പൂച്ചയെ ചവിട്ടി കടലിലിട്ടു; യുവാവിന് പത്ത് വര്‍ഷം തടവും പിഴയും

പൂച്ചയെ ചവിട്ടി കടലിലിട്ട യുവാവിന് 10 വര്‍ഷം തടവും കനത്ത തുക പിഴയും. ഗ്രീസിലെ എവിയ ദ്വീപിലാണ് സംഭവം. കടലിന് സമീപത്തായുള്ള ഒരു റെസ്‌റ്റോറന്റില്‍ എത്തിയ യുവാവ് അവിടെയുള്ള പൂച്ചകളെ ഭക്ഷണം നല്‍കാനെന്ന വ്യാജേന തന്റെ അടുത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ഉപദ്രവിക്കുകയായിരുന്നു.

യുവാവിന്റെ അടുത്തേക്ക് എത്തിയ ഒരു പൂച്ചയെ കാലുകൊണ്ട് തള്ളി കടലിലിടുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റു പൂച്ചകളെയും ഇത്തരത്തില്‍ ആക്രമിക്കാന്‍ യുവാവ് ശ്രമിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്നവര്‍ പൂച്ചയെ തള്ളിയിടുന്നതിന്റെ വീഡിയോ എടുത്തിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന് ഗ്രീസിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൂച്ചയ്ക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നും താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും യുവാവ് പറഞ്ഞു. എന്നാല്‍ 2020ലെ പരിഷ്‌ക്കരിച്ച നിയമപ്രകാരം 10 വര്‍ഷം വരെ തടവും കനത്ത തുക പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് പൊലീസ് വ്യക്തമാക്കി. മൃഗങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ക്രൂരതകള്‍ ക്ഷമിക്കാവുന്നതല്ലെന്ന് ഗ്രീക്ക് മന്ത്രി ടാക്കിസ് തിയോഡോര്‍കാകോസും അറിയിച്ചു.