ഒന്നിനും ആത്മഹത്യ ഒരു പരിഹാരമല്ല, എന്നാൽ ഇന്ന് ചെറിയൊരു കാര്യത്തിന് പോലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ സ്വിറ്റ്‌സർലൻഡിലെ ജർമ്മൻ അതിർത്തിക്ക് സമീപം സമാധാനപരമായ ദയാവധത്തിന് ഉപയോഗിക്കുന്ന വിവാദ ഉപകരണമായ സാർകോ ‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ച് 64കാരിയായ ഒരു അമേരിക്കൻ സ്ത്രീ മരിച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ലോകത്ത് ആദ്യമായിട്ടാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരാൾ മരണം കൈവരിക്കുന്നത് എന്നതാണ് ഇക്കാര്യം ശ്രദ്ധ നേടാൻ കാരണം. ഇതിന് പിന്നാലെ നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നും അതിന് വേണ്ടിയുള്ള അനുബന്ധ സഹായവും യുവതിയ്ക്ക് നൽകിയതായി സംശയിക്കുന്ന ചിലരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യമായാണ് ഇത്തരമൊരു കേസ് എന്നാണ് പ്രധാന മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.
സ്വിറ്റ്‌സർലൻഡിൽ 1942 മുതൽ ദയാവധം നിയമവിധേയമാണ്. ചികിത്സയിലൂടെ ഭേദമാകാൻ സാധിക്കാത്ത അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഡോക്ടറുടെ സാക്ഷ്യപത്രമുണ്ടെങ്കിൽ ഇവിടെ ദയാവധം അനുവദിക്കും. അത്തരത്തിലുള്ള ആളുകൾക്ക് വേദനകളൊന്നും ഇല്ലാത്ത മരണമാണ് ഈ സൂയിസൈഡ് പോഡുകൾ അഥവാ ആത്മഹത്യാപ്പെട്ടികൾ നൽകുക. എന്നാൽ മരണപ്പെട്ട യുവതിക്ക് മരിക്കാനുള്ള കാരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് റിപോർട്ടുകൾ.
3ഡി പ്രിന്റഡ് ക്യാപ്സ്യൂളിനുള്ളിലെ അറയിലായിരിക്കും രോഗി കിടക്കുക. കിടന്നതിന് ശേഷം ഏതാനും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്. ഇതോടെ സോഫ്റ്റ്വെയർ പവർ ഓണാകും. ചലനവൈകല്യങ്ങളോ കഠിനമായ അസുഖമോ കാരണം ശബ്ദത്തിൽ ആശയവിനിമയം നടത്താനാവാത്തവർക്ക് കണ്ണിന്റെ ചലനത്തിലൂടെയും ആംഗ്യത്തിലൂടെയുമൊക്കെ യന്ത്രത്തെ സജീവമാക്കാനും സാധിക്കും. പോഡിനുള്ളിൽ കയറിയ ആൾ പത്ത് മിനിട്ടിനുള്ളിൽ വേദനയില്ലാതെ മരിക്കും. മരണവെപ്രാളം ഉണ്ടാവുകയുമില്ല. ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടമില്ലാതെ ബട്ടൺ അമർത്തി ആത്മഹത്യ ചെയ്യാനുള്ള ക്യാപ്‌സ്യൂൾ സംവിധാനമാണ് സൂയിസൈഡ് പോഡ്.
ഈ പെട്ടിക്കുള്ളിൽ വായു കടക്കില്ല. പോഡിനുള്ളിൽ കയറിയ ശേഷം ഉളിലെ ബട്ടണിൽ അമർത്തുമ്പോൾ പോഡ് മുഴുവൻ നൈട്രജൻ കൊണ്ട് നിറയും. ഇതോടെ ഓക്‌സിജൻ ശരീരത്തിലെത്തുന്നത് തടസപ്പെട്ട് അബോധാവസ്ഥയിലാകുകയും ഉടൻ തന്നെ ആ വ്യക്തിയുടെ മരണം സംഭവിക്കുകയും ചെയ്യുന്നു. 2,96,019രൂപ മുതൽ 9,86,733 രൂപ വരെയാണ് ഇതിന് ചെലവാകുന്ന തുക. ഗുളിക ഉപയോഗിച്ചും കുത്തിവയ്‌പ്പ് നടത്തിയുമൊക്കെയായിരുന്നു ഇതിന് മുൻപ് സ്വിറ്റ്‌സർലന്റിൽ ദയാവധം നടത്തിയിരുന്നത്.
‘ഡോ. ഡെത്ത്’ എന്നറിപ്പെടുന്ന ഓസ്‌ട്രേലിയക്കാരനായ ഡോ. ഫിലിപ് നിഷ്‌ചേയാണ് സൂയിസൈഡ് പോഡ് കണ്ടുപിടിച്ചത്. കാഴ്‌ചയിൽ ബഹികാരാശ പേടകം പോലെ തോന്നിക്കുന്ന ഈ പെട്ടിക്ക് സാധാരണ ശവപ്പെട്ടിയുടെ ഇരട്ടി വലിപ്പമാണ് ഉള്ളത്. പൂർണമായും ജീർണിക്കുന്ന വസ്‌തുക്കളാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. സ്വിറ്റ്സർലൻഡിലെ മനുഷ്യാവകാശ-സന്നദ്ധസംഘടനയായ ദി ലാസ്റ്റ് റിസോർട്ട്, 2019 ലെ വെനീസ് ഡിസൈൻ ഫെസ്റ്റിവലിലാണ് കാഴ്ചയിൽ ബഹിരാകാശയന്ത്രമെന്നു തോന്നിക്കുന്ന സാർകോ ക്യാപ്സ്യൂൾ ആദ്യമായി അവതരിപ്പിച്ചത്. സൂയിസൈഡ് പോഡ് അവതരിപ്പിച്ച അന്ന് മുതൽ ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ആ ജീവിതം മടുത്ത ആളുകളെ മരിക്കുന്നതിന് സഹായിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ സ്വിറ്റ്‌സർലൻഡിലുണ്ട്.