ഭൗമാന്തര താപവും ഭൗമ കാലാവസ്ഥയും

ഭൗമാന്തര താപ ഊര്‍ജത്തെ വൈദ്യുതി നിര്‍മാണത്തിനും കടുത്ത ശൈത്യ അവസ്ഥയില്‍ നിന്ന് രക്ഷനേടാനുള്ള ഉപാധിയായും പലയിടങ്ങളിലും ഏതാനും ദശകങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്നതിനെ കഴിഞ്ഞ ഭാഗത്ത് സൂചിപ്പിച്ചിരുന്നു. ഭൂമിയിലെ മഹാ സമുദ്രങ്ങളും, കടലുകളും, കരഭാഗങ്ങളും എല്ലാം നിലനില്‍ക്കുന്നത് ഭൂമിക്കുള്ളില്‍ ദ്രവാവസ്ഥയില്‍ ഉരുകി തിളയ്ക്കുന്ന മാഗ്മക്ക് മേല്‍ ബലമേറിയ ഭൂഫലകങ്ങളിലാണ് (ക്രസ്റ്റ് / ടക്‌റ്റോണിക്ക് പ്ലെറ്റ്‌സ്). ചെറുതും വലുതുമായ ഏറെ ഭൂഫലകങ്ങള്‍ ചേര്‍ന്നതാണ് ഈ ബാഹ്യ ആവരണം. ഭൗമഫലകത്തിന് എല്ലാ ഭാഗത്തും ഒരേ ഘടനയല്ല. 3 KM മുതല്‍ 100 KM വരെ കട്ടിയുള്ള ഭൂഫലത്തെ പല അടരുകളായി തരം തിരിച്ചിട്ടുണ്ട്. കര പ്രദേശത്തെ മുകള്‍ പരപ്പിനെ ജൈവ തട്ട് (ഓര്‍ഗാനിക്ക് ലെയര്‍), അതിന് താഴെ മേല്‍മണ്ണ്, അതിനുതാഴെ ശിലാപാളികള്‍, ഖനിജങ്ങളായ മൂലകങ്ങള്‍ ചേര്‍ന്ന മാതൃ ശിലകള്‍ ഏറ്റവും താഴെയായി അടിസ്ഥാന ശിലകള്‍ ( ബെഡ് റോക്ക്) എന്നിങ്ങനെ ഓരോന്നിന്റേയും ഘടനക്കും സ്വഭാവത്തിനും അനുസരിച്ച് തരം തിരിച്ചിട്ടുണ്ട്.

ചെടികളുടേയും, ജീവികളുടേയും അവശിഷ്ടങ്ങള്‍ ചേര്‍ന്ന്, ധാതുക്കളും, വെള്ളവും, വായു അറകളും ഉള്ള ജൈവ ഭാഗം ഉള്ളയിടത്താണ് കൃഷിക്കും മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഉപകരിക്കുന്നത്. ഇതു തന്നെ ഒരോ പ്രദേശത്തും അതാതിടത്തെ മൂലകങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതാതിടത്തെ മണ്ണിന്റെ രാസഘടന അവിടത്തെ ജീവ ജാലങ്ങളേയും അവയുടെ നിലനില്‍പ്പിനേയും സ്വാധിനിക്കും.

പ്രകൃതിയിലെ തുടര്‍ച്ചയായ മഴ, കാറ്റ്, കാലാവസ്ഥ വ്യതിയാനങ്ങള്‍, ചെറുതും വലുതുമായ ഭൗമ മാറ്റങ്ങള്‍ എന്നിവയിലൂടെ രൂപപ്പെട്ട വിവിധ തരം മണ്ണും, ശിലകളും ലക്ഷകണക്കായ വര്‍ഷം കൊണ്ട് ഉണ്ടായതാണ് ഇന്ന് നമ്മള്‍ അറിയുന്ന ഭൂമി. സൗരയുഥ ആവിര്‍ഭാവ കാലത്ത് 99.8% പിണ്ഡവും ഒരുമിച്ച് ചേര്‍ന്ന് സൂര്യന്‍ ഉണ്ടായപ്പോള്‍ സൂര്യന് ചുറ്റുമായി ചിതറിയിരുന്ന മേഘപടലം പോലെ അവശേഷിച്ച 0.2% പിണ്ഡം പല ഭാഗത്തായി കൂട്ടിചേര്‍ന്നതാണ് സൗരയുഥത്തിലെ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, ധൂമകേതുക്കളും മറ്റ് ചിന്നഗ്രഹങ്ങളsക്കമുള്ളവയെല്ലാം.

