ഓക്‌സഫോര്‍ഡ് ഡിക്ഷണറിയുടെ 2017 ലെ വാക്ക്, 'യൂത്ത്‌ക്വേക്ക്'- ഇതിന്റെ അര്‍ഥമറിയണ്ടേ?

ഓക്സ്ഫോര്‍ഡ് ഡിക്ഷണറി 2017 തിരഞ്ഞെടുത്ത വാക്ക് കേട്ടാല്‍ യുവാക്കള്‍ ഞെട്ടും. കാരണം പ്രസരിപ്പുള്ള യുവാക്കളെ സൂചിപ്പിക്കാന്‍ ഇക്കഴിഞ്ഞ 12 മാസം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക്. ഇതാകട്ടെ യുവാക്കള്‍ക്ക് അജ്ഞാതവുമാമാണ്. ആ വാക്ക് ഏതാണെന്നല്ലേ… “യൂത്ത്ക്വേക്ക്”

യുവാക്കളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന സാമൂഹികവും, രാഷ്ട്രീയവും,സാംസ്‌കാരികവുമായ മാറ്റത്തെ ഒറ്റപദത്തില്‍ സൂചിപ്പിക്കുകയാണ് യൂത്ത്‌ക്വേക്ക്. കഴിഞ്ഞ ഒരു വര്‍ഷം ലോകത്തിന്റെ സമൂലമായ മാറ്റത്തിനുവേണ്ടി പരിശ്രമിച്ച യുവാക്കള്‍ക്കുവേണ്ടിയാണ് ഓക്സ്ഫോര്‍ഡ് ഡിക്ഷണറി ഈ വാക്ക് സമര്‍പ്പിക്കുന്നത്.

2016 നെ അപേക്ഷിച്ച് 2017 ല്‍ ഈ വാക്ക് കൂടുതലായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഡിക്ഷണറിയുടെ എഡിറ്റേഴ്സ് സാക്ഷ്യപ്പെടുത്തുന്നത്. യു.കെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് അനുബന്ധമായിട്ടാണ് യൂത്തക്വേക്ക് എന്ന വാക്ക് കൂടുതലായി ഉപയോഗിച്ചിട്ടുള്ളതെന്ന് എഡിറ്റേഴ്സ് പറയുന്നു. തൊഴിലാളി നേതാവ് ജെര്‍മ്മി കോര്‍ബയനിന്റെ നേതൃത്വത്തില്‍ യു.കെ തിരഞ്ഞെടുപ്പിന് അണിനിരന്ന യുവാക്കളുടെ ശക്തിയാണ് യൂത്തക്വേക്ക് കൂടുതലായി ഉപയോഗിക്കാന്‍ കാരണമെന്ന് ഇവര്‍ വിലയിരിത്തുന്നു.

യൂത്ത്ക്വേക്ക് ഓക്സ്ഫോര്‍ഡിന്റെ അവാര്‍ഡിനര്‍ഹമാകുന്നത് ഈ വര്‍ഷത്തിലാണെങ്കിലും 1965 ല്‍ തന്നെ ഈ വാക്ക് രൂപപ്പെട്ടിട്ടുണ്ട്. വോഗ് മാസികയുടെ എഡിറ്ററായ ഡയാന വീര്‍ലാന്‍ഡാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. യുവാക്കളുടെ പ്രവര്‍ത്തനഫലമായി ഫാഷന്‍ ലോകത്ത് ഉണ്ടായ മാറ്റങ്ങളെ സൂചിപ്പിക്കാനായരുന്നു ഡയാന യൂത്ത്ക്വേക്ക് ഉപയോഗിച്ചത്.

പോസ്റ്റ്ട്രൂത്ത് എന്ന വാക്കാണ് 2016 ലെ മികച്ച വാക്കായി ഓക്സ്ഫോര്‍ഡ് തിരഞ്ഞെടുത്തിരുന്നത്.