ദിവസവും ഒരു പിടി നട്‌സ് കഴിക്കൂ; ഹൃദ്രോഗവും കാന്‍സറും അകന്നുനില്‍ക്കും

വണ്ണം കൂടുമോ എന്നു ഭയന്ന് ഡ്രൈ നട്ട്‌സിനെ ഇനി മാറ്റിനിര്‍ത്തണ്ട. ദിവസവും 20 ഗ്രാം അതായത് ഒരു പിടി നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം, അകാലമരണം എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്ന് പഠനങ്ങള്‍. ഇന്റര്‍ നാഷണല്‍ ഡ്രൈ ഫ്രൂട്ട് കൗണ്‍സിലിന്റെ (ഐഎന്‍സി)നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ബദാം, നിലക്കടല,കശുവണ്ടി തുടങ്ങിയവ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് തെളിഞ്ഞത്.

ദിവസവും 20 ഗ്രാം നട്‌സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 30% കുറയ്ക്കുമെന്ന് പഠനം പറയുന്നു. അര്‍ബുദ സാധ്യത 15%വും അകാല മരണസാധ്യത 22 ശതമാനവും കുറയും. നട്‌സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും ഗവേഷകര്‍ പറയുന്നു.കശുവണ്ടിയോ നിലക്കടലയോ ബദാമോ എന്തുമാകട്ടെ ഏകദേശം 20 ഗ്രാം നട്‌സ് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയതിനാല്‍ നട്‌സ് ആരോഗ്യത്തിന് വളരെ നല്ലതാണ്. നിലക്കടലയിലും, കശുവണ്ടിയിലും നാരുകള്‍, മഗ്‌നീഷ്യം, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ (അപൂരിത കൊഴുപ്പ്) മുതലായവയുമുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്നു. നട്‌സുകളില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാല്‍ പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുമെന്ന് ബി. എം. സി. മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

ലോകത്താകമാനമുള്ള 8.19ലക്ഷം പേരെ പങ്കെടുപ്പിച്ച് പ്രസിദ്ധീകൃതമായ 32 പഠനങ്ങള്‍ അപഗ്രഥിച്ചാണ് ഐഎന്‍സി ഗവേഷണം നടത്തിയത്. ഹേസല്‍ നട്‌സ്, ട്രീ നട്‌സ്, വാള്‍ നട്‌സ് തുടങ്ങി എല്ലാത്തരം നട്‌സുകളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പയറു വര്‍ഗത്തില്‍പ്പെട്ടതാണെങ്കിലും നിലക്കടലയുടെ ഗുണങ്ങളെ കുറിച്ചും പഠനത്തില്‍ ഉള്‍പ്പെടുത്തി. അണ്ടിപ്പരിപ്പിന്റെ ഉപയോഗവും വിവിധ ആരോഗ്യ ഗുണഫലങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. ദിവസവും ഒരുപിടി നട്‌സ് കഴിക്കുന്നതുമൂലം നിരവധി രോഗങ്ങള്‍ക്കുള്ള സാധ്യതയെ കുറയ്ക്കാന്‍ സാധിക്കും എന്ന് പഠനത്തില്‍ തെളിഞ്ഞെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.