Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

STORY PLUS

പുസ്തക പ്രസാധന രംഗത്തുള്ള ബിസിനസ് തന്ത്രങ്ങള്‍ എതിര്‍ക്കുന്നു-അരുന്ധതി റോയ്

, 11:54 am

‘ഞാന്‍ ഗോഡ് ഓഫ് സ്മോള്‍ തിങ്സ് എഴുതുന്നു, ബുക്കര്‍ പ്രൈസ് ലഭിക്കുന്നു. ഇനി ഞാന്‍ എഴുതുന്ന പുസ്തകങ്ങള്‍ അതിന്റെ പുത്രനോ ബന്ധുവോ ഒക്കെയായിരിക്കണം എന്ന പലരുടെയും സമ്മര്‍ദത്തെ ഞാന്‍ എതിര്‍ക്കുന്നു. പുസ്തക പ്രസാധനരംഗത്തുള്ള ബിസിനസ് തന്ത്രങ്ങള്‍ പോലും ഞാന്‍ എതിര്‍ക്കുന്നു. എല്ലാം വളരെ പെട്ടന്ന് നടക്കുന്നു അവിടെ’- ഇന്ത്യന്‍ സാഹിത്യത്തിന്റെ ഭാഗധേയം തന്നെ മാറ്റി എഴുതിയ എഴുത്തുകാരി അരുന്ധതി റോയ് പറയുന്നു.

അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകമായ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് സെല്ലര്‍ സ്ഥാനം ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് വെച്ചു നടക്കുന്ന ഡി.സി. ബുക്ക്‌സ് അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി ദിവ്യ ദ്വിവേദിയുമായി നടത്തിയ സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

” ജന്തര്‍ മന്തറില്‍ രാത്രിയില്‍ ഒരു പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ചെറിയൊരു പെണ്‍കുട്ടിയെ കണ്ടുകിട്ടി. ആര്‍ക്കും ആ കുട്ടിയെ എന്ത് ചെയ്യണം എന്നറിയില്ല. അവിടെ അപ്പോള്‍ രാഷ്ട്രീയ നായകന്മാരുണ്ട്, അനേകം ആക്ടിവിസ്റ്റുകളുണ്ട് ആര്‍ക്കുമറിയില്ല എന്താണ് ചെയ്യണ്ടതെന്ന്, എനിക്കും. ഒടുവില്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ തീരുമാനമാകുന്നു ‘. ഈ സംഭവം എന്നെ വല്ലാതെ ബാധിച്ചിരുന്നു.  ഇന്ന് ആ സ്ഥലത്തേക്ക് ആര്‍ക്കും പ്രവേശിക്കുവാന്‍ അനുമതിയില്ല.അമ്പതിനായിരം രൂപ കെട്ടി വെച്ച് രാം ലീല മൈതാനം വാടകയ്ക്ക് എടുക്കാതെ അവിടെ ആര്‍ക്കും പ്രക്ഷോഭം നടത്താന്‍ സാധ്യമല്ല.

മറ്റൊരു നോവലിനെ കുറിച്ചു ഞാന്‍ ചിന്തിച്ചു തുടങ്ങുന്നത് ആ സംഭവത്തിന് ശേഷമാണ്. ഒരു നഗരത്തിനെ പോലെ വഴി തെറ്റിക്കുന്നൊരു നോവല്‍. അവിടെ നിങ്ങള്‍ക്ക് വഴി തെറ്റിയാല്‍ സ്വയം തന്നെ കണ്ടെത്തണം. എന്റെ ആദ്യ പുസ്തകം ”ഗോഡ് ഓഫ് സ്മാള്‍ തിങ്സ്” തകര്‍ന്ന ഹൃദയവുമായി ജീവിക്കുന്ന ഒരു കുടുംബത്തെ പറ്റിയാണ് പറയുന്നത്. അവിടെ പക്ഷേ വായനക്കാരനെ സാന്ത്വനപ്പെടുത്താന്‍ ഒരു മേല്‍ക്കൂരയുണ്ടായിരുന്നു. എന്നാല്‍ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സില്‍ ഭവനരഹിതരെ പറ്റിയാണ് പറയുന്നത്. വായിക്കുന്നവന്റെയും തലയ്ക്കു മുകളിലുള്ള മേല്‍ക്കൂരയെ കൂടി അത് നശിപ്പിക്കും. എന്നില്‍ എപ്പോഴും ഗാര്‍ഹ്യവല്‍ക്കരണത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന എന്തോ ഒന്നുണ്ട്. പ്രശസ്തി പോലും ഈ ഗാര്‍ഹ്യവല്‍ക്കരണത്തിന്റെ ഭാഗമാണ്.

എന്നോട് പലരും ചോദിച്ചു എന്തിനൊരു ഹിജഡയുടെ കഥ പറയുന്നു. ഈ നോവലിലെ എല്ലാ കഥാപാത്രങ്ങളും പല തരത്തിലുള്ള അതിരുകളിലൂടെ സഞ്ചരിക്കുന്നവരാണ്. അഞ്ജുംമിന്റെ അതിര് ലിംഗഭേദത്തിലാണ്. പഴയ ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ഒരു ഷിയാ മുസ്ലിമാണ് അഞ്ജും. ഗുജറാത്ത് കലപാത്തില്‍ ആക്രമിക്കപ്പെടുകയും പക്ഷേ ഹിജഡയെ ഉപദ്രവിക്കുന്നത് നിര്‍ഭാഗ്യം ക്ഷണിച്ചു വരുത്തുമെന്ന് കരുതി അഞ്ജുംമിനെ കലപാകാരികള്‍ ഉപേക്ഷിക്കുന്നു. അഞ്ജും, തിലോത്തമ ഈ രണ്ടു സ്ത്രീകള്‍ തന്നെയാണ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സിന്റെ കേന്ദ്രങ്ങള്‍ പക്ഷേ അവര്‍ തമ്മില്‍ യാതൊരു സാമ്യവും ഇല്ല. ഒരാള്‍ക്ക് അമ്മയാകാനുള്ള ആഗ്രഹമാണ് ഏറ്റവും ശക്തം അതേ സമയം മറ്റേയാള്‍ക്ക് കുട്ടികളെ തന്നെ ഇഷ്ടമല്ല.

വെസ്റ്റേണേഴ്‌സ് ഈ പുസ്തകം വായിച്ചതിന് ശേഷം പറയുക ”ഇത് മാജിക്കല്‍ റിയലിസം ആണല്ലോ” എന്നാണ്. ശ്മശാനത്തില്‍ വീട് പണിയുന്നത് ഒക്കെ വായിച്ചിട്ടാണ് അവര്‍ അങ്ങനെ ചോദിക്കുന്നത്. ഉത്തരേന്ത്യയില്‍ ആളുകള്‍ പക്ഷേ ശ്മശാനങ്ങളില്‍ വീട് പണിയുന്നത് സര്‍വസാധാരണമാണ്. ഇവിടെ ഉള്ളവര്‍ ചോദിക്കുന്നത് യഥാര്‍ത്ഥമായ സംഭവത്തെ നോവലില്‍ ഉപയോഗപ്പെടുത്തിരിക്കുകയല്ലേ എന്നാണ്? അതും ശരിയല്ല.മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൂടെ, പല പല ഭാഷകള്‍ക്ക് ഇടയിലൂടെ, പല തരം സംഗീതത്തിലൂടെ ഒക്കെയുള്ള യാത്രയാണത്.

Advertisement