ഭൂമിയില്‍ കാലാവസ്ഥ - ഇന്നലെ, ഇന്ന്, നാളെ

കാലാവസ്ഥയിലെ ത്വരിത മാറ്റങ്ങളില്‍ വ്യാകുലപ്പെടുന്നവര്‍ ഇന്നലെകളെ മറന്നു പോകുന്നു. ഭൗമശാസ്ത്ര പഠനങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഇവിടെ സംഭവിച്ച ഹിമയുഗം, പ്രളയം, വരള്‍ച്ച എന്നിവ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയിട്ടുണ്ട്. ശിലാപാളികളിലും, ഹിമശേഖരങ്ങളിലും പഴയ കാലത്തെ കാലാവസ്ഥ മാറ്റത്തിന്റേയും പ്രകൃതി മാറ്റങ്ങളുടേയും അടയാളങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ ഇപ്പോഴും തുടരുന്നവയാണ്. നൂറ്റാണ്ടുകള്‍, ആയിരത്താണ്ടുകള്‍, ലക്ഷകണക്കായ വര്‍ഷങ്ങള്‍ മുമ്പുണ്ടായ പ്രകൃതി കാലാവസ്ഥ മാറ്റങ്ങളും അവ ജീവലോകത്തിന് വരുത്തിയ മാറ്റങ്ങളും വിനാശങ്ങളും, വംശനാശവും ആധുനിക ലോകത്ത് അറിയാം.

പുരാതന മാനവ സംസ്‌കൃതികളിലെ പല ദേശങ്ങളില്‍ നിലനിന്നിരുന്ന സമൂഹങ്ങളില്‍ തനിയേയും പൊതുവായും വിവരിക്കപ്പെടുന്ന പ്രകൃതി പ്രതിഭാസങ്ങളെ വായിചെടുക്കാനുള്ള ശാസ്ത്ര വിഭാഗമായി 1970 കളില്‍ വളര്‍ന്നുവന്നതാണ് ‘ജിയൊമിത്തോളജി’. പ്രഫസര്‍ തിമോത്തി ജെ ബര്‍ബറി ( Timothy J Burbery) യുടെ സാഹിത്യ രചനയില്‍ പുരാതന സംസ്‌ക്കാരങ്ങളില്‍ വളരെ സാമ്യതയോടെ നിലനിന്നിരുന്ന പല പ്രാചീന ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവക്ക് അടിസ്ഥാനമായ കഥകളേയും മറ്റും സൂചിപ്പിക്കുന്നുണ്ട്. തീ തുപ്പുന്ന പക്ഷി / ജന്തു, നിധിക്ക് കാവലിരിക്കുന്ന പാമ്പും വിചിത്രജീവികളും, ഒറ്റക്കണ്ണന്‍ ജീവികള്‍, മറ്റ് ഭീമാകാര ജീവികള്‍ എന്നിവ ഭാവനയുടെ അതിപ്രസരം ഉണ്ടാകുമെങ്കിലും, ഒരോ പ്രദേശത്തേയും പ്രകൃതി, ഭൂഘടന, സസ്യങ്ങള്‍, മൃഗങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍ സസൂഷ്മം പഠിച്ച് അതീവ ശ്രദ്ധയോടെ ഇന്നുകളുടെ അറിവിലേക്ക് മുതല്‍ ചേര്‍ക്കാവുന്നത് തരം തിരിച്ചെടുക്കുന്നതാണ് ജിയോമിത്തോളജിയുടെ ശാസ്ത്രം.

