കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ചിത്രങ്ങള്‍ നല്‍കിയില്ല; ദമ്പതികളുടെ പരാതിയില്‍ ഫോട്ടോഗ്രാഫര്‍ക്ക് ശിക്ഷ

കല്യാണഫോട്ടോഗ്രാഫര്‍ ചിത്രം നല്‍കാതെ വര്‍ഷങ്ങള്‍ നടത്തിച്ചതിന് ദമ്പതികള്‍ കോടതി കയറി. ഒടുവില്‍ പിഴയും ചിത്രങ്ങളും കൈമാറാന്‍ കോടതി ഉത്തരവ്. വിവാഹ  ഫോട്ടോയെടുത്തതിനുശേഷം ഭൂരിഭാഗം പൈസ കൈപ്പറ്റി ചിത്രങ്ങള്‍ നല്‍കാതിരുന്ന ഫോട്ടോഗ്രാഫര്‍ക്കെതിരെയാണ് ഡല്‍ഹി കണ്‍സ്യൂമര്‍ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ചിത്രങ്ങള്‍ക്ക് വേണ്ടി ഇയാളുടെ പിന്നാലെ നടക്കുകയായിരുന്നു ദമ്പതികള്‍. യാതൊരുവിധ പ്രതികരണവുണ്ടാവാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

പരാതിയെത്തുടര്‍ന്ന് ഡല്‍ഹി കണ്‍സ്യൂമര്‍ കോടതി ഫോട്ടോഗ്രാഫര്‍ക്ക് പിഴശിക്ഷ വിധിച്ചു. ദമ്പതികളില്‍ നിന്ന് കൈപ്പറ്റിയ തുകയോടൊപ്പം 25,500 രൂപ പിഴ നല്‍കണം. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന വിവാഹകര്‍മ്മത്തെ മനോഹരമായി പകര്‍ത്തുന്നതും ഓര്‍മ്മകളാക്കുന്നതും ഫോട്ടോഗ്രാഫര്‍മാരാണ്. ദമ്പതികളില്‍ നിന്നും 80 ശതമാനത്തോളം തുക കൈപ്പറ്റിയിട്ടും ചിത്രം നല്‍കാതെ ഗുരുതരമായ കൃത്യവിലോപം നടത്തി ഫോട്ടോഗ്രാഫര്‍്.

അടുത്ത 10 ദിവസത്തിനുള്ളില്‍ വിവാഹഫോട്ടോകള്‍ എല്ലാം നല്‍കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിരിക്കുകയാണ് കോടതി ഇപ്പോള്‍.