പഹല്‍ഗാം ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യ എടുക്കുന്ന എല്ലാ നിലപാടുകളെയും പിന്തുണയ്ക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍. സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും തുരങ്കംവെക്കുന്ന അക്രമത്തെയും ഭീകരതയെയും നിരാകരിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജമ്മു-കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യുഎഇ വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
മനുഷ്യത്വത്തിനുനേര്‍ക്കുള്ള ഏറ്റവും മാരകമായ ഭീഷണിയാണ് ഭീകരവാദമെന്നും അതിന്റെ സ്വഭാവം ഏതുതരത്തിലായാലും ന്യായീകരണമില്ലