അഴകളവുകളില്ല പ്രണയം; ഇവര്‍ക്ക് പറയാന്‍ ഒരു കഥയുണ്ട്

സരോജ് കുമാര്‍ പ്രമോദിനിയുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ അവള്‍ക്ക് കാഴ്ചയോ മുഖമോ ഉണ്ടായിരുന്നില്ല, പക്ഷേ പകരം നല്‍കാന്‍ പ്രണയം തുടിക്കുന്ന ഒരു ഹൃദയമുണ്ടായിരുന്നു. സൗന്ദര്യത്തിനപ്പുറം ആത്മാര്‍ത്ഥ സ്‌നേഹത്തിന് മനസുകളെ എത്രത്തോളം കീഴ്‌പ്പെടത്തുവാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് ഒഡിഷ സ്വദേശികളായ പ്രമോദിനിയുടേയും സരോജ് കുമാറിന്റേയും പ്രണയകഥ.

പതിനഞ്ച് വയസ് പ്രായമുള്ളപ്പോള്‍ ആസിഡ് ആക്രമണത്തിലാണ് പ്രമോദിനിക്ക് കാഴ്ചയും മുഖവും നഷ്ടപ്പെട്ടത്. സംഭവം നടന്നിട്ട് പത്ത് വര്‍ഷം പിന്നിടുന്നു. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ സമീപവാസിയായ യുവാവ് പ്രമോദിനിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖവും കണ്ണും ഉരുകിയൊലിച്ചു. സംഭവത്തിന് ശേഷം തുടര്‍ച്ചയായ നാലു മാസത്തോളം പ്രമോദിനി ഐസിയുവില്‍ തുടര്‍ന്നു. മുഖവും കാഴ്ചയും വീണ്ടെടുക്കാന്‍ പല ശസ്ത്രക്രിയകളും നടത്തി. പത്തു വര്‍ഷത്തിനിടെ അഞ്ചോളം പ്ലാസ്റ്റിക് സര്‍ജറികളാണ് നടത്തിയത്. ഇതിനിടെ കാഴ്ച തിരിച്ചു ലഭിക്കാനുള്ള ശസ്ത്രക്രിയയും നടത്തി. ഇതേത്തുടര്‍ന്ന് ഇടത് കണ്ണിന് നേരിയ കാഴ്ച ലഭിച്ചു. എല്ലാ പിന്തുണകളുമായി പ്രമോദിനിക്കൊപ്പം അമ്മയുണ്ടായിരുന്നു.

2014 മാര്‍ച്ചില്‍ കാലില്‍ അണുബാധയെത്തുടര്‍ന്ന് ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെയാണ് പ്രമോദിനി, സരോജ് കുമാറിനെ പരിചയപ്പെടുന്നത്. പ്രമോദിനിയെ പരിചരിച്ച നഴ്‌സിന്റെ സുഹൃത്തായിരുന്നു സരോജ്. അമ്മവഴി പ്രമോദിനിയുടെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ സരോജിന്റെ മനസില്‍ വേദനയുടെ മുറിപ്പാടാണ് വീണത്. ആ മുറിപ്പാട് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.

ആദ്യം കണ്ട ശേഷം സരോജ് തന്നെ വീണ്ടും കാണാനെത്തിയിരുന്നുവെന്ന് പ്രമോദിനി മനസ് തുറന്നു. അണുബാധയെത്തുടര്‍ന്ന് അന്ന് കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. പഴയ രീതിയിലെത്തണമെങ്കില്‍ നാലു വര്‍ഷമെങ്കിലുമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞത് അമ്മയെ തളര്‍ത്തി. സരോജ് കുമാറിന്റെ വാക്കുകളാണ് അമ്മക്ക് ആശ്വാസമായത്. പിന്നീട് വരുമ്പോഴെല്ലാം തന്റെ ചികിത്സാ പുരോഗതിക്കെുറിച്ച് സരോജ് അമ്മയോട് ചോദിച്ചറിയുന്നുണ്ടായിരുന്നു. പതിനഞ്ച് ദിവസത്തിന് ശേഷമാണ് അദ്ദേഹം തന്നോട് ആദ്യമായി സംസാരിച്ചതെന്നും പ്രമോദിനി പറഞ്ഞു.

ഒരിക്കല്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ നല്‍കിയത് സരോജാണെന്നും പ്രമോദിനി പറഞ്ഞു. ആശുപത്രിയില്‍ ദിവസനും മണിക്കൂറുകളോളം തന്നോട് സംസാരിച്ചു. പിടിച്ചു നില്‍ക്കാനുള്ള ഊര്‍ജം അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലുമുണ്ടായിരുന്നു. പരിചരിക്കുന്നതിന് വണ്ടി ജോലി വരെ വേണ്ടെന്നുവെച്ചു. രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും വൈകീട്ട് നാല് മുതല്‍ എട്ടു വരെയും തന്റെ കാര്യങ്ങള്‍ നോക്കുന്നതിനായി സമയം ചെലവഴിച്ചു. ഫിസിയോ തെറാപ്പിക്കും മറ്റു കാര്യങ്ങള്‍ക്കുമെല്ലാം സരോജ് കൂടെയുണ്ടായി. തന്റെ ജീവിത്തില്‍ ലഭിച്ച വലിയ സൗഭാഗ്യമാണ് സരോജെന്നും രാജ്ഞിയെ പോലെയാണ് അദ്ദേഹം തന്നെ പരിചരിക്കുന്നതെന്നും പ്രമോദിനി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഡല്‍ഹിയില്‍ ഒരുമിച്ച് താമസിക്കുകയാണ് പ്രമോദിനിയും സരോജും. തുടക്കത്തില്‍ ഉണ്ടായിരുന്ന സൗഹൃദം ഒരിക്കലും പിരിയാന്‍ കഴിയാത്ത വിധം ഇരവരേയും അടുപ്പിച്ചു. വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കാനാണ് ഇരുവരുടേയും തീരുമാനം.