യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത് ഒരേയൊരു വീഡിയോ, 317 മില്യൺ കാഴ്ചക്കാർ; ആ വീഡിയോ ആയിരുന്നു എല്ലാത്തിനും തുടക്കം...

എന്ന് മുതലാണ് നമ്മൾ മൊബൈൽ ഉപയോഗിച്ച് തുടങ്ങിയതെന്ന് നമുക്ക് ഓർമയുണ്ടാകാൻ സാധ്യതയുണ്ട്. എന്ന് മുതലാണ് നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങിയത് എന്നും ഓർമയുണ്ടാകാം. എന്നാൽ ആദ്യമായി യൂട്യൂബ് ഉപയോഗിച്ചത് ആരാണെന്നോ എന്ത് വീഡിയോ ആണ് ആദ്യമായി അപ്‌ലോഡ് ചെയ്തത് എന്നോ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ് ജാവേദ് കരീം എന്ന യുവാവാണ് യൂട്യൂബിൽ ആദ്യമായി വീഡിയോ അപ്ലോഡ് ചെയ്തത്. ‘മീ അറ്റ് ദ സൂ’ എന്ന് പേരിട്ടിരിക്കുന്ന 19 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ സാൻ ഡിയാഗോ മൃഗശാലയിൽ ആനകൾക്ക് മുന്നിൽ നിൽക്കുന്ന ജാവേദ് കരീമിനെയാണ് കാണാനാവുക. രസകരമായ കാര്യം എന്തെന്നാൽ, 2005 മേയിൽ യൂട്യൂബിൻ്റെ പബ്ലിക് ലോഞ്ചിന് ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു കരീമിൻ്റെ സുഹൃത്തുക്കൾ വീഡിയോ ചിത്രീകരിച്ചത്.

വീഡിയോയുടെ ക്വാളിറ്റി വളരെ കുറവായിരുന്നെങ്കിലും ഈ വീഡിയോ ഡിജിറ്റൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു എന്ന് വേണമെങ്കിൽ പറയാം. 2006-ൽ, ടെക് ഭീമനായ ഗൂഗിൾ 1.65 ബില്യൺ ഡോളറിന് യുട്യൂബ് സ്വന്തമാക്കിയ അതേസമയം സ്റ്റാൻഫോർഡ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ പോയ കരീമിന് ഗൂഗിൾ സ്റ്റോക്കിൻ്റെ 137,443 ഷെയറുകൾ ആണ് ലഭിച്ചത്. അക്കാലത്തെ 64 ദശലക്ഷം ഡോളർ (533 കോടി രൂപ) ആയിരുന്നു അത് എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 19 വർഷം മുൻപ് 2005 ഏപ്രിൽ 23 നാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. ഇതുവരെ ഏകദേശം 317 ദശലക്ഷത്തിലധികം വ്യൂസ് ആണ് വീഡിയോ നേടിയിരിക്കുന്നത്.