സൂര്യനു ചുറ്റും രൂപപ്പെട്ട ഗ്രഹങ്ങളില്‍ ഭൂമിക്ക് വിശേഷപ്പെട്ട ഒരു അന്തരീക്ഷ കവചം ഉള്ളതിനാല്‍ നമ്മുടെ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് അനുകൂല സാഹചര്യം നിലവില്‍വന്നു. ഏകകോശ ജീവ രൂപത്തില്‍ നിന്ന് മെസോസോയിക്ക് കാലഘട്ടത്തില്‍ ഭൂമിയില്‍ നിലനിന്നിരുന്ന ഭീമാകാരരായ ഡൈനസോറുകളില്‍ എത്തിയതിനും അനേക ലക്ഷം വര്‍ഷങ്ങളുടെ തുടര്‍ച്ചയായ മാറ്റം സംഭവിച്ചാണ്. ഇത്തരത്തില്‍ നിലനിന്ന ജീവാവസ്ഥയെ ഭൂമി പലപ്പോഴും മാറ്റി പണിഞ്ഞിട്ടുണ്ട്. ഡൈനസോറുകളുടെ വംശനാശകാരണത്തെ കുറിച്ച് വ്യക്തമായ ധാരണ നമ്മുടെ ശാസ്ത്രലോകത്തിനില്ല.

ഡൈനസോറുകളുടെ വംശനാശം വന്നത് ഉല്‍ക്ക / ഷുദ്രഗ്രഹ പതനം / പൊടുന്നനെ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ പല ഊഹാപോഹങ്ങളും നിലവിലുണ്ട്. ശാസ്ത്രലോകത്തിന്റെ അറിവില്‍ സസ്യങ്ങളുടെ നിലനില്‍പ്പിന് സൂര്യപ്രകാശം നിര്‍ബന്ധമാണ്. ഭൂമിയുടെ സുതാര്യമായ അന്തരീക്ഷത്തില്‍ കാലങ്ങളോളം പൊടി, പുക മുടാന്‍ കാരണമാകാവുന്ന സ്‌ഫോടനം ഷുദ്രഗ്രഹ പതനത്താലൊ മറ്റൊ സംഭവിച്ചിരിക്കാം എന്നാണ് നിലവിലെ പൊതുധാരണ. പക്ഷെ അത്തരം ഒന്ന് ഭൗമാന്തരീക്ഷം മൊത്തം മറച്ച് നിന്നതിനാല്‍ ഭൂമിയിലെ ജീവജാലങ്ങള്‍ എല്ലാം നശിച്ചു എന്നു വിശ്വസിച്ചാല്‍ – നമ്മളിന്ന് കണ്ടെത്തുന്ന ക്രൂഡ് ഓയില്‍, കല്‍ക്കരി എന്നിവ രൂപപ്പെടാന്‍ അക്കാലത്തെ ജൈവ അവസ്ഥയെ മണിനടിയില്‍ കിലോമീറ്ററുകള്‍ ആഴത്തില്‍ എത്തിക്കുന്നതിന്റേയും, ഏറെ കാലത്തിന് ശേഷം അന്തരീക്ഷം തെളിഞ്ഞ് ജീവന്‍ ഇന്നു കാണുന്ന അവസ്ഥയിലേക്ക് വികസിച്ചതിനും സാമാന്യ യുക്തിക്ക് നിരക്കുന്ന വിശദീകരണം പ്രയാസമാകും.

