Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

GOOD LIFE

ഉറക്കകുറവ് സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം

, 5:34 pm

നന്നായി ഉറങ്ങാന്‍ സാധിക്കാതെ വരുന്നതിന്റെ ബുദ്ധിമുട്ട് അത് അനുഭവിച്ചവര്‍ക്കറിയാം. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ലഭിക്കാതെ വരുന്നതിനു പുറമേ രാവിലെ ആയാല്‍ ക്ഷീണവും ഉന്മേഷക്കുറവും. ഉറക്കക്കുറവ് നമ്മുടെ ശരീരത്തെ മാത്രമല്ല മനസിനെ കൂടി ബാധിക്കുന്ന പ്രശ്നമാണ്. ദിവസം മുഴുവനുമുള്ള അധ്വാനവും ക്ഷീണവും തീര്‍ക്കനായാണ് രാത്രി എല്ലാവരും ഉറങ്ങാന്‍ കിടക്കുന്നത്. എന്നാല്‍ എത്രയൊക്കെ ക്ഷീണം ഉണ്ടായാലും ഉറക്കം ശരിയായില്ലെങ്കിലോ ?

പുരുഷന്മാരെയും സ്ത്രീകളെയും ഇത് ബാധിക്കാറുണ്ട്. എന്നാല്‍ ഈ സ്ലീപ്‌ ഡിസോഡര്‍ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. കൊളംബിയ സര്‍വ്വകലാശാലയില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചെറിയ ഉറക്കകുറവ് പോലും ബ്ലഡ്‌ പ്രഷര്‍ കൂട്ടാറുണ്ട്. ദിവസം ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ നേരം വരെ ഉറങ്ങാന്‍ സാധിക്കുന്ന സ്ത്രീകളെ അപേക്ഷിച്ചു ഉറക്കകുറവുള്ള സ്ത്രീകളില്‍ രക്തസമ്മര്‍ദവും ഹൃദ്രോഗവും കൂടാനുള്ള സാധ്യത ഇരട്ടിയാണ് എന്ന് ഈ പഠനം പറയുന്നു.അമേരിക്കന്‍ സ്ലീപ്‌ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ഏകദേശം 50 മുതല്‍70 ശതമാനം അമേരിക്കക്കാര്‍ക്കും ഉറക്കകുറവ് ഉണ്ടെന്നാണ്. ഇതില്‍ തന്നെ 30% പേര്‍ക്കും ഇന്‍സോമാനിയ അഥവാ ഉറക്കമില്ലായ്മ തന്നെയുണ്ട്‌.

എന്താണ് സ്ലീപ്‌ ഡിസോര്‍ഡര്‍

ശരിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയെയാണ് സസ്ലീപ്‌ ഡിസോര്‍ഡര്‍ എന്ന് വിളിക്കുക. സ്‌ട്രെസ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശാരീരികമാനസികകാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. ഇത് നമ്മുടെ ജീവിതത്തെ ബാധിച്ചു തുടങ്ങുമ്പോള്‍ ആണ് സ്ലീപ്‌ ഡിസോര്‍ഡര്‍ ഉണ്ടാകുന്നത്. എത്രയും വേഗം ചികിത്സ തേടേണ്ട ഒന്നാണ് ഇത്. വൈകുംതോറും ഇത് ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കാന്‍ തുടങ്ങും.

ഉറക്കം ഒട്ടും ഇല്ലാതെ വരുന്ന അവസ്ഥ പലരിലും പല തരത്തിലാണ് ബാധിക്കുന്നത്. ശ്രദ്ധ ഇല്ലാതെ വരിക, ക്ഷീണം, മൂഡ്‌ മാറ്റങ്ങള്‍, വിഷാദം എന്നിവയെല്ലാം  ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ആണ്.  സ്ലീപ്‌ ഡിസോര്‍ഡര്‍ പലവിധത്തിലുണ്ട്. അത് എന്തൊക്കെയെന്നു നോക്കാം.

