ഇടുക്കിയിലെ ജലാശയങ്ങളിലേക്ക് വിനോദയാത്രക്ക് വരുന്നവര്‍ ഇതൊന്ന് വായിക്കണം. കഴിഞ്ഞ പത്തുപതിനഞ്ചു ദിവസത്തിനുള്ളില്‍ ഇടുക്കി ഡാമില്‍ വീണ് രണ്ടു മരണങ്ങളാണ് സംഭവിച്ചത്.. അതിലൊരാള്‍, കാണുമ്പോള്‍ എന്നും ഓടിവന്ന് സംസാരിക്കുന്ന അയല്‍വക്കക്കാരന്‍ എന്നത് വലിയ വേദനയുളവാക്കുന്നു. മറ്റൊരാള്‍ ജീവിച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു ചെറുപ്പക്കാരിയും.
ഞങ്ങളുടെ താമസസ്ഥലത്ത് നിന്ന് വളരെ കുറച്ചു ദൂരമേയുള്ളൂ ഇടുക്കി ഡാമിലേക്ക്. എങ്കിലും ആകെ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ് ഞാന്‍ ഇടുക്കി ഡാമില്‍ പോയിട്ടുള്ളത്. അങ്ങോട്ട് പോകുവാണ് എന്നു പറഞ്ഞാല്‍ ഇപ്പോഴും അമ്മ വഴക്ക് പറയും. അവര്‍ പറയുന്നത് ഡാമില്‍ വീണു മരിച്ചവര്‍ അതുവഴി പോയാല്‍ പിടിച്ചു വലിച്ച് വെള്ളത്തിലേക്ക് ഇടും എന്നാണ്. സംഭവം തമാശയായിട്ട് തോന്നുമെങ്കിലും ഇന്നത്തെ മരണം അടക്കം അവിടെ നടന്നിട്ടുള്ള മരണങ്ങളില്‍ നല്ലൊരു ശതമാനവും കാല്‍തെറ്റി വെള്ളത്തിലേക്ക് വീണുണ്ടായതാണ് എന്നുള്ളതാണ്. ‘ആരോ പിടിച്ചു വലിച്ച് ഇട്ടത് പോലെ.’
ഈ ഡാമിന്റെ പ്രത്യേകതകളും വെള്ളത്തിന്റെ രീതികളും ഭൂപ്രദേശങ്ങളുമെല്ലാം അറിയാവുന്നവര്‍ക്ക് പോലും പലപ്പോഴും അവിടെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അപ്പോള്‍ ഇതൊന്നുമറിയാതെ വെള്ളത്തിന്റെ സൗന്ദര്യം മാത്രം കണ്ട് ഡാമിന്റെ ഉള്‍പ്രദേശങ്ങളില്‍ അനധികൃതമായി കടന്നു പോകുന്ന ആളുകള്‍ ഈ കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഭൂപ്രകൃതി
മലഞ്ചെരുവുകളിലാണ് വെള്ളം കെട്ടി നില്‍ക്കുന്നത്. വര്‍ഷങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെ മണ്ണും മറ്റും ഒലിച്ചു പോയി വഴുക്കലുള്ള കുത്തനെയുള്ള പാറയും പത്തും അമ്പതും അതിലേറെയും അടി താഴ്ച്ചയുള്ള പ്രദേശങ്ങളുമാണ് കൂടുതലും. അതുകൊണ്ട് യാതൊരു സുരക്ഷയുമില്ലാത്ത കുത്തനെയുള്ള പ്രദേശങ്ങളില്‍ പോയി നില്‍ക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും
ചെളി
വെള്ളത്തിലേക്ക് എടുത്തു ചാടിയാല്‍ ചില പ്രദേശങ്ങളില്‍ നല്ല ചെളിയായിരിക്കും. അതില്‍ ചെന്ന് കാല് കുത്തിയാല്‍ ഒരു തരത്തിലും മുകളിലേക്ക് ഉയര്‍ന്നുവരാന്‍ കഴിയില്ല. നിന്ന നില്‍പ്പില്‍ അവിടെ നിന്ന് ജീവന്‍ പോകും. അതുകൊണ്ട് തെന്നെ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളിലേക്കുള്ള ചാട്ടം അവസാനിപ്പിക്കണം.
പാറക്കെട്ടുകള്‍
അഞ്ചുരുളി എന്ന പേര് തന്നെ അഞ്ചുരുള്‍ പണ്ടെങ്ങാണ്ടോ പൊട്ടിയത് കൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ഒഴുകി വന്ന കല്ലുകള്‍ അടക്കം ഡാമില്‍ ഒരുപാട് പാറക്കെട്ടുകള്‍ കാണാം. വെള്ളത്തില്‍ ഇറങ്ങുബോള്‍ അറിയാതെ ആ പാറക്കൂട്ടങ്ങളുടെ ഇടയില്‍ കാല്‍ കുടുങ്ങിയാല്‍ പിന്നെ രക്ഷയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറുതോണി ഡാമിന്റെ താഴെ പുതിയ പാലം പണിയുന്ന ആ സ്ഥലത്തുണ്ടായിരുന്ന ചെക്ക് ഡാമില്‍ ഇതേ രീതിയില്‍ കുടുങ്ങി മരിച്ച ഒരു ചെറുപ്പക്കാരന്റെ വീട് ഞങ്ങളുടെ നാട്ടില്‍ ഉണ്ട്.
