തക്കം കിട്ടിയാൽ മനുഷ്യന്റെ കണ്ണ് വരെ ചൂഴ്ന്നെടുക്കുന്ന ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള പക്ഷി. സാധാരണ പക്ഷികളേക്കാൾ ബുദ്ധിയിലും മറ്റും വേറിട്ട് നിൽക്കുന്ന മാഗ്‌പൈ പക്ഷികൾ മനുഷ്യരോട് അത്ര അടുപ്പം കാണിക്കാറില്ല. മാത്രമല്ല, അക്രമണകാരികളുമാണ്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കാരിയായ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഈ പക്ഷിയുടെ ആക്രമണത്തിന് ഇരയായ വാർത്ത സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. ആക്രമണത്തിൽ യുവതിയുടെ കണ്ണുകൾക്ക് പരിക്കേറ്റിരുന്നു. ഈ ദൃശ്യങ്ങളാണ് വൈറലായത്.
കണ്ണിൽ കാണുന്ന എന്തും മാഗ്‌പൈ പക്ഷികൾ ഉപയോഗപ്രദമാക്കും എന്നതാണ് ഇവയുടെ പ്രത്യേകത. എല്ലാ ശബ്ദങ്ങളും ഇവ അനുകരിക്കാനുള്ള കഴിവും എന്നതും പ്രതികൂല സാഹചര്യങ്ങളെ അതിബുദ്ധിയോടെ കൈകാര്യം ചെയ്യാനുള്ള കഴിവും ഇവയുടെ മറ്റൊരു പ്രത്യേകയാണ്. ഇംഗ്ലണ്ടിൽ നിന്നും പോലീസ് വാഹനത്തിന്റെ സൈറൻ അതേപടി അനുകരിക്കുന്ന മാഗ്‌പൈ പക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇവയൊക്കെ ചെയ്യുമെങ്കിലും മനുഷ്യർക്ക് ഒരു പേടിസ്വപ്നം തന്നെയാണ് മാഗ്‌പൈ പക്ഷികൾ.
യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലായി വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട മാഗ്‌പൈ പക്ഷികളെ കണ്ടു വരുന്നത്. കാക്ക ഉൾപ്പെടുന്ന കോർവിഡേ കുടുംബാംഗമാണ് മാഗ്പൈ പക്ഷികൾ. എന്നാൽ ഓസ്‌ട്രേലിയയിൽ കണ്ടുവരുന്ന പക്ഷികളെയാണ് ഏറ്റവും അപകടകാരികളായി കരുതുന്നത്. മാഗ്പൈകൾ കണ്ണുകൾ ലക്ഷ്യം വച്ച് നടത്തിയ ആക്രമണങ്ങൾ മിക്കതും ഓസ്‌ട്രേലിയിലാണ് നടന്നത് എന്നതാണ് കാരണം.
കൺമുന്നിൽ കാണുന്ന എന്ത് വസ്തുവും ഈ പക്ഷികൾക്ക് പ്രായോഗികമായി ഉപയോഗിക്കാനുള്ള കഴിവുണ്ട്. പക്ഷികൾ മൂലമുണ്ടാകുന്ന ശല്യം ഒഴിവാക്കാൻ വേണ്ടി വയ്ക്കുന്ന ആന്റി ബേർഡ് സ്പൈക്കുകൾ വരെ ഇക്കൂട്ടർ കൂടുകളാക്കിയ ചരിത്രവുമുണ്ട്. ചില പക്ഷികൾ മരച്ചില്ലകൾക്കിടയിൽ മെറ്റലിൽ തീർത്ത ഏതാനും സ്പൈക്കുകൾ മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ മറ്റുള്ളവ പൂർണമായും സ്പൈക്കുകളെ ആശ്രയിച്ച് നിർമിച്ചിട്ടുണ്ട്.
പല തരത്തിൽ മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് മാഗ്‌പൈ പക്ഷികളുടെ പെരുമാറ്റം. പ്രജനനകാലത്താണ് ഇവ കൂടുതലായും മനുഷ്യരെ ആക്രമിക്കുക. അതും കൃഷ്ണമണി ലക്ഷ്യംവച്ചുകൊണ്ടാണ് ഇവയുടെ ആക്രമണം. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇവയുടെ പ്രജനനകാലം.
കൂട്ടമായി പോകുന്ന മാഗ്‌പൈ പക്ഷികളിൽ നിന്നും മാറി നടക്കുന്നതാണ് നല്ലത്. ഓസ്‌ട്രേലിയയിൽ മാഗ്‌പൈ സോൺ എന്ന മുന്നറിപ്പ് ബോർഡുകൾ വരെ സ്ഥാപിക്കാറുണ്ട്. നടക്കാൻ പോകുന്നവരെയും സൈക്കിളിൽ പോകുന്നവരെയുമൊക്കെയാണ് ഇവ പതിവായി അക്രമിക്കാറുള്ളത്. ആക്രമണം നടത്തി നിമിഷങ്ങൾക്കുള്ളിൽ ഇവ പറന്നു പോകുകയും ചെയ്യും. വെറുതെ ഇവയെ കണ്ട് ശബ്ദം ഉണ്ടാക്കിയാലോ പേടിച്ചാലോ ഈ പക്ഷികൾ പ്രകോപിതരാകും.
പ്രജനന കാലത്ത് കുഞ്ഞുങ്ങളെയും കൂടിനെയും അക്രമിക്കുമോ എന്ന തോന്നലാണ് ഇവ അക്രമാസക്തമാകാനുള്ള പ്രധാന കാരണം. ശത്രുക്കളെ ഓടിക്കാനുള്ള മാഗ്‌പൈയുടെ തന്ത്രമാണ് ഇതെന്നും പറയപ്പെടുന്നു. ഈ കാരണങ്ങൾ അല്ലാതെ ഇവ ഇത്ര അക്രമാസക്തരാകാറില്ലെന്നും നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആക്രമണം നടത്തുന്നത് ആൺ പക്ഷികളാണ എന്നും പക്ഷി നിരീക്ഷകർ പറയുന്നു. കീടങ്ങളെയും പ്രാണികളുമാണ് മാഗ്‌പൈയുടെ പ്രധാനഭക്ഷണം.
മാഗ്‌പൈ പക്ഷികൾ താമസിക്കുന്ന സ്ഥലങ്ങളിലൂടെ ഒറ്റയ്ക്ക് നടക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇവയിൽ നിന്നും രക്ഷ നേടാൻ കുടയോ സൺഗ്ലാസോ ധരിക്കുന്നതും നല്ലതാണ്. ഒരു തവണ ഉന്നമിട്ട മനുഷ്യരെ ഇവയ്ക്ക് ഓർത്ത് വയ്ക്കാനുള്ള കഴിവുമുണ്ട്. ഇക്കാരണത്താൽ ഒരിക്കൽ ആക്രമിച്ച ആളെ വീണ്ടും ആക്രമിക്കാനും സാധ്യത കൂടുതലാണ്. 30 വർഷം വരെ ജീവിയ്ക്കുന്ന ഇവ ഒറ്റ ഇണയെ മാത്രം കണ്ടെത്തി ജീവിയ്ക്കുന്ന പക്ഷികളെന്ന പ്രത്യേകതയുമുണ്ട്.