങ്ങളുടെ ആക്രമണം ചികിത്സിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് സുരക്ഷാ ജീവനക്കാർ പറയുന്നത്.
വൃക്ഷം ഇത്തരത്തിൽ സംരക്ഷിക്കപ്പെടുന്നതിന് പിന്നിൽ രസകരമായ ഒരു ചരിത്രമുണ്ട്. 2500 വർഷങ്ങൾക്ക് മുമ്പ് ഉത്തരേന്ത്യയിലെ ഒരു മരത്തിന്റെ ചുവട്ടിൽ ധ്യാനിക്കുന്നതിനിടയിൽ ബുദ്ധൻ ജ്ഞാനോദയം നേടിയതായി പറയപ്പെട്ടതോടെയാണ് ബോധിവൃക്ഷത്തിന്റെ കഥ ആരംഭിക്കുന്നത്. പിന്നീട് ബുദ്ധമതത്തിലും ഹിന്ദുമതത്തിലും വൃക്ഷത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ബുദ്ധമതത്തിന്റെ അനുയായികൾ ഈ വൃക്ഷത്തെ ആരാധിക്കാനും തുടങ്ങി. മിക്ക ബുദ്ധമത കേന്ദ്രങ്ങളിലും പിന്നീട് ഈ മരം നട്ടു തുടങ്ങി.
അതേസമയം, അശോക ചക്രവർത്തി സമാധാനം തേടി പോയതും ഈ വൃക്ഷത്തിന്റെ ചുവട്ടിൽ നിന്നാണെന്നാണ് ചരിത്രം. ബോധി വൃക്ഷം അഥവാ ജ്ഞാനോദയത്തിന്റെ വൃക്ഷം എന്നാണ് ഈ വൃക്ഷം അറിയപ്പെടുന്നത്. ബിസി 250-ൽ അശോക ചക്രവർത്തി ഈ വൃക്ഷം സന്ദർശിക്കുകയും അവിടെ ക്ഷേത്രം നിർമിക്കുകയും ചെയ്തു. പിന്നീട് ശ്രീലങ്കയുടെ ദേവനാമ്പിയ തിസ്സ രാജാവിന് സമ്മാനമായി അശോകൻ ഈ മരത്തിന്റെ ഒരു ചെറിയ ശാഖ ശ്രീലങ്കയിലേക്ക് അയക്കുകയും ദേവനാമ്പിയ തിസ്സ രാജാവ് തലസ്ഥാനമായ അനുരാധപുരയിൽ വൃക്ഷം നട്ടു പിടിപ്പിക്കുകയും ചെയ്തു.
റെയ്‌സൻ ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് സാഞ്ചി. വർഷങ്ങൾക്ക് മുൻപാണ് ഇവിടെ ബുദ്ധ സർവകലാശാല സ്ഥാപിക്കപ്പെട്ടത്. ഈ സർവ്വകലാശാലയുടെ കുന്നിലാണ് ബോധി വൃക്ഷം നട്ടുപിടിപ്പിച്ചത്. 2012-ൽ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റായ മഹിന്ദ രാജപക്‌സെ ഇന്ത്യ സന്ദർശിച്ചപ്പോൾ ചരിത്രപ്രസിദ്ധമായ ബോധിവൃക്ഷത്തിന്റെ തണലിൽ വളരുന്ന ഒരു ശാഖ കൊണ്ടുവരികയും സാഞ്ചിയിൽ അന്നത്തെ മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിൽ നടുകയും ചെയ്തു. മരത്തിന്റെ സംരക്ഷണത്തിനായി ഇതുവരെ ലക്ഷകണക്കിന് രൂപയാണ് സർക്കാർ ചെലവഴിച്ചത്.