കാര്‍ യാത്രികന് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ! പ്രതിഷേധം അതിലും വ്യത്യസ്തം

ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ സവാരി നടത്തുന്നത് കുറ്റകരമാണെന്ന് അറിയാം. എന്നാല്‍ കാര്‍ യാത്രികരും ഹെല്‍മറ്റ് ധരിക്കണോ? ഇത് പുതിയ നിയമം ഒന്നുമല്ല. പക്ഷേ വിഷ്ണു ശര്‍മ്മ എന്ന കാര്‍ യാത്രികന് പൊലീസ് പിഴ ഈടാക്കിയത് ഹെല്‍മറ്റ് ധരിക്കാത്തതിന്. പൊലീസിന്റെ വ്യത്യസ്ത നിലപാടിനെതിരെ വ്യത്യസ്തമായി തന്നെ പ്രതിഷേധിക്കുകയാണ് ഈ യുവാവ്.

രാജസ്ഥാനിലെ ഭരത്പൂരില്‍ വെച്ചാണ് സംഭവം. ഡിസംബര്‍ ഒന്നിന് യുപി-രാജസ്ഥാന്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ വെച്ച് മാരുതി ഒമ്നിയില്‍ സഞ്ചരിച്ച വിഷ്ണു ശര്‍മ്മയില്‍ നിന്നും ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് പിഴ ചുമത്തുകയായിരുന്നു. 200 രൂപയാണ് വിഷ്ണു ശര്‍മ്മയില്‍ പിഴയായി പൊലീസ് ഈടാക്കിയത്. പൊലീസിന്റെ വിചിത്രമായ നടപടിക്കെതിരെ വിഷ്ണു ശര്‍മ്മയുടെ വ്യത്യസ്തമാര്‍ന്ന പ്രതിഷേധവും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഇപ്പോള്‍ വിഷണുവിന്റെ കാര്‍ സഞ്ചാരം ഹെല്‍മറ്റും ധരിച്ചുകൊണ്ടാണ്. ഹെല്‍മറ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചാല്‍ ഇനിയും പൊലീസ് പിഴ ഈടാക്കിയലോ എന്നാണ് വിഷ്ണുവിന്റെ ചോദ്യം.

വിഷ്ണു ശര്‍മ്മയുടെ വ്യത്യസ്ത പ്രതിഷേധം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പുലിവാലു പിടിച്ച അവസ്ഥയിലായി പൊലീസ്. സീറ്റ് ബല്‍റ്റ് ധരിക്കാത്തതിനാണ് പിഴ ഈടാക്കിയതെന്നും എഴുതിയപ്പോള്‍ മാറിപ്പോയതാണെന്നുമാണ് പൊലീസ് പറയുന്നത്. പക്ഷേ, ചെല്ലാനില്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള വാഹന വിവരങ്ങള്‍ എല്ലാം കൃത്യമായാണ് പൊലീസ് ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്. അതേസമയം താന്‍ സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നതായി വിഷ്ണു ശര്‍മ്മ വ്യക്തമാക്കി. സംഭവം വിവാദമായതോടെ വിശദ്ധമായ അന്വേഷണമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.