പുരാതനകാല കൃതികളില്‍ ദൈവകോപമായും മറ്റും പരാമര്‍ശിക്കപ്പെട്ട് തലമുറകള്‍ കൈമാറി വരുന്ന കഥകളില്‍ ഭൂമി (ഭൂപ്രദേശം) പിളര്‍ന്ന് മാറിയതും, വെള്ളത്തില്‍ മുങ്ങി പോയതും പല സമൂഹത്തിന്റേയും നാശത്തിന് കാരണമായി വിവരിക്കപ്പെടുന്നുണ്ട്. ആധുനീക നരവംശശാസ്ത്രം ( Anthropology ) ലഭ്യമായ ശാസ്ത്രീയ അറിവുകളില്‍ നിന്ന് പ്രാകൃത മനുഷ്യര്‍ നിയാണ്ടര്‍താള്‍ താഴ്വരയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതാകാമെന്ന് നിഗമനങ്ങളുണ്ട്. മനുഷ്യരും മറ്റുജീവികളും ഒരിടത്ത് ഉണ്ടായി ലോകം മൊത്തം വ്യാപിച്ചത് എന്നതിനേക്കാള്‍ ലോകത്തിന്റെ വിവിധ ഭൂപ്രദേശത്തുണ്ടായവര്‍ അവിടുത്തെ കാലാവസ്ഥക്കും, ഭക്ഷണ സാഹചര്യത്താലും പരുവപ്പെട്ട് വികസിക്കയും പില്‍ക്കാലത്ത് പരസ്പ്പരം കലര്‍ന്നതാകാനാണ് സാധ്യത. ഒരു സമൂഹം മറ്റൊന്നിനെ കീഴടക്കി അധീശത്വം വരുന്നതോടെ അവരുടെ വിശ്വാസവും ആചാരവും, ശീലങ്ങളും കീഴാള വിഭാഗത്തിനും ബാധകമാകുന്നതോ വ്യാപിക്കപ്പെട്ടതൊ ആകാം പല കഥകളും. ഇപ്പോഴത്തെ യൂറോപ്പിലും, ആഫ്രിക്കന്‍ പ്രദേശമായ ഈജിപ്ത്തിലും, ഇന്ത്യയുടെ ഗുജറാത്തിനടുത്തും മറ്റും പ്രളയത്താല്‍ കടലിനടിയില്‍ ആയ പഴയ കാല അവശിഷ്ടങ്ങള്‍ കഥകള്‍ക്ക് ഉപോല്‍ബലമായി മറൈന്‍ ജിയോളജിയുടേയും ഓഷ്യനോഗ്രാഫിയുടേയും നിരീക്ഷണങ്ങളില്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പുരാതന സംസ്‌ക്കാരങ്ങള്‍ പലതും പൊടുന്നനെ മണ്‍മറഞ്ഞത് ഇത്തരം കടലേറ്റങ്ങളാലായിരുന്നിരിക്കാം. പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ അടുത്ത സുരക്ഷിത ഭൂപ്രദേശത്തേക്ക് കുടിയേറുകയും, അവിടങ്ങളില്‍ പഴയ അവാസവ്യവസ്ഥയെ പുനര്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുമുണ്ടാകാം.

സമുദ്ര ജലനിരപ്പിലെ വ്യതിയാനങ്ങള്‍ കാരണം കര മാറി കടലാകുന്നതും ചില ചെറു ദ്വീപുകള്‍ തെളിഞ്ഞു വരുന്നതും ഇപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നതാണ്. 1883 ആഗസ്റ്റ് 26ന് ഉണ്ടായ ഒരു അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തില്‍പ്പെട്ട ക്രാകാട്ട ( Krakato) എന്ന ദ്വീപ് പകുതിയോളം മുങ്ങി പോയി ഒരു അഗ്‌നിപര്‍വ്വതം മാത്രം അവശേഷിക്കയുണ്ടായി. Anak Krakatoa ( ക്രാകാട്ടയുടെ കുട്ടി) എന്ന പേരുള്ള ആ അഗ്‌നിപര്‍വ്വത പ്രദേശം ചെരിഞ്ഞ് കൊണ്ടിരിക്കയാണെന്ന് നിലവില്‍ പഠനങ്ങള്‍ തെളിയിക്കുന്നു. 2018, 2019 വര്‍ഷങ്ങളിലെ ആ പ്രദേശത്തിലെ കിഴക്കന്‍ കടല്‍ തീരം കൂടുന്നതും, പടിഞ്ഞാറന്‍ തീരം കുറയുന്നതും പുതിയ രേഖകള്‍ / പഠനങ്ങള്‍ തെളിയിക്കുന്നു.

