അഗസ്ത്യാര്‍കൂട യാത്ര ഇന്ന് ആരംഭിച്ചു. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളില്‍ മൂന്നാം സ്ഥാനമാണ്. നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍, തമിഴ്നാട്ടിലെ കളക്കാട് – മുണ്ടന്‍തുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാര്‍കൂടത്തെ വലയം ചെയ്യുന്നത്.
വിവിധങ്ങളായ ഔഷധസസ്യങ്ങള്‍, ആരോഗ്യപച്ച, ഡ്യുറി ഓര്‍ക്കിഡ്, ചെങ്കുറുഞ്ഞി, കൊണ്ടപ്പന തുടങ്ങിയ തദ്ദേശീയമായ സസ്യങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം. നിത്യഹരിതവനം, ആര്‍ത്തവ്യത്യഹരിതവനം, ഇലകൊഴിയും വനം, പുല്‍മേട്, ഈറ്റക്കാടുകള്‍, ചോല വനം, ഗിരി വനം എന്നിങ്ങനെ വ്യത്യസ്തതകളുള്ള പ്രദേശവുമാണിവിടം. കടുവ,പുലി ആന, കാട്ടുപോത്ത്, കരടി, മാനുകള്‍ വിവിധതരം കുരങ്ങു വര്‍ഗങ്ങള്‍, മലമുഴക്കി വേഴാമ്പല്‍, മല മൈന, മാക്കാച്ചിക്കാട എന്നിങ്ങനെയുള്ള അപൂര്‍വയിനം പക്ഷികള്‍, രാജവെമ്പാല, മലമ്പാമ്പ്, അണലി ഉള്‍പ്പെടെയുള്ള ഉരഗങ്ങള്‍ എന്നിങ്ങനെ ധാരാളം വന്യജീവികള്‍ ഇവിടെ അധിവസിക്കുന്നു.
യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി ജൈവ സഞ്ചയ മേഖലയായി പ്രഖ്യാപിച്ച അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിന്റെ ഹൃദയഭാഗമാണ്. ആദിമ നിവാസികളായ കാണിക്കാര്‍ ഇവിടെ തിങ്ങിപാര്‍ക്കുന്നു. ആയുര്‍വേദത്തിന്റെ ആചാര്യനായ അഗസ്ത്യാര്‍മുനി ഈ ഗിരീശൃംഗത്തില്‍ തപസ്സനുഷ്ഠിച്ചതായി വിശ്വസിക്കുന്നു. ബ്രിട്ടീഷുകാരനായ അലന്‍ ബ്രൗണ്‍ എന്ന വാനനിരീക്ഷകന്‍ ഈ പര്‍വ്വതത്തിനു മുകളില്‍ 1855 ല്‍ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു നിരീക്ഷണം നടത്തിയിട്ടുണ്ട്.
ട്രക്കിങ് മൂന്ന് ദിനം; കരുതേണ്ടവ
സമുദ്രനിരപ്പില്‍ നിന്നും 1868 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ട്രെക്കിങ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതാണ്. ഒരു വശത്തേക്ക് 20 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ ട്രക്കിംഗ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രക്കിങ് ആണ്. ബോണക്കാട് പിക്കറ്റിംഗ് സ്റ്റേഷനില്‍ 7 മണി മുതല്‍ ചെക്കിംഗ് ആരംഭിക്കും. ഒന്‍പത് മണിക്ക് യാത്ര ആരംഭിക്കും. ടിക്കറ്റ് പ്രിന്റ് ഔട്ട്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്ത ഐ ഡി, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും കരുതിയിരിക്കണം. ഒന്നാം ദിവസം അതിരുമല ബേസ് ക്യാമ്പില്‍ താമസിക്കാം. രണ്ടാം ദിവസം രാവിലെ ആറ് കിലോമീറ്റര്‍ മല കയറി അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിച്ചിട്ട് തിരികെ അതിരുമല ബേസ് ക്യാമ്പില്‍ താമസിച്ച് മൂന്നാം ദിവസം ബോണക്കാടേക്ക് മടക്കയാത്ര എന്ന രീതിയിലാണ് ട്രക്കിംഗ് ഏകീകരിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്, ലഹരി വസ്തുക്കള്‍, പൂജാ സാധനങ്ങള്‍, പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന മറ്റു സാധനങ്ങള്‍ എന്നിവ അനുവദനീയമല്ല. വന്യജീവികള്‍ ഉള്ള വനമേഖലയായതിനാല്‍ സന്ദര്‍ശകരോടൊപ്പം പോകുന്ന വനം വകുപ്പിന്റെ ഗൈഡുകളുടെയും ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശം കര്‍ശനമായും പാലിക്കണം.
ഓരോ രണ്ട് കിലോമീറ്ററുകള്‍ക്കിടയ്ക്കു ഉള്ള ക്യാമ്പുകളില്‍ ഗൈഡുകള്‍ സഹായിക്കും. വന്യമൃഗങ്ങള്‍ ആകര്‍ഷിക്കാത്ത വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കേണ്ടതും സുഗന്ധദ്രവ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുമാണ്. ട്രക്കിങ്ങിനു പോകുമ്പോള്‍ സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവര്‍ കൈവശം കരുതേണ്ടതാണ്. ട്രക്കിംഗ് ഷൂസ്, മഴ പ്രതിരോധിക്കാനുള്ള റെയിന്‍ കോട്ട്, ടോര്‍ച്ച്, ബെഡ്ഷീറ്റ് / സ്ലീപ്പിംഗ് ബാഗ് എന്നിവ കരുതേണ്ടതാണ്. ശുദ്ധജലത്തിനായി സ്റ്റീല്‍ കുപ്പികള്‍ കരുതാം.
റെഗുലര്‍ സീസണ്‍ ട്രക്കിംഗിന് പുറമെ സ്പെഷ്യല്‍ പാക്കേജ് ട്രക്കിംങ്ങും വനം വകുപ്പ് നടത്തുന്നുണ്ട്. ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാന്റീനുകള്‍ പ്രവര്‍ത്തിപ്പിച്ച് സന്ദര്‍ശകര്‍ക്കു ആവശ്യമായ ഭക്ഷണസാധനങ്ങള്‍ നല്‍കും. സ്പെഷ്യല്‍ പാക്കേജ് ട്രക്കിംഗിന് റെഗുലര്‍ സീസണ്‍ അല്ലാത്ത സമയത്ത് അനുകൂല കാലാവസ്ഥ എങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം എന്ന നിബന്ധനയില്‍ (തിങ്കള്‍, വ്യാഴം, ശനി,) ദിവസം 70 പേര്‍ എന്ന നിബന്ധനയോടെ 5/10 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ക്ക് സ്പെഷ്യല്‍ പാക്കേജില്‍ പങ്കെടുക്കാം. ഓരോ ഗ്രൂപ്പിനും പ്രത്യേകമായി ഗൈഡുമാര്‍ നയിക്കും. ഭക്ഷണം ഉള്‍പ്പെടെ നിശ്ചിത ഫീസ് ഈടാക്കും. തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡ്ന്റെ ഓഫീസില്‍ നേരിട്ട് എത്തി ടിക്കറ്റ് ബുക്ക് ചെയ്യാം.