1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകളും ഒരു സ്റ്റേഷനറി കടയും, പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ ! പറഞ്ഞു വരുന്നത് ഇന്ത്യയിലെ ഏതെങ്കിലും ബിസിനസുകാരനെ കുറിച്ചോ സെലിബ്രിറ്റിയെ കുറിച്ചോ അല്ല. ലോകത്തിലെ ഏറ്റവും ധനികനായ യാചകനെകുറിച്ചാണ്. ഭിക്ഷാടനത്തിലൂടെ മാത്രം 7.5 കോടി രൂപയുടെ ആസ്തി സമ്പാദിച്ചതായി വെളിപ്പെടുത്തിയതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ എന്ന പദവി നേടിയ ആളാണ് മുംബൈയിൽ നിന്നുള്ള ഭരത് ജെയിൻ എന്നയാൾ.
മികച്ച സാമ്പത്തിക വരുമാനം ലഭിക്കുന്നതിനാൽ മറ്റ് വരുമാന മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നതിനു പകരം ഭിക്ഷാടനം തുടരുന്ന ഇന്ത്യൻ ഭിക്ഷാടന മേഖലയുടെ വ്യാപ്തിയെയാണ് ഭരത് ജെയിന്റെ കഥ എടുത്തുകാണിക്കുന്നത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും ആസാദ് മൈതാനത്തിനും ഇടയിലുള്ള പ്രദേശത്ത് ഭിക്ഷാടനം നടത്തുന്നയാളാണ് ഭരത് ജെയിൻ. വർഷങ്ങളായി മുംബൈയിൽ ഫ്ലാറ്റുകളും കടകളും ഉൾപ്പെടെ ഒന്നിലധികം സ്വത്തുക്കൾ സ്വന്തമാക്കാൻ ആവശ്യമായ പണം ഈ ഭിക്ഷക്കാരൻ സമ്പാദിച്ചിട്ടുണ്ട്.
സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിൽ ജനിച്ച ജെയിന് വിദ്യാഭ്യാസം നേടാനുള്ള സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല. ജെയിനിന്റെ കുടുംബം നിരന്തരം പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചു. അതിജീവനത്തിനായി അദ്ദേഹം ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. അങ്ങനെ, ഭിക്ഷാടനം കുടുംബത്തിന്റെ ജീവിതം പൂർണ്ണമായും മാറ്റിമറിച്ചു. ഏകദേശം 40 വർഷമായി ജെയിൻ ഭിക്ഷാടനം നടത്തുന്നുണ്ട്. ഒരു ദിവസം 2000 മുതൽ 2500 വരെയാണ് ഇയാൾ സമ്പാദിക്കുന്നത്. ഇടവേളകളില്ലാതെ 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യുന്ന ജെയിൻ പ്രതിമാസം 60,000 മുതൽ 75,000 വരെ പണമുണ്ടാകുന്നു. ഇത് മറ്റ് ശമ്പളക്കാരായ പ്രൊഫഷണലുകളേക്കാൾ കൂടുതലാണെന്ന കാര്യം പറയേണ്ടതില്ലല്ലോ.
ഒരു യാചകനാണെങ്കിലും ഭരത് ജെയിൻ ഒരു കൗശലക്കാരനായ ബിസിനസുകാരനും ബുദ്ധിമാനായ നിക്ഷേപകനുമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഭാര്യ, രണ്ട് ആൺമക്കൾ, അച്ഛൻ, സഹോദരൻ എന്നിവരുൾപ്പെടെ കുടുംബം താമസിക്കുന്ന 1.4 കോടി വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ സ്വന്തമാക്കുന്നതിനായി വളരെ തന്ത്രപരമായാണ് തന്റെ പണം നിക്ഷേപിച്ചിരിക്കുന്നത്. താനെയിൽ 30,000 പ്രതിമാസ വാടക വരുമാനം നൽകുന്ന രണ്ട് കടകളും ജെയിന് സ്വന്തമായുണ്ട്. മാത്രമല്ല, മക്കൾ പ്രശസ്തമായ ഒരു കോൺവെന്റ് സ്കൂളിൽ പഠിക്കുകയും ഇപ്പോൾ കുടുംബം നടത്തുന്ന സ്റ്റേഷനറി സ്റ്റോർ നോക്കി നടത്തുകയും ചെയ്യുകയാണ്. എന്നാൽ കുടുംബത്തിന്റെ എതിർപ്പ് ഉണ്ടായിരുന്നിട്ടും, ജെയിൻ തന്റെ ഭിക്ഷാടന തൊഴിൽ തുടരുകയാണ്.
‘തനിക്ക് ഭിക്ഷാടനം ഇഷ്ടമാണ് എന്നും അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല’ എന്നുമാണ് ഇതിനെ കുറിച്ച് ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ജെയിൻ പറഞ്ഞത്. മാത്രമല്ല തനിക്ക് അത്യാഗ്രഹമില്ലെന്നും ഉദാരമതിയാണെന്നും ക്ഷേത്രങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും താൻ എങ്ങനെ സംഭാവന നൽകുന്നുവെന്നും ജെയിൻ പങ്കുവെച്ചു. ജെയിനിനെ സംബന്ധിച്ചിടത്തോളം, ഭിക്ഷാടനം അതിജീവനമല്ല, തൊഴിലാണ്. നിശ്ചിത സമയം ജോലി ചെയ്ത് പണമുണ്ടാക്കാനാണ് ജെയിൻ ആഗ്രഹിക്കുന്നത്.
ദി എന്റർപ്രൈസ് വേൾഡിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ മറ്റ് ധനികരായ യാചകർ കൊൽക്കത്തയിൽ താമസിക്കുന്ന ലക്ഷ്മി ദാസ് ആണ്. കോടി രൂപയാണ് ഇയാളുടെ ആസ്തി. നാല സോപാരയിൽ സഹോദരനോടൊപ്പം ഏകദേശം ഏഴ് ലക്ഷം രൂപ വിലവരുന്ന ഒരു മുറിയിൽ താമസിക്കുന്ന കൃഷ്ണ കുമാർ ഗൈറ്റാണ് മറ്റൊരാൾ.
നാല് ലക്ഷത്തിലധികം യാചകരുള്ള രാജ്യമാണ് ഇന്ത്യ. 81,000 ത്തിലധികം യാചകരുമായി പശ്ചിമ ബംഗാൾ ആണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ ഉത്തർപ്രദേശും ആന്ധ്രാപ്രദേശും. ദാരിദ്ര്യം, വൈകല്യം, ദൗർഭാഗ്യകരമായ ജീവിതസാഹചര്യങ്ങൾ എന്നിവയാണ് പല യാചകരെയും നയിക്കുന്നതെങ്കിലും ഭരത് ജെയിനിനെപ്പോലുള്ള മറ്റുള്ളവർ ഭിക്ഷാടനത്തെ ഒരു ലാഭകരമായ തൊഴിലായാണ് കാണുന്നത്.