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത മുങ്ങി കൊണ്ടിരിക്കയാണെന്ന് മനസിലാക്കി അവര്‍ തലസ്ഥാന നഗരി മറ്റൊരു പുതിയ സ്ഥലത്തേക്ക് മാറ്റുന്ന പ്രവര്‍ത്തികള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. 2004 ഡിസംബര്‍ 26 ല്‍ സുമാത്രക്കടുത്ത് കടലിനടിയില്‍ ഉണ്ടായ 9.1 M ആയ ഭൂകമ്പം 14 രാജ്യങ്ങളിലായി 228000 മനുഷ്യ ജീവന്‍ അപഹരിച്ചിരുന്നു. ഭൂമധ്യരേഖ പ്രദേശമായ ഇന്തോനേഷ്യ, മലേഷ്യ, ഭാഗത്താണ് 1900 ത്തിന് ശേഷം ലോകത്ത് സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ വലിയ ഭാഗം. 1500 ഓളം വരുന്ന ലോകത്തെ സജീവമായ അഗ്‌നി പര്‍വ്വതങ്ങളില്‍ ഇന്തോനേഷ്യ ( 129), പപ്പുവ ന്യു ഗ്യുനിയ (94), ഫിലിപ്പൈന്‍സ് ( 63) ചേര്‍ന്ന് 286 എണ്ണവും ഈ ചെറിയ ഭാഗത്താണ് എന്നത് വലിയ ആപത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്തോനേഷ്യന്‍ പ്രദേശത്ത് ഒരോ ദിവസവും ചെറുതും വലുതുമായ 50 – 60 ഭുകമ്പങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നത് അത്രക്ക് അസ്ഥിരമായ സമുദ്രാടിത്തറയുടെ തെളിവാണ്. ഇന്തോ-ആസ്‌ട്രേലിയന്‍ ഫലകത്തിനടിയിലേക്ക് താഴ്ന്ന് കൊണ്ടിരിക്കുന്ന സണ്‍ഡ ഫലകം ( Sunda Plate) ല്‍ ആണ് മലേഷ്യ, സിങ്കപ്പൂര്‍, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, പപ്പുവ ന്യു ഗ്യുനിയ എന്നിവ ഉള്ളത്. ഇവിടങ്ങളില്‍ സജീവമായി മാറിയ അഗ്‌നിപര്‍വ്വതങ്ങള്‍ ആ ഫലകത്തിനു കീഴില്‍ കാലങ്ങളായി അതിവേഗത്തില്‍ ഒഴുകുന്ന മാഗ്മ ദുര്‍ബലമാക്കിയ അവസ്ഥയാണ് പ്രകടമാക്കുന്നത്. നിലവില്‍ യൂറേഷ്യന്‍ ഫലകം സണ്‍ഡ ഫലകത്തെ തിരക്കി തെക്കോട്ടും, ഫിലിപ്പൈന്‍സ് ഫലകം പടിഞ്ഞാറേക്കും, ഇന്തോ-ആസ്‌ട്രേലിയന്‍ ഫലകം വിണ്ട് ആസ്‌ട്രേലിയന്‍ ഫലകം വടക്കോട്ടും നീങ്ങി കൊണ്ടിരിക്കുന്നത് സണ്‍ഡ ഫലകം താഴ്ന്നു കൊണ്ടിരിക്കുന്നതിന് തെളിവാണ്.

