നമ്മുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ ചിലത് ജൈവവൈവിദ്ധ്യത്തിന് നാശമുണ്ടാക്കുന്നു എന്ന് പഠനം. ലോകമെമ്പാടുമുള്ള 151 ജനപ്രിയ വിഭവങ്ങളെ വിലയിരുത്താൻ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജൈവവൈവിധ്യത്തിന് ഏറ്റവുമധികം നാശനഷ്ടം വരുത്തിയ ഭക്ഷ്യവസ്തു സ്‌പെയിനിൽ നിന്നുള്ള റോസ്റ്റ് ലാംബ് റെസിപ്പിയായ ലെച്ചാസോയാണ്.
പട്ടികയിൽ ആറാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം ഇഡ്ഡലിയാണ്. രാജ്മ (കിഡ്നി ബീൻസ് കറി) ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ്. ലിസ്റ്റിൽ അരിമാവ് കൊണ്ട് ഉണ്ടാക്കിയ ഇഡ്ഡലിയും വെജിറ്റേറിയൻ വിഭവമായ രാജ്മയും ഉൾപ്പെട്ടത് അതിശയകരമാണ്.
‘ഇന്ത്യയിൽ പയർവർഗ്ഗങ്ങളുടെയും അരിയുടെയും സ്വാധീനം ആശ്ചര്യകരമാണ് എന്നാണ് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ലൂയിസ് റോമൻ കരാസ്കോ പറയുന്നത്.
151 വിഭവങ്ങളിൽ ഓരോന്നിനെയും പഠനത്തിൽ വിലയിരുത്തി, വിഭവങ്ങളുടെ ചേരുവകൾ വിളഭൂമിയിലെ വന്യ സസ്തനികൾ, പക്ഷികൾ, ഉഭയജീവികൾ എന്നിവയുടെ സ്പീഷിസ് സമ്പന്നതയെയും വ്യാപ്തിയെയും എങ്ങനെ സ്വാധീനിച്ചു എന്നതാണ് പഠനം. ഭക്ഷണ ശീലങ്ങൾ ക്രമീകരിക്കുന്നതിലൂടെ പരിസ്ഥിതി ബോധമുള്ളവരാകാൻ ആളുകളെ സഹായിക്കുക എന്നതാണ് പഠനം ലക്ഷ്യമിടുന്നത്.