പുരാതന സ്മാരകങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, വൈവിധ്യമാർന്ന പാചകരീതികൾ അല്ലെങ്കിൽ മറ്റ് സവിശേഷതകൾക്ക് ചില നഗരങ്ങൾ പ്രശസ്തി നേടാറുണ്ട്. എന്നാൽ നൈജീരിയയിലെ ഇഗ്ബോ ഓറ എന്ന നഗരം തികച്ചും വ്യത്യസ്തമായ കാരണത്താലാണ് വേറിട്ടു നിൽക്കുന്നത്. ഈ നൈജീരിയൻ നഗരത്തിലെ ഇരട്ടകളുടെ ജനനനിരക്ക് അസാധാരണമാം വിധം ഉയർന്നതാണ് എന്നതാണ് കാരണം. ഇതോടെ ഈ നഗരത്തിന് ‘ഇരട്ടകളുടെ നഗരം’ എന്ന വിളിപ്പേരും ലഭിച്ചു.
ഇരട്ടകൾ പലപ്പോഴും പ്രകൃതിയുടെ ഒരു അത്ഭുതമായാണ് കണക്കാക്കപ്പെടുന്നത്. ഒരേ രൂപത്തിലുള്ള രണ്ട് വ്യക്തികളെ കണ്ടുമുട്ടുന്നത് ശരിക്കും വേറൊരു അനുഭവം തന്നെയാണല്ലോ. ഇരട്ടകളുടെ ഉയർന്ന ജനസംഖ്യ കാരണം പ്രസിദ്ധി നേടിയ ഒരു നഗരമാണ് ഇഗ്ബോ ഓറ. പ്രാദേശിക മേധാവി ജിമോ ടിറ്റിലോയ് പറയുന്നതനുസരിച്ച്, നഗരത്തിലെ ഓരോ കുടുംബത്തിനും ഒരു ജോടി ഇരട്ട കുട്ടികളോ വീട്ടിൽ ഒന്നിലധികം ജനനങ്ങളോ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
നൈജീരിയയിൽ പ്രബലമായ യോറൂബ വംശീയ വിഭാഗത്തിൽ ഇരട്ടക്കുട്ടികൾ വളരെ സാധാരണമാണ് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1970-ൽ ഒരു ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റ് നടത്തിയ പഠനത്തിൽ, നൈജീരിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ, ഓരോ 1000 ജനനങ്ങളിലും 50 സെറ്റ് ഇരട്ടകൾ ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഇരട്ട ജനനനിരക്കുകളിൽ ഒന്നായി മാറുകയും ചെയ്തു.
ഇരട്ടക്കുട്ടികൾ ഇടയ്ക്കിടെ ജനിക്കുന്ന യൊറൂബ സംസ്കാരത്തിൽ, പരമ്പരാഗത ആചാരങ്ങളെ അടിസ്ഥാനമാക്കി അവർക്ക് പ്രത്യേക പേരുകൾ നൽകിയിട്ടുണ്ട്. ജനന ക്രമത്തെ ആശ്രയിച്ച്, അവരെ തായ്‌വോ അല്ലെങ്കിൽ കെഹിൻഡേ എന്നാണ് വിളിക്കുന്നത്.
കഴിഞ്ഞ 12 വർഷമായി ഇഗ്ബോ ഓറയിലെ നിവാസികൾ തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനത്തെ വർഷത്തിലൊരിക്കൽ ആഘോഷിക്കുന്നു. കഴിഞ്ഞ വർഷം, ആഘോഷത്തിൽ 1000 ജോഡി ഇരട്ടകളെ ഉൾപ്പെടുത്തിയായിരുന്നു ആഘോഷം. നൈജീരിയയ്ക്ക് പുറത്തുനിന്ന് പോലും ഈ ഉത്സവം കാണാൻ ആളുകൾ എത്തിയിരുന്നു എന്നാണ് സംഘാടകർ പറയുന്നത്.
ഉയർന്ന ഇരട്ട ജനനനിരക്ക് കാരണം നഗരത്തിന്റെ പ്രശസ്തി ഉയർന്നിട്ടും ഈ പ്രതിഭാസത്തിന് ശാസ്ത്രീയമായ തെളിവുകളോ വിശദീകരണമോ ഇതുവരെ ഉണ്ടായിട്ടില്ല. ചേനയിൽ നിന്ന് ഉണ്ടാക്കുന്ന പൊടിയിൽ നിന്ന് തയ്യാറാക്കിയ അമല എന്ന പരമ്പരാഗത വിഭവമാണ് ഇതിന് കാരണമെന്നാണ് ഇവിടുത്തെ പ്രാദേശികമായിട്ടുള്ള വിശ്വാസങ്ങൾ പറയുന്നത്. ഇഗ്ബോ ഓറയിൽ, ഈ ഭക്ഷണം കഴിക്കുന്നവരിൽ ‘മൾട്ടിപ്പിൾ ഓവുലേഷൻ’ അഥവാ ഒന്നിലധികമുള്ള അണ്ഡോത്പാദനം എന്നറിയപ്പെടുന്ന ചില ഹോർമോണുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കാം എന്നാണ് അബുജയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റ് ആയ ജോൺ ഒഫെം അഭിപ്രായപ്പെടുന്നത്.
“ലോകത്തിലെ ഇരട്ടകളുടെ തലസ്ഥാനം” എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് ഒരു സ്കൂളിൽ പോയി നോക്കിയാലും ഒരേ മുഖമുള്ള ഇരട്ടകളെ കാണാൻ സാധിക്കും. ഇരട്ടകളുടെ ജനനം കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശം ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ നേടുന്ന ഒന്നാണ്.