ഭൂമിയിലെ പറുദീസ എന്ന് വിളിക്കാവുന്ന ചില മനോഹരമായ സ്ഥലങ്ങൾ ലോകത്തുണ്ട്. അത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ സ്ഥിരതാമസമാകാൻ ചിലർക്ക് തോന്നാറുമുണ്ട്. ഇറ്റലിയിലെ ഒരു പ്രദേശം അതിന്റെ മനോഹാരിത കൊണ്ട് ശ്രദ്ധ നേടുകയാണ്. എന്നാൽ അതിനപ്പുറത്തേക്ക് മറ്റൊരു കാര്യമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്താണെന്നാൽ ഇവിടെ താമസിക്കാൻ തയ്യാറാവുകയാണെങ്കിൽ നിങ്ങൾക്കിവിടെ താമസിക്കാൻ അധികൃതർ കൈ നിറയെ പണം തരും.
മണൽ നിറഞ്ഞ ബീച്ചുകളും, മനോഹരമായ ഗ്രാമങ്ങളും, പർവ്വതങ്ങളും നിറഞ്ഞ ഇറ്റലിയിലെ കാലാബ്രിയ എന്ന സ്ഥലത്താണ് ആളുകൾക്ക് താമസിക്കാൻ അധികാരികൾ പണം നൽകുന്നത്. ചെറിയ ഗ്രാമങ്ങൾ വ്യാപിച്ചു കിടക്കുന്ന ഒരു പ്രദേശമാണിത്. പ്രാദേശിക സമ്പദ്‌വ്യവസ്ഥ ഉയർത്താൻ ലക്ഷ്യമിട്ടുള്ള അധികാരികൾ താൽപ്പര്യമുള്ള വ്യക്തികൾക്ക് 26,000 പൗണ്ട്( 26 ലക്ഷം രൂപ) ആണ് വാഗ്‌ദാനം ചെയ്യുന്നത്. 2021ൽ ഈ പദ്ധതി ആരംഭിച്ചിരുന്നെങ്കിലും കാര്യമായ ശ്രദ്ധ ലഭിച്ചിരുന്നില്ല.
ജീവിക്കാൻ പണം അവർ നൽകുമല്ലോ എന്ന് കരുതി പോകാനൊരുങ്ങുന്നവർ എന്നാൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. താൽപ്പര്യമുള്ള വ്യക്തികൾ ചില നിബന്ധനകൾ പാലിക്കണം എന്നാണ് അധികൃതർ പറയുന്നത്. താമസിക്കാൻ എത്തുന്നവർ 40 വയസ്സിന് താഴെയുള്ളവരായിരിക്കണം, 90 ദിവസത്തിനുള്ളിൽ താമസം മാറാൻ കഴിയണം. കൂടാതെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയോ അല്ലെങ്കിൽ ഒഴിവുള്ള ഒരു ജോലിയിൽ പ്രവേശിക്കുകയോ ചെയ്യണം.
26 ലക്ഷം രൂപ ഒറ്റയടിക്ക് നിങ്ങളുടെ അക്കൗണ്ടിലെത്തില്ല എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇതിന് പകരം അടുത്ത മൂന്ന് വർഷം നിങ്ങൾക്ക് പ്രതിമാസം ഒരു തുക അക്കൗണ്ടിലിടും. ഈ പ്രദേശത്ത് ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് ആളുകളെ അധികൃതർ കാലാബ്രിയയിലേക്ക് ക്ഷണിക്കുന്നത്. അയ്യായിരത്തിൽ താഴെ ആളുകളാണ് ഈ സ്ഥലത്ത് ഉള്ളതെന്നാണ് 2021ലെ കണക്കുകൾ പറയുന്നത്.