ഫസഫിക്ക് സമുദ്രം നിലനില്‍ക്കുന്ന ഭൂഫലകത്തില്‍ ഉത്തര, ദക്ഷിണ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഭാഗവും, അമേരിക്കയോടു ചേര്‍ന്നയിടത്തും
വലിയ തോതില്‍ ഭൗമാന്തര സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നുണ്ട്. അറ്റ്‌ലാന്റിക്ക് സമുദ്രത്തിലും, ആര്‍ട്ടിക്ക് ഫലകത്തിന്റെ സൈബീരിയന്‍ ഭാഗത്തും കാനഡ, ഗ്രീന്‍ലാന്റ് ഭാഗത്ത് വലിയ തോതില്‍ ഭൗമാന്തര താപം ഭൂഫലക വിടവുകളിലൂടെ നിത്യവും പുറത്തു വരുന്നുണ്ട്. വടക്കേ അമേരിക്കയുടെ ഭാഗത്തു നിന്നാരംഭിച്ച് യൂറേഷ്യന്‍ ഫലകം വരെ വ്യാപിച്ച് കിടക്കുന്ന വളയാകാരത്തിലുള്ള ഫസഫിക്ക് ഫലകത്തിലെ അതിതീവ്ര സജീവ ഭൗമാന്തര താപ പ്രവാഹ ഭാഗത്തെ ‘റിംങ് ഓഫ് ഫയര്‍’ എന്നാണ് അറിയപ്പെടുന്നത്. കരയില്‍ കാണുന്ന അഗ്‌നിപര്‍വ്വതങ്ങള്‍ 1500 ഓളം ഈ കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി മാറിയത് ശാസ്ത്രലോകത്തിന് അറിയാവുന്നതാണെങ്കില്‍ മനുഷ്യന് എത്താനാകാത്ത സമുദ്ര അടിത്തട്ടിലെ സജീവമായി തുടരുന്ന ഭൗമാന്തര താപ പ്രവാഹ കേന്ദ്രങ്ങള്‍ ( വെന്റ്) 10000 ത്തിന് മുകളിലാകാം. സമുദ്ര അടിത്തട്ടില്‍ നിന്നുള്ള ഉഷ്ണ ജലപ്രവാഹങ്ങളും, ഫസഫിക്ക്, അറ്റ്‌ലാന്റിക്ക്, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ അതിതീവ്ര മര്‍ദ്ധ വ്യതിയാനങ്ങളാല്‍ വര്‍ദ്ധിച്ചു വരുന്ന ചുഴലിക്കാറ്റുകള്‍ എന്നിവ സംഗതിയുടെ കാഠിന്യം വിളിച്ചോതുന്ന ചെറു സൂചനയാണ്.

ആയിരത്താണ്ടുകളായുള്ള മാഗ്മ പ്രവാഹത്താല്‍ നിലവില്‍ ഭൂഫലകങ്ങള്‍ക്കടിയില്‍ കുമിഞ്ഞ് കൂടിയ ഭൗമാന്തര താപ സഞ്ചയങ്ങള്‍ ചെറുതും വലുതുമായ ഭൂഫലകങ്ങള്‍ ചേരുന്ന ഭാഗങ്ങളിലൂടെ ബഹിര്‍ഗമിക്കാന്‍ തീവ്രശ്രമം നടത്തുന്നുണ്ട്. അത്തരത്തില്‍ സൈബീരിയ, കാനഡ, യൂറോപ്പ്, അറബ് രാഷ്ട്രങ്ങളും ആഫ്രിക്കന്‍ ഭൂഖണ്ഡവും കൂടുന്ന മെഡിറ്ററേനിയന്‍ ഭാഗം, ആഫ്രിക്കയുടെ തന്‍സാനിയ, മഡഗാസ്‌ക്കര്‍ ഭാഗം, ചൈനയും ജപ്പാനും ഉള്ള പ്രദേശം, ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗത്തും, ഗുജറാത്ത്, പാക്കിസ്ഥാന്‍ ഭാഗങ്ങളിലും അതിതീവ്ര ഭൂകമ്പ മേഖലയാക്കി മാറ്റാം.
2009 ലെ ശാസ്ത്ര പഠനങ്ങള്‍ പ്രകാരം ഇന്തോനേഷ്യ സുമാത്ര ഭാഗത്ത് അടുത്ത ദശകങ്ങളില്‍ അതിതീവ്രമായ ഭൂകമ്പത്താലുള്ള ഭീകരമായ വിനാശങ്ങള്‍ ഉണ്ടാകാനിടയുള്ളതായി പഠനങ്ങളുണ്ട്. 2023 ഫെബ്രുവരി 6 ന് തുര്‍ക്കി സിറിയ മേഖലയില്‍ ഉണ്ടായ ഭൂകമ്പം മുപ്പതിനായിരത്തോളം മനുഷ്യ ജീവന്‍ അപഹരിച്ചു.