ചുഴികള്‍
ശാന്തമായി കെട്ടിക്കിടക്കുന്ന വെള്ളം എന്ന് നമുക്ക് തോന്നുമെങ്കിലും വഴുക്കലുള്ള പാറയില്‍ ചവിട്ടി തെന്നിവീണാല്‍ നിലയില്ലാ കയത്തിലേക്കാകും ചെന്ന് വീഴുക. പ്രദേശത്തെ പറ്റി നന്നായി അറിയാവുന്നവര്‍ക്ക് പോലും ഇങ്ങനെയുള്ള ചുഴികളില്‍ നിന്നും രക്ഷപെടാന്‍ ബുദ്ധിമുട്ടാണ്.
മീന്‍വലകള്‍
മീന്‍പിടുത്തക്കാര്‍ മുട്ടിന് മുട്ടിന് കെട്ടി വെച്ചിരിക്കുന്ന വലകളും അവര്‍ ഉപേക്ഷിച്ച് പോയ വലകളുമെല്ലാം ഡാമില്‍ പലയിടങ്ങളില്‍ ഉണ്ട്. ഞാന്‍ ആദ്യം പറഞ്ഞ അയല്‍വക്കക്കാരന്‍ മരണപ്പെട്ടത് ഇങ്ങനെയുള്ള ഒരു വലയില്‍ കാല്‍ കുടുങ്ങിയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനുള്ള താമസം
ഡാമിന്റെ കരയില്‍ ജനവാസമുള്ള പ്രദേശങ്ങള്‍ വളരെ കുറവാണ്. ഒരു അപകടം ഉണ്ടായാല്‍ പുറംലോകത്തെ അറിയിക്കാന്‍ പോലും പലപ്പോഴും അടുത്തെങ്ങും ആളുകള്‍ ഉണ്ടാകില്ല. അതുപോലെ വനത്തിലൂടെയാണ് ഡാമിന്റെ ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്ര. മൊബൈല്‍ റേഞ്ച് പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രശ്‌നം ഉണ്ടായാല്‍ പുറംലോകം അറിഞ്ഞു വരുമ്പോള്‍ ഏറെ താമസിക്കും.
വനമേഖലയില്‍ അതിക്രമിച്ചു കടക്കല്‍
ഡാമിന്റെ ഭൂരിഭാഗം പ്രദേശവും വനമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ഉള്‍പ്രദേശങ്ങളിലേക്ക് പോകണമെങ്കില്‍ വനംവകുപ്പിന്റെ അനുമതിയും കൂടെ പരിചയസമ്പന്നരായ ഗൈഡുമാരുടെ സേവനവും വേണ്ടി വരും. ഇതൊന്നുമില്ലാതെ വനത്തില്‍ കയറിയാല്‍ മറ്റു നിയമനടപടികള്‍ നേരിടേണ്ടി വരും.
വെള്ളത്തിന്റെ അവസ്ഥ
കെട്ടിക്കിടക്കുന്ന വെള്ളത്തിന് തണുപ്പ് കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. താഴ്ന്നു പോയാല്‍ സാധാരണ വെള്ളത്തില്‍ നീന്താന്‍ കഴിയുന്നത് പോലെ ഈ വെള്ളത്തില്‍ നീന്താന്‍ കഴിയില്ല. വെള്ളത്തിന് അത്രമാത്രം കട്ടിയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടില്‍ സാദാ വെള്ളത്തില്‍ നീന്തി പഠിച്ചവര്‍ ഈ വെള്ളത്തില്‍ ഇറങ്ങിയാല്‍ നീന്താന്‍ ബുദ്ധിമുട്ട് ഉണ്ടാകും.
ഒരുപാട് ആത്മഹത്യകള്‍ നടന്ന സ്ഥലമാണ് ഡാമെന്നും അവിടെ പോയാല്‍ പ്രേതങ്ങള്‍ വെള്ളത്തിലേക്ക് പിടിച്ചു താഴ്ത്തി കൊണ്ടുപോകുമെന്നും അതുകൊണ്ട് ആ വഴി പോകരുത് എന്നും ഞങ്ങളുടെയൊക്കെ അമ്മമാര്‍ പറഞ്ഞു പഠിപ്പിച്ചത് പ്രേതങ്ങളിലുള്ള വിശ്വാസം കൊണ്ടാകാന്‍ ഒരു സാധ്യതയുമില്ല. അങ്ങനെയെങ്കിലും അപകടം കുറയട്ടെ എന്നോര്‍ത്തട്ടിട്ടുണ്ടാകും.
Read more
കടപ്പാട്: കിരണ്‍ ജോര്‍ജ് തോമസ്