‘ശരി. അങ്ങനെ ഞങ്ങൾ ആനകളുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ഈ ആനകുട്ടികളുടെ രസകരമായ കാര്യം അവർക്ക് ശരിക്കും വളരെ നീളമുള്ള തുമ്പിക്കൈകളുണ്ട്. അത് രസകരമാണ്’ എന്നുമാണ് വീഡിയോയിൽ കരീം പറയുന്നത്. യൂട്യൂബർമാർ ഇക്കാലത്ത് കാഴ്ചക്കാരോട് ‘ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും’ ആവശ്യപ്പെട്ട് വീഡിയോ അവസാനിപ്പിക്കുമ്പോൾ, പ്ലാറ്റ്‌ഫോമിൻ്റെ സഹസ്ഥാപകൻ കൂടിയായ കരിം ‘അത്ര മാത്രമേ ഇപ്പോൾ പറയാൻ ഉള്ളു’ എന്ന് പറഞ്ഞ കൊണ്ടാണ് വീഡിയോ ലളിതമായി അവസാനിപ്പിച്ചത്. ’19 വർഷം മുമ്പ് ഈ ദിവസം, 2005-ൽ ആദ്യമായി യൂട്യൂബ് വീഡിയോ അപ്‌ലോഡ് ചെയ്തു. വീഡിയോ 317 ദശലക്ഷം വ്യൂസ് നേടി’ എന്ന അടികുറിപ്പോടെയാണ് എക്‌സിൽ ഒരാൾ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കരീമിന്റെ ഈ വീഡിയോയിൽ കാര്യമായിട്ടൊന്നും ഇല്ലെ എന്നതാണ് രസകരമായ കാര്യം. എന്നാൽ ഇവിടുന്നാണ് ആധുനിക വ്ളോഗിങിന്റെ ആരംഭം എന്നതാണ് സത്യം. കരീമിന്റെ വെരിഫൈഡ് യൂട്യൂബ് ചാനലിൽ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഈ അക്കൗണ്ടിൽ നിന്നുള്ള ഒരേയൊരു വീഡിയോ മാത്രമാണ് ഇത് എന്നതും രസകരമായ മറ്റൊരു കാര്യമാണ്.

ജാവേദ് കരീമിനെ കൂടാതെ, യൂട്യൂബിന്റെ മറ്റൊരു സഹസ്ഥാപകനും സിഇഒയുമായ ചാഡ് ഹർലി ഗൂഗിൾ സ്റ്റോക്കിൻ്റെ 6,94,087 ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ 345 മില്യൺ ഡോളർ മൂല്യമുള്ള ഒരു ട്രസ്റ്റിലെ 41,232 അധിക ഷെയറുകളും സ്വന്തമാക്കിയിട്ടുണ്ട്. അതുപോലെ സഹസ്ഥാപകനായ സ്റ്റീവൻ ചെന്നിന് 6,25,366 ഓഹരികളും ഏകദേശം 326 മില്യൺ ഡോളർ മൂല്യമുള്ള 68,721 അധിക ഓഹരികളും ഒരു ട്രസ്റ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്.

തൻ്റെ വിജയ യാത്ര ആരംഭിക്കുന്നതിന് മുമ്പ്, കരീം പെയ്പാലിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വച്ചാണ് കരീം സ്റ്റീവിനും ചാഡിനുമൊപ്പം ഒരുമിക്കുന്നത്. സൂപ്പർ ബൗളിൻ്റെയും ഇന്ത്യൻ മഹാസമുദ്ര ഭൂകമ്പത്തിൻ്റെയും വിഡിയോകൾ കണ്ടെത്താൻ കരീമിന് കഴിയാതെ വന്നപ്പോഴാണ് വീഡിയോ പ്ലാറ്റ്‌ഫോം എന്ന ആശയം ഉടലെടുത്തത്. തുടക്കത്തിൽ മൂന്ന് പേരും ഒരു ഡേറ്റിംഗ് സൈറ്റ് ഉണ്ടാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ കാര്യത്തിൽ അവർ നിരവധി തടസ്സങ്ങൾ നേരിട്ടു. പിന്നീട് അവർ ഒരു വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൻ്റെ സാധ്യത മനസ്സിലാക്കുകയും യൂട്യൂബ് പ്ലാറ്റ്‌ഫോം നിർമിച്ചെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

യൂട്യൂബ് ഗൂഗിൾ ഏറ്റെടുത്തതിന് ശേഷം ജാവേദ് കരീം മുമ്പ് യൂണിവേഴ്‌സിറ്റി വെഞ്ച്വേഴ്‌സ് എന്നറിയപ്പെട്ടിരുന്ന വൈ വെഞ്ചേഴ്‌സ് സ്ഥാപിച്ചു. ഈ സംഘടനയിലൂടെ, എയർബിഎൻബി , റെഡിറ്റ്, എവെന്റ്ബ്രൈറ്റ് തുടങ്ങിയ ജനപ്രിയ കമ്പനികളിൽ കരിം നിക്ഷേപം നടത്തിയിട്ടുണ്ട്.