ഭൗമോപരിതലത്തിലെ മാറ്റങ്ങള്‍ ഭൂമിയുടെ തുടര്‍ച്ചയായ പരിണാമ പ്രക്രിയയുടെ ഭാഗമാണ്. ഭൂമിയില്‍ അന്തരീക്ഷവും, ജലവും ഉണ്ടായത് ഭൂമി ഇന്നു കാണുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്ന ലക്ഷക്കണക്കായ വര്‍ഷത്തിന്റെ പരിണാമ ഫലമാണ്. ഇപ്പോഴും 4400° മുതല്‍ 6000° സെല്‍ഷ്യസ് ചൂടില്‍ സ്ഥിതി ചെയ്യുന്ന കോറിന് ചുറ്റും ഉരുകി ഒഴുകുന്ന മാഗ്മയിന്‍മേല്‍ കവചമായാണ് ഭൂഫലകങ്ങള്‍ ( ക്രസ്റ്റ് ) നിലനില്‍ക്കുന്നതെന്നും ആ ഭൂഫലകങ്ങള്‍ തമ്മിലിടിച്ച് കയറുന്നതും നമുക്കറിയാവുന്നതാണ്. ഭൂമിയുടെ പിന്നിട്ട പരിണാമ കാലഘട്ടങ്ങില്‍ അനേകം തവണ ഭൂഫലകങ്ങളുടെ തമ്മിലിടിയും പൊട്ടലും ഇലാതാകലും, പുതിയവ ഉണ്ടാകലും നടന്നിരിക്കും. ഭൗമശാസ്ത്രത്തില്‍ ഭൂഫലകങ്ങള്‍ ഉണ്ടായ അക്രീഷന്‍ ( Accretion) രൂപാന്തരണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ്.

ഭൂഫലകങ്ങള്‍ക്കടിയില്‍ ഭൗമാന്തര ഊര്‍ജപ്രവാഹങ്ങളാല്‍ മാന്റിലിനുമിടയില്‍ അതിതീവ്രമായ മര്‍ദ്ദം സ്വരുകൂടുമ്പോള്‍ അത് ഭൂഫലകങ്ങളുടെ വിടവിലൂടെ ബഹിര്‍ഗമിക്കപ്പെടും. ഇത്തരത്തില്‍ പുറത്തു വരുന്ന വന്‍തോതിലുള്ള താപ പ്രവാഹം ഭൗമോപരിതലത്തിലെ സമുദ്രജലത്തേയും കരഭാഗത്തേയും ഒരിടത്തു നിന്ന് ചലിപ്പിക്കാന്‍ വഴിയൊരുക്കും. സമുദ്ര അടിത്തട്ടിന് വരാവുന്ന നേരിയ കമ്പനങ്ങള്‍ പോലും വന്‍ സുനാമി തിരമാലകളുണ്ടാവാന്‍ കാരണമാകുമെന്നിരിക്കെ ഒന്നിലേക്ക് ഇടിച്ചു കയറുന്ന ഭൂഫലകത്തില്‍ ഉണ്ടാകാവുന്ന കടല്‍/സമുദ്രഭാഗം മറ്റൊരിടത്തേക്ക് ഒഴുകി മാറുകയാണെങ്കില്‍ അത് കടന്നു പോകുന്ന ഭൂഭാഗത്തെ കരജീവനുകളുടെ നാശത്തിന് കാരണമാകും. ജലപ്രവാഹത്തോടൊപ്പം പോകാന്‍ പറ്റിയ ജലത്തിലെ ജീവലോകം പുതിയ ഇടത്തില്‍ തുടരും. ജലപ്രവാഹത്തില്‍ പെടാതെ അവശേഷിച്ചവ പില്‍ക്കാലത്ത് ഫോസിലുകളായി മാറ്റപ്പെടും. കര പ്രദേശത്തെ പല അടരുകളിലായി ഇന്നു ശാസ്ത്രം കണ്ടെടുക്കുന്ന ഫോസിലുകളുകള്‍ ഇത്തരത്തില്‍ ഉള്ളവയാണ്. ഏറ്റവും അധികം ജൈവസമ്പത്തുള്ള സമുദ്രങ്ങളിലെ അടിതട്ടിലെ ജൈവാവശിഷ്ടങ്ങള്‍ അടുക്കുകളായി മാറിയ ശിലാപാളികള്‍ക്കുളില്‍ എത്തപ്പെട്ടത് ഭൗമാന്തര താപത്തില്‍ പാകപ്പെട്ട് പിന്നീട് ക്രൂഡ് ഓയില്‍ ആയി മാറ്റപ്പെടാം. ചെളിയിലും മണ്ണിനടിയിലും കുടുങ്ങി പോകുന്ന ജീവജാലങ്ങളും ഫോസിലുകളായി രൂപപ്പെടുന്നു.

