എക്കാലത്തെയും ഒരു അത്ഭുതമാണ് ടൈറ്റാനിക്. 1912 ഏപ്രിൽ 15 ന് കടലിൽ മുങ്ങിക്കിടന്ന കൂറ്റൻ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക്ക് എന്ന ആഡംബര കപ്പലിന്റെ ഓർമ്മകൾ ഇന്നും എല്ലാവരുടെയും മനസിലുണ്ട്. ടൈറ്റാനിക്കുമായി ബന്ധപ്പെട്ട ഏത് കാര്യവും ഇക്കാലത്ത് വൈറലാകാറുണ്ട്. കപ്പലിൽ ഉപയോഗിച്ചിരുന്ന ഒരേയൊരു ഫസ്റ്റ് ക്ലാസ് ഡിന്നർ മെനു ലേലത്തിന് വയ്ക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
തകർച്ചയിൽ നിന്ന് ‘അതിജീവിച്ചത്’ എന്നാണ് ലേല സ്ഥാപനത്തിലെ ആൻഡ്രൂ ആൽഡ്രിഡ്ജ് ഈ മെനുവിനെ വിശേഷിപ്പിക്കുന്നത്. £50,000- £70,000 (51,33,900 രൂപ- 71,87,390 രൂപ) ന് മെനു വിറ്റ് പോകുമെന്നാണ് ലേല സ്ഥാപനം കരുതുന്നത്. മഞ്ഞുമലയിൽ ഇടിച്ച് ടൈറ്റാനിക്ക് കപ്പൽ തകർന്നപ്പോൾ 1500-ലധികം ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്.
ആഡംബരകപ്പലിൽ പണക്കാരും സാധാരണക്കാരും ഉണ്ടായിരുന്നു. എന്നാൽ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മാത്രമാണ് പ്രത്യേക ഭക്ഷണ മെനു ഉണ്ടായിരുന്നത്. മുത്തുച്ചിപ്പി, ബീഫ്, സ്പ്രിംഗ് ലാംബ്, മല്ലാർഡ് താറാവ് എന്നിവയുൾപ്പെടെയുള്ള വിഭവങ്ങളാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ മെനുവിലെ ചില എഴുത്തുകൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് മാഞ്ഞ് തുടങ്ങിയതായും കാണാം.
എന്നാൽ മെനുവിനെക്കാൾ വില ലഭിക്കാൻ സാധ്യതയുള്ള മറ്റ് ചില സാധനങ്ങളും ലേലത്തിനുണ്ട്. 70,000-£100,000-ന് വിൽക്കുമെന്ന് കണക്കാക്കപ്പെടുന്ന ഡെക്ക് ബ്ലാങ്കറ്റ് ആണ് ഒരു വസ്തു. ആർഎംഎസ് കാർപാത്തിയ എന്ന റെസ്ക്യൂ കപ്പലിൽ ടൈറ്റാനിക്ക് ദുരന്തത്തിൽ നിന്ന് അതിജീവിച്ച അയാളോടൊപ്പം ഈ ഫസ്റ്റ് ക്ലാസ് വൈറ്റ് സ്റ്റാർ ലൈൻ ബ്ലാങ്കറ്റും ന്യൂയോർക്കിലേക്കെത്തി എന്നാണ് കരുതപ്പെടുന്നത്.
ഏഴ് ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിൽ നിന്നും വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ടാം ക്ലാസ് യാത്രക്കാരനായ സിനായ് കാന്ററിന്റെ ശരീരത്തിൽ നിന്ന് വീണ്ടെടുത്ത പോക്കറ്റ് വാച്ചും ലേലത്തിന് വച്ചിട്ടുണ്ട്. ഭാര്യ മിറിയത്തിനൊപ്പം സതാംപ്ടണിൽ 26 പൗണ്ടിന്റെ ടിക്കറ്റിലാണ് സിനായ് കാന്റർ കപ്പലിൽ കയറിയത്. ഇവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പോക്കറ്റ് വാച്ചിന് £50,000-£80,000 മൂല്യമുണ്ടെന്ന് ലേലക്കാർ കണക്കാക്കിയിട്ടുണ്ട്.
മൂന്നാം ക്ലാസ് യാത്രയ്ക്കുള്ള താരിഫുകൾ പരസ്യം ചെയ്ത മങ്ങിയ ബ്രോഡ്‌സൈഡ് പോസ്റ്ററാണ് വിൽപ്പനയ്ക്ക് വച്ച മറ്റൊരു വസ്തു. കപ്പൽ മുങ്ങിയതിനെത്തുടർന്ന് ഇവയിൽ പലതും നശിച്ചുവെന്നും വിരലിലെണ്ണാവുന്ന പോസ്റ്ററുകൾ മാത്രമേ നിലവിലുള്ളൂവെന്നും കരുതുന്നു. നവംബർ 11 ന് വിൽറ്റ്ഷെയറിലെ ഡിവൈസെസിലെ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലിമിറ്റഡിലാണ് ലേലം നടക്കുക.