ഒറിജിനലിനെ വെല്ലും കൃത്രിമ ദ്വീപുകൾ!

പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട നിരവധി മനോഹരമായ ദ്വീപുകൾ ലോകമെമ്പാടുമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, നമ്മൾ മനുഷ്യർ നിർമ്മിച്ച ദ്വീപുകളും അത്രതന്നെ മനോഹരവുമായവയാണ്. ചില കൃത്രിമ ദ്വീപുകൾ കണ്ടാൽ അത് മനുഷ്യൻ നിർമ്മിച്ചത് തന്നെയാണോ എന്ന് സംശയിച്ചു പോകും.

അവയിൽ ചില കൃത്രിമ ദ്വീപുകൾ വെള്ളപ്പൊക്ക സംരക്ഷണത്തിനായി നിർമ്മിച്ചതാണെങ്കിൽ, ചിലത് വിനോദസഞ്ചാരത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി രൂപകൽപ്പന ചെയ്തതാണ്.എന്തു തന്നെയാണെങ്കിലും ഈ ദ്വീപുകൾ കാണുന്നത് രസകരമായ ഒരു യാത്രയാണ്. നിങ്ങളുടെ അടുത്ത അവധിക്കാലത്തിനായി ചില കൃത്രിമ ദ്വീപുകളുടെ ഒരു ലിസ്റ്റ് ഇതാ.

പാം ജുമൈറ, ദുബായ്

The Artificial Islands of Dubai: Palm Jumeirah and more

മനുഷ്യനിർമിതമായ ഈ ദ്വീപ് എല്ലാ അർത്ഥത്തിലും അത്ഭുതകരമാണ്. ആദ്യമൊക്കെ, ഈ ദ്വീപ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി കണക്കാക്കപ്പെട്ടിരുന്നു. സത്യത്തിൽ തുറന്ന അന്നുമുതൽ, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ അത്ഭുതത്തിന് കഴിഞ്ഞു ,കൂടാതെ ദുബായുടെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ മുന്നേറ്റവും ഇതിലൂടെ നേടാൻ കഴിഞ്ഞു. ഈന്തപ്പനയുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത ഈ കൃത്രിമ ദ്വീപസമൂഹത്തിലേയ്ക്ക് ലക്ഷകണക്കിന് സന്ദർശകരാണ് ഓരോ വർഷവും എത്തുന്നത്.

വില്ലകൾ, ലക്ഷ്വറി ഹോട്ടലുകൾ, റിസോർട്ടുകൾ, ഒരു വന്യജീവി സങ്കേതം, നിരവധി വാട്ടർ പ്രവർത്തനങ്ങൾ അങ്ങന അനേകം കാര്യങ്ങളാൽ നിറഞ്ഞതാണ് പാം ജുമൈറ.അറ്റ്ലാന്റിസ് ദി പാം,ഫൈവ് പാം ജുമൈറ ഹോട്ടൽ, ജുമൈറ സബീൽ സാറേ, വൺ&ഒൺലി ദി പാം എന്നിവയും മറ്റും ഉൾപ്പെടെ ദുബായിലെ ചില മുൻനിര ആഡംബര റിസോർട്ടുകൾ ഈ ദ്വീപിലാണ്.
ഒരു യാച്ചിലോ സ്പീഡ് ബോട്ടിലോ പാം ജുമൈറയ്ക്ക് ചുറ്റും യാത്ര ചെയ്യുന്നത് ഏതൊരു സഞ്ചാരിയും ഇവിടെയെത്തിയാൽ ചെയ്യുന്ന കാര്യമാണ്.

ഉറോസ് ദ്വീപുകൾ, പെറു

The floating Islands of Uros and their community | PeruRail

പെറുവിലെയും ബൊളീവിയയിലെയും തദ്ദേശവാസികളാണ് ഉറു അല്ലെങ്കിൽ യുറോസ്. പുനോയ്ക്കടുത്തുള്ള ടിറ്റിക്കാക്ക തടാകത്തിൽ ഏകദേശം 120 സ്വയം രൂപകൽപ്പന ചെയ്ത ഫ്ലോട്ടിംഗ് ദ്വീപുകളിലാണ് അവർ താമസിക്കുന്നത്.
പുനോയിലെ ടിറ്റിക്കാക്ക തടാകത്തിന്റെ അരികുകളിൽ വളരുന്ന ഞാങ്ങണ കൊണ്ട് നിർമ്മിച്ച ഫ്ലോട്ടിംഗ് ദ്വീപുകളിലാണ് ഇവർ താമസിക്കുന്നത്.