ഇന്‍സോമാനിയ (Insomnia:) –  ഒരുതരത്തിലും ഉറങ്ങാന്‍ സാധിക്കാതെ വരുന്നതാണ് ഇത്. വിഷാദം, ദഹനപ്രശ്നങ്ങള്‍, സ്‌ട്രെസ് ,ഹോര്‍മോണ്‍ വ്യതിയാനം എന്നിവയെല്ലാം ഇതിനു കാരണമായേക്കാം. ഒരു വ്യക്തിയുടെ നിത്യജീവിതത്തിലെ പ്രവര്‍ത്തികളെ വരെ ഇത് ബാധിക്കും.

റസ്റ്റ്‌ലെസ് ലെഗ് സിന്ട്രോം  (Restless leg syndrome)-  കാലിനു സദാ നേരം എന്തോ അസ്വസ്ഥത തോന്നുന്നതാണ് ഇതിന്റെ ലക്ഷണം. കാലില്‍ പെരുപ്പ്‌ പോലെ തോന്നുക വഴി ഉറക്കവും ശരിയാകാതെ വരുന്നു.

പാരാസോംനിയാസ്   (Parasomnias)-  ഉറക്കത്തില്‍ അറിയാതെയുള്ള വിചിത്രമായ ചലനങ്ങള്‍ ആണ് ഇതിന്റെ ലക്ഷണം. രാത്രി ഉറക്കത്തില്‍ നടക്കുക, സംസാരിക്കുക, മൂത്രം ഒഴിക്കുക, പല്ല് കടിക്കുക എന്നിവയെല്ലാം ഇതില്‍ ഉണ്ടാകും.

 കൂര്‍ക്കം വലി (Sleep apnea)-  ഉറക്കത്തില്‍ ശ്വാസതടസ്സം ഉണ്ടാകുമ്പോള്‍ ആണ് കൂര്‍ക്കം വലിക്കുന്നത്. എന്നാലിത് അമിതമാകുമ്പോള്‍ സ്ലീപ്‌ അപ്നിയ സംശയിക്കാം.  ഉറക്കത്തില്‍ ശരീരത്തിലേക്ക് വായൂ പ്രവാഹം കുറയുന്നത് ഒരു ആരോഗ്യപ്രശ്നമാണ്. ചികിത്സ വഴി ഇതിനു പരിഹാരം കാണാവുന്നതാണ്.

നാര്‍ക്കോലെപ്സി   (Narcolepsy)-  യാതൊരു മുന്നറിയിപ്പുമില്ലാതെ ഉറക്കത്തിലേക്ക് വഴുതി വീഴുകയാണ് ഇതിന്റെ അവസ്ഥ. പകല്‍ നേരത്ത് അമിതമായ ക്ഷീണം തളര്‍ച്ച എന്നിവ തോന്നുകയും രോഗി ഉറക്കത്തിലേക്ക് വീഴുകയും ചെയ്യുന്നു. ഇത് ഒരുതരം സ്ലീപ്‌ പരാലിസിസ് ആണ്.

ചികിത്സ 

ഉറക്കക്കുറവിനു  ചികിത്സ തേടാന്‍ മടിക്കേണ്ട കാര്യമില്ല. ജീവിതചര്യയില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ വഴിയും ചികിത്സ വഴിയും ഇത് പരിഹരിക്കാം. മരുന്നുകള്‍, കൌണ്‍സിലിംഗ്, ശ്വസിക്കാനുള്ള ഉപകരണങ്ങള്‍, ചെറിയ ശസ്ത്രക്രിയ എന്നിവ എല്ലാം ഇതിന്റെ ചികിത്സയുടെ ഭാഗമാണ്. ഡയറ്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതും ഉറക്കകുറവിന് സഹായകമാണ്. മീന്‍, പച്ചകറികള്‍ എന്നിവ കൂടുതല്‍ കഴിക്കുന്നതും മധുരം കുറയ്ക്കുന്നതുമെല്ലാം ഉറക്കത്തെ സഹായിക്കും. ഒപ്പം വ്യായാമങ്ങള്‍ ചെയ്യുക, ഉറങ്ങാന്‍ കിടക്കും മുന്‍പ് വെള്ളം കുറച്ചു മാത്രം കുടിക്കുക, കഫീന്‍ ഉപയോഗം കുറയ്ക്കുക , പുകവലി, മദ്യപാനം  ഉപേക്ഷിക്കുക   എന്നിവയെല്ലാം നല്ല ഉറക്കത്തിനു സഹായകമാകും.

Advertisement