ജീവലോകത്തിന്റെ ഉരുത്തിരിയല്‍ മുതല്‍ ഇന്നുകള്‍വരേയുള്ള കാലഘട്ടങ്ങളില്‍ ഭൂമുഖത്ത് പല തവണ വരള്‍ച്ചയും, പ്രളയവും, മഞ്ഞുമൂടലും ഉണ്ടായിട്ടുണ്ട്. അക്കാലത്ത് മനുഷ്യര്‍ ഉണ്ടായിട്ടില്ലാത്തതും, ഉണ്ടായിരുന്ന ജീവികള്‍ വ്യാവസായിക വിപ്ലവം നടത്തി കാര്‍ബണിന്റെ/കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അധികരിക്കല്‍ ഉണ്ടാക്കിയിട്ടാകില്ല പ്രകൃതിയുടെ മാറ്റങ്ങള്‍ സംഭവിച്ചതെന്നതിന് തര്‍ക്കമുണ്ടാവാനിടയില്ല.
ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ 24°യോളമുള്ള ചെരിവും പ്രിസഷന്‍ എന്നറിയപ്പെടുന്ന ഏകദേശം 25775 വര്‍ഷത്തോളമെടുക്കാറുള്ള കറക്കത്തിനാല്‍ ഭൂമിയുടെ ചില ഭാഗങ്ങളില്‍ വര്‍ഷങ്ങളോളം സൂര്യപ്രകാശം ഏല്‍ക്കാത്ത അവസ്ഥ ഉണ്ടാകും. പ്രകാശസംശ്ലേഷണം ( ഫോട്ടോസിന്തസീസ്) നടത്തി അന്നജം ഉണ്ടാക്കുന്ന സസ്യജാലങ്ങളുടെ നാശത്തിന് അത് വഴി ഒരുക്കാം. അത്തരം സസ്യങ്ങളെ ആശ്രയിച്ച് കഴിയുന്ന ഭക്ഷ്യശൃംഖലയില്‍ പെട്ട ജീവികളും അതോടെ വംശനാശം സംഭവിച്ചേക്കാം.

പക്ഷെ വന്‍കരകളുടെ വിള്ളലുകലും അകല്‍ച്ചയും, കൂട്ടി ഇടിക്കലുകളും ചേര്‍ത്തുവായിക്കുമ്പോഴും ജീവിവര്‍ഗങ്ങളുടെ വിവിധ ഭൂഭാഗത്തേക്കുള്ള വിതരണത്തേയും കൂടി കണക്കിലെടുക്കുകയാണെങ്കില്‍ മറ്റു പല സാധ്യതകളും കണ്ടത്തേണ്ടി വരും.

