കൂണ്‍ കഴിക്കുന്ന മോദി; കളിയാക്കിയതാണെങ്കിലും കൂണില്‍ അല്‍പ്പം കാര്യമുണ്ട്!

വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത കൂണ്‍ ദിവസവും കഴിക്കുന്നതാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിറത്തിന്റെ രഹസ്യമത്രെ. കണ്ടുപിടുത്തം കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂറിന്റെതാണ്. അതിന്‍റെ സത്യാവസ്ഥ എന്തെങ്കിലുമാവട്ടെ. പക്ഷെ കൂണ്‍ കഴിച്ചാല്‍ പലതുണ്ട് കാര്യം. നാട്ടിന്‍പുറങ്ങളില്‍ മഴപെയ്താല്‍ പൊട്ടിമുളയ്ക്കാറുള്ള കൂണ്‍ കൊണ്ടുള്ള കറി കഴിച്ചിട്ടുള്ള ആര്‍ക്കും ആ രുചി നാവില്‍ നിന്ന് ജീവിതത്തില്‍ പോകില്ല. സത്യത്തില്‍ ഈ കൂണ്‍, പലരും കരുതുന്നതുപോലെ ഒരു പച്ചക്കറി അല്ല. ഫംഗസ് വിഭാഗത്തിലാണ് അത് പെടുന്നത്.

തടി കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും ഡയബെറ്റീസും ഹൃദ്രോഗവും അടക്കമുള്ള രോഗങ്ങളെ ചെറുക്കാനുമൊക്കെ കൂണിനാവുമത്രേ. മാത്രമോ ഭംഗിയുള്ള ചര്‍മത്തിനും മുടിക്കും ഊര്‍ജ്ജത്തിനുമൊക്കെ കരണമാവാനും ഈ ഭക്ഷണത്തിനാവും എന്നാണ് ശാസ്ത്രം പറയുന്നത്. അപ്പോള്‍, അല്‍പേഷിന്റെ വാദത്തില്‍ അല്‍പ്പം കാര്യമില്ലാതില്ല. കൂണില്‍ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റ്സ് അടങ്ങിയ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളെ പോലെ, കൂണിനും ക്യാന്സറിനെ ചെറുക്കന്‍ ഒരു പരിധി വരെ കഴിയും.

സാധാരണ പച്ചക്കറികളിലും പഴങ്ങളിലും കാണാത്ത സെലീനിയം അടങ്ങിയിരിക്കുന്നതും കൂണിനെ കാന്‍സറിനെതിരെയുള്ള ഒരു നല്ല പ്രാതിരോധ വസ്തുവാക്കി മാറ്റുന്നു. ഇതിനു പുറമെയാണ് വിറ്റാമിന്‍ ഡി യുടെ സാനിധ്യം. ഇതും കാന്‍സറിനെ തടയും. ഹൃദയത്തിന്റെ ആരോഗ്യത്തിന് നാരുകളും പൊട്ടാസ്യവും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ കൂണ്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. ഈ ഭക്ഷണം ഹൈ ബിപി (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം)യുള്ളവര്‍ക്കും ഉത്തമമാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കനും തടികുറയ്ക്കാനും ഭക്ഷണത്തില്‍ ഇടയ്ക്കിടയ്ക്കു കൂണ്‍ ഉപയോഗിക്കുന്നത് സഹായകമാവും.

ഇന്ന് മാര്‍ക്കറ്റില്‍ കൂണ്‍ സുലഭമായി കിട്ടുന്ന വസ്തുവാണ്. പറമ്പില്‍ മുളയ്ക്കുന്ന കൂണിനെക്കാള്‍ രുചി അല്‍പ്പം കുറയുമെങ്കിലും ഈ കൂണുകള്‍ക്കും ഗുണത്തിന് ഒരു കുറവുമില്ല. വീട്ടുമുറ്റത്തുണ്ടാവുന്ന കൂണ്‍ പറിച്ചു കറിവയ്ക്കുന്നവര്‍ അത് വിഷകൂനല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.