യക്ഷിക്കഥ പോലെയാണ് ഉറോസ് ദ്വീപുകളുടെ കാര്യവും. അഞ്ഞൂറ് വർഷങ്ങൾക്കു മുൻപ് ഭൂമി ഉപേക്ഷിച്ച് യുറോസ് മനുഷ്യർ വെള്ളത്തിലേക്ക് ഇറങ്ങുകയും പൊങ്ങിക്കിടക്കുന്ന ദ്വീപടക്കം നിർമ്മിക്കുകയും ചെയ്തു. ഇവിടം സന്ദർശിക്കുന്നവർക്ക് ദ്വീപ് നിവാസികൾ ടോട്ടോറ ഞാങ്ങണയിൽ നിന്ന് നിർമ്മിച്ച കരകൗശലവസ്തുക്കൾ സുവനീറായി നൽകും. പ്രദേശവാസികളുടെ ബോട്ടുകളും ടോട്ടോറ ഞാങ്ങണയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൃത്രിമമായി നിർമ്മിച്ച താണെങ്കിലും 60 ദ്വീപുകളിലായി 1200 ഓളം പേർ ഇവിടെ ജീവിക്കുന്നുണ്ട്.

ഡാന്യൂബ് ദ്വീപ്, ഓസ്ട്രിയ

The Danube Island – a Recreational Paradise - vienna.info

21 കിലോമീറ്റർ നീളമുള്ള ഡാന്യൂബ് ദ്വീപ് വിയന്നയിലെ സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം നൽകുന്ന ഒരു സ്ഥലമാണ്. നഗരമധ്യത്തിൽ നിന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ ദ്വീപിലെത്താം. ജോഗിംഗ്, ഹൈക്കിംഗ്, സ്കേറ്റിംഗ്, സൈക്ലിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ധാരാളം ഓപ്ഷനുകളുണ്ടിവിടെ. പിന്നെ, പ്രകൃതിദത്ത കുളിക്കടവുകൾ, വാട്ടർ സ്ലൈഡ്, ബോട്ട് വാടകയ്‌ക്കെടുക്കൽ സേവനം എന്നിവയും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.ഒരറ്റം മുതൽ മറ്റേ അറ്റം വരെ ടൈലുകൾ പാകിയ ഒരു പാത പോലെയാണ് ഈ ദ്വീപിന്റെ ഘടന.

വില്ലിംഗ്ഡൺ ദ്വീപ്, കൊച്ചി

Visit Willingdon Island on your trip to Kochi (Cochin) or India

നമ്മുടെ കൊച്ചിയിലുള്ള വില്ലിംഗ്ഡൺ ഐലന്റും ഒരു കൃത്രിമ ദ്വീപാണെന്ന് അറിയാമല്ലോ.1920ലാണ് റോബര്‍ട്ട് ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് എൻജിനിയർ കൊച്ചിയില്‍ എത്തുന്നത്. ഒരു ദ്വീപ് സൃഷ്ടിച്ചുകൊണ്ട് കൊച്ചിക്ക് മികച്ചൊരു തുറമുഖം നല്‍കാം എന്ന സാധ്യതകള്‍ ബ്രിസ്റ്റോ മുന്‍കൂട്ടികണ്ടു.450 അടി വീതിയിലും മൂന്നര മൈൽ നീളത്തിലും ഒരു കടല്പാത നിർമ്മിച്ചപ്പോൾ എടുത്തുമാറ്റിയ മണ്ണാണ് 780 ഏക്കർ വിസ്താരമുള്ള ദ്വീപിനു രൂപം കൊടുത്തത്.