കരയിലെ സസ്യങ്ങളും ജന്തുക്കളും ഒരോ ഭൂപ്രദേശത്തേയും കലാവസ്ഥയേയും പരിസ്ഥിതിയേയും അനുസരിച്ച് പരുവപ്പെട്ടവയാണെന്ന് കാണാവുന്നതാണ്. ഉഷ്ണമേഖലയിലെ ആനയും കരടിയും – ധ്രുവക്കരടിയും മാമോത്തുമായി വലിപ്പത്തിലും ശരീരഘടനയിലും സാമ്യമുണ്ടായിട്ടും വ്യത്യസ്ഥ പരിസ്ഥിതിക്കനുസരിച്ച് അവസ്ഥാന്തരം വന്ന ഒരേ ജീവിവര്‍ഗമാണ്. കരയിലെ വന്‍ ജീവി ആയിരുന്ന ഡൈനോസറുകളെ മണ്ണിട്ട് മൂടാന്‍ പ്രളയജലം കാരണമാകുമ്പോള്‍ ആ ജലത്തോടൊപ്പം മറ്റൊരിടത്ത് എത്തപ്പെടുന്ന സമുദ്രത്തിലെ ഏറ്റവും വലിയ ജീവിയായ നീല തമീംഗലങ്ങളും മറ്റും അവയുടെ ജീവിതം തുടരും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ഏഷ്യന്‍ വന്‍കരയിലുമായി ചൈനീസ് തീരം വരെ വ്യാപിച്ച് കിടക്കുന്ന ഇപ്പോഴത്തെ മരുഭൂമി പ്രദേശത്തെ അനവധിയായ സമുദ്ര / കടല്‍ ശേഷിപ്പുകള്‍ സമുദ്രം വഴിമാറി കരയാകുന്ന നിഗമനത്തിന് തെളിവാകുന്നുണ്ട്. ഈജിപ്ത്തിലെ ‘തിമിംഗലങ്ങളുടെ താഴ്വര’ അറേബ്യന്‍ മരുഭൂമിയിലെ സൗദിഅറേബ്യയിലും മറ്റും കണ്ടെടുക്കപ്പെടുന്ന സമുദ്രജീവികളുടെ ഫോസിലുകള്‍ എന്നിവയും അവിടങ്ങളില്‍ ദീര്‍ഘകാലം ഉപ്പുവെള്ളത്തില്‍ മുങ്ങി കിടന്ന ശിലാ രൂപാന്തരങ്ങളും സമുദ്രങ്ങളുടെ വഴിമാറലിനെ സാധൂകരിക്കുന്നു. ധ്രുവപ്രദേശങ്ങളില്‍ പലയിടത്തായി മഞ്ഞിലുറഞ്ഞും ചെളിയില്‍ പുതഞ്ഞും കണ്ടെടുക്കപ്പെട്ട കരജീവികളുടെ ഫോസിലുകള്‍ അവിടങ്ങളിലേക്കവയെ കൂട്ടത്തോടെ ഒഴുക്കിയെത്തിച്ചതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആധുനിക ശാസ്ത്രം ‘തിമിംഗലത്തിന്റെ പൂര്‍വ്വീകര്‍ കരയില്‍ നടന്നിരുന്ന ജീവികള്‍’ ആണെന്ന് വിളമ്പിയും, മാമോത്തുകളെ പ്രാകൃത മനുഷ്യര്‍ വേട്ടയാടി കുഴിയില്‍ കുടുക്കിയതാകുമെന്നും ന്യായികരണ ഭാഷ്യം ചമച്ചിട്ടുണ്ട് എന്നും ചേര്‍ത്തു വായിക്കണം. ചിലയിടങ്ങളില്‍ പ്രാകൃത മനുഷ്യര്‍ ഉപയോഗിച്ചിരുന്നേക്കാവുന്ന ശിലാഖണ്ഡമായ ‘കുന്തമുനകള്‍’ സമാനമായവ കണ്ടെന്നതാണ് ഈ വേട്ടയാടല്‍ കഥക്ക് അടിസ്ഥാനം. കൂര്‍ത്ത ശിലകളും എല്ലിന്‍’ പൊട്ടും കുന്തമുനകള്‍ ആകാമെന്ന മുന്‍വിധികള്‍ വഴി തെറ്റിക്കുന്നതുമാകാം.

Latest Stories

നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ല; തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി, സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; പ്രവര്‍ത്തകരുടെ വിമാരം മാനിക്കുന്നു; മഹാവികാസ് അഘാഡി സഖ്യം തള്ളി സഞ്ജയ് റാവുത്ത്

'എനിക്കും ആ പ്രായത്തിൽ ഒരു കുട്ടിയുണ്ട്; അച്ഛൻ്റെ വികാരം എനിക്ക് മനസിലാകില്ലേ?'; അല്ലു അർജുൻ

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി