അധികം 'പഞ്ചാരയടിക്കണ്ട' കേട്ടോ... ക്യാന്‍സര്‍ സെല്ലുകള്‍ക്ക് വളമാകും

പഞ്ചസാര കഴിക്കാത്ത മലയാളികളുണ്ടാവില്ല കേരളത്തില്‍. അത്രയേറെ പ്രാധാന്യമുണ്ട് പഞ്ചസാരയ്ക്ക് നമ്മുടെ ജീവിതത്തില്‍. രാവിലെ കുടിക്കുന്ന ചായയില്‍ മുതല്‍ തുടങ്ങും മലയാളിക്ക് പഞ്ചാസാരയോടുള്ള ബന്ധം. മുഖം മിനുക്കാനും, പ്രിസര്‍വേറ്റീവ്‌സായിട്ടും, പലഹാരങ്ങളിലിടാനും അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ക്കു വേണം നമുക്ക് പഞ്ചസാര. അപ്പോള്‍ തോന്നും നിസ്സാരക്കാരനല്ലെന്ന്, പക്ഷെ പഞ്ചസാര ഇത്ര ഭീകരനാണെന്ന് ആരും അറിഞ്ഞുകാണില്ല ( പ്രമേഹമുള്ളവര്‍ക്ക് അറിയാം കേട്ടോ). പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

പഞ്ചസാര അമിതമായാല്‍ ക്യാന്‍സര്‍ സെല്ലുകള്‍ക്ക് അത് വളമാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ചുമ്മാ തട്ടിക്കൂട്ട് പഠനമൊന്നുമല്ല. കഴിഞ്ഞ ഒമ്പതു വര്‍ഷമായി പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന മാസിക പുറത്തുവിട്ടിരിക്കുന്നത്.

യീസ്റ്റ് സെല്ലുകളിലാണ് പഠനം നടത്തിയിരിക്കുന്നത്.യീസ്റ്റിന്റെ ഫെര്‍മെന്റേഷന്‍ പ്രക്രിയ നടക്കുമ്പോള്‍ സെല്ലുകള്‍ വളരുകയും വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സാധാരണ ശരീരകോശങ്ങളില്‍ ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റുന്നതിന് ഓക്‌സിജനാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റുമ്പോള്‍ ഫെര്‍മെന്റ് ചെയ്യപ്പെടുന്ന ഷുഗര്‍ ക്യാന്‍സര്‍ സെല്ലിന് ഊര്‍ജം നല്‍കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ഈ പ്രതിഭാസത്തെ വാര്‍ബര്‍ഗ്ഗ് ഇഫക്ട് എന്നാണത്രെ പറയുന്നത്. ബെല്‍ജിയത്തിലാണ് ഇത്തരത്തില്‍ ഒരു പഠനം നടന്നിരിക്കുന്നത്.

ഹൈപ്പര്‍ ആക്ടീവ് ഷുഗറിനെ സെല്ലുകള്‍ സ്വീകരിക്കുന്നത് ക്യാന്‍സര്‍ രോഗം വരാനുള്ള സാധ്യത കൂട്ടുമെന്ന് ബെല്‍ജിയന്‍ മോളികുലാര്‍ ബയോളജിസ്റ്റ് ജൊഹാന്‍ തെഹല്‍വിയന്‍ പറയുന്നു. മുന്‍ കാലങ്ങളിലും ക്യാന്‍സര്‍ രോഗികളില്‍ ഇത്തരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും കാരണമെനന്താണെന്ന് അറിവില്ലായിരുന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ വന്ന സ്ഥിതിക്ക് ക്യാന്‍സര്‍ രോഗികളുടെ ആഹാരക്രമത്തെ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.