ഇതിന് നിയോഗിച്ച മണ്ണുമാന്തിക്കപ്പലുകളിൽ ഏറ്റവും പ്രധാനമായിരുന്നത് “ലേഡി വെല്ലിം‌ഗ്‌ടൻ” എന്ന കപ്പലായിരുന്നു. പക്ഷേ ഈ ദ്വീപിനു വില്ലിംഗ്ടൺ ഐലൻഡ് എന്നു പേരിട്ടത് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വില്ലിങ്ടൻ പ്രഭുവിന്റെ ഓർമ്മയ്ക്കായാണ് . വേഗത്തിലും, കാര്യക്ഷമതയിലും, പ്രവർത്തനദൈർഘ്യത്തിലും ഈ ദ്വീപ് നിർമ്മാണം അന്ന് ഒരു ലോകറെക്കോർഡ് തന്നെ സ്ഥാപിച്ചതായി പറയപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ മനുഷ്യനിർമിത ദ്വീപുകളിൽ ഒന്നാണിത്. അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ഒരു വൈകുന്നേരം മനോഹരമായ സൂര്യാസ്തമയവും കണ്ടിരിക്കാം ഈ ദ്വീപിൽ.

അംവാജ് ദ്വീപുകൾ, ബഹ്റൈൻ

Amwaj Island Resorts, Manama, Capital, Bahrain - Resorts in Amwaj Island at  discount rates

മുഹറഖ് ദ്വീപിന്റെ തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മനുഷ്യനിർമിത ദ്വീപുകളുടെ ഒരു കൂട്ടമാണിത്. ബഹ്‌റൈൻ കടൽത്തീരത്ത് നിന്ന് 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അംവാജ് ആറ് കൃത്രിമ ദ്വീപുകൾ ഉൾക്കൊള്ളുന്നു. ഫ്ലോട്ടിംഗ് നഗരത്തിനൊപ്പം താമസസ്ഥലങ്ങളും ഹോട്ടലുകളും വാണിജ്യ കെട്ടിടങ്ങളും ദ്വീപുകളിൽ നിറഞ്ഞിരിക്കുന്നു.പ്രീമിയർ ഷോപ്പിംഗ്, ഡൈനിംഗ്, സ്പാകൾ, ഔട്ട്ഡോർ ഫൺ എന്നിവയുൾപ്പെടെ നിരവധി ആകർഷണങ്ങളും ഇവിടെയുണ്ട്. വഹാ സ്പ്ലാഷ് ക്ലബ്, ലഗൂൺ പാർക്ക്, റമദ റിസോർട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

തംസ് ദ്വീപുകൾ, കാലിഫോർണിയ

THUMS: California's Secret Oil Islands | Amusing Planet

ബഹിരാകാശയാത്രിക ദ്വീപുകൾ എന്ന് വിളിക്കപ്പെടുന്ന തംസ് ദ്വീപുകൾ നാല് കൃത്രിമ ദ്വീപുകൾ ചേർന്നതാണ്. കാലിഫോർണിയയിലെ സാൻ പെഡ്രോ ബേയിലെ ലോംഗ് ബീച്ചിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 10 ഏക്കറിൽ പരന്നുകിടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരേയൊരു അലങ്കരിച്ച ഓയിൽ ദ്വീപുകളാണിവ.ഓഫ്‌ഷോർ ഓയിൽ കമ്പനികളെയും അവയുടെ ശബ്ദത്തെയും മറയ്ക്കുന്നതിനായി നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി 1965 ൽ നിർമ്മിച്ചതാണ് ഇവ.

Read more

വ്യാവസായിക എണ്ണ ഉൽപ്പാദനം മറയ്ക്കാൻ, ഈ ദ്വീപുകളുടെ ഡിസൈനർ മനോഹരമായ വെള്ളച്ചാട്ടങ്ങൾ, വിപുലമായ ലാൻഡ്സ്കേപ്പിംഗ്, രാത്രിയിൽ വർണ്ണാഭമായ വിളക്കുകൾ എന്നിവ ആസൂത്രണം ചെയ്തു. ഈ ദ്വീപുകൾ സന്ദർശകർക്ക് പരിമിതമാണെങ്കിലും, സ്വകാര്യ സ്ഥാപനങ്ങൾ സാധാരണയായി നടത്തുന്ന ഇടയ്ക്കിടെയുള്ള ഗൈഡഡ് ടൂറുകളിലൂടെ ഇവിടെ സന്ദർശിക്കാം.