മാനവ സമൂഹം വിവിധ രാജ്യങ്ങളായും, വിവിധ വിശ്വാസങ്ങളാലും, വര്‍ണവിവേചനത്താലും, സാമ്പത്തിക നിലകളാലും സഹകരിക്കാത്ത, തമ്മില്‍ കലഹിക്കുന്ന, മത്സരിക്കുന്ന ഇന്നുകളില്‍ മനുഷ്യന്‍ നിസ്സഹായനായി മാറ്റപ്പെടുന്ന പ്രകൃതിക്ക് വരുന്ന മാറ്റത്തെ മറികടന്ന് നിലനില്‍ക്കുക എന്നത് ഏറെ പ്രയാസമാണ്. 2009 ല്‍ പുറത്തിറങ്ങിയ റോളണ്ട് എമറിക്ക് സംവിധാനം ചെയ്ത ‘2012’ എന്ന ഹോളിവുഡ് സിനിമയിലെ ദൃശ്യാവിഷ്‌ക്കാരങ്ങളേക്കാള്‍ ഭീകരമായിരിക്കും ആ ഭൗമ മാറ്റം.

ആധുനിക ശാസ്ത്ര സമൂഹം ഒരുമിച്ച് കോവിഡ് എന്ന പകര്‍ച്ചവ്യാധിയെ നേരിട്ട അനുഭവം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നമുക്കുണ്ട്. പക്ഷെ അത്ര സൗകര്യങ്ങളൊ സമയമൊ പ്രകൃതി നമുക്ക് നല്‍കുമോ എന്ന് സംശയമാണ്. കാരണം പ്രകൃതിയേ സമ്പന്ധിച്ച് അനേക ലക്ഷം ജീവജാലങ്ങളില്‍ തീര്‍ത്തും ഒരു വിഭാഗം / വര്‍ഗം മാത്രമാണ് നമ്മള്‍ മനുഷ്യര്‍. 800 കോടി കടന്ന മനുഷ്യ സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുന്നു എന്നിരുന്നാലും തമ്മില്‍ അപകടപ്പെടുത്തി അധീശ്വത്തം നേടാന്‍ മത്സരിക്കുന്ന, അതിവിനാശകാരിയായ ആണാവായുധങ്ങള്‍ ഉണ്ടാക്കി സൂക്ഷിക്കുന്ന മാനവ സമൂഹത്തെ ആസന്നമായ വിപത്തിനെ തിരിച്ചറിയാനും ഒരോരുത്തരും ചേയ്യേണ്ടതും ചെയ്യരുതാത്തും ആയ കാര്യങ്ങള്‍ പഠിപ്പിച്ചെടുത്ത് മറ്റ് ജീവജാലങ്ങളടക്കമുള്ളതിന്റെ സുരക്ഷയും, നിലനില്‍പ്പും ഉറപ്പാക്കുന്നത്ര സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ടി വരും. ഹൈന്ദവ പുരാണത്തിലെ മത്സ്യാവതാര കഥയിലും, ക്രിസ്തീയ വിശ്വാസത്തിലെ പഴയനിയമത്തിലെ നോഹയുടെ കഥയിലും പ്രതിപാതിക്കുന്ന സൂചനകളേ പോലെ നിലവിലെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സമുദ്രങ്ങളെ കൂട്ടുപിടിക്കമാത്രമാകും രക്ഷാമാര്‍ഗം.

(അവസാനിച്ചു)

ശാസ്ത്ര സാങ്കേതിക പദങ്ങളുടെ കടുകട്ടി പ്രയോഗങ്ങള്‍ പരമാവധി ലളിതമാക്കി നിത്യജീവിതത്തിലേയും ചുറ്റുപാടുകളിലേ അനുഭവങ്ങളിലൂടെ ഏതൊരു സാധാരണ വായനക്കാരിലേക്കും ഈ വിഷയത്തിന്റെ ഗൗരവതരമായ പ്രാധാന്യത്തെ പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വായനക്കാരുടെ സംശയങ്ങള്‍, തിരുത്തലുകള്‍, അഭിപ്രായങ്ങള്‍ അറിയിക്കുകയാണെങ്കില്‍ ഏറെഉപകരിക്കും.

Read more

ലേഖകന്റെ ഫോണ്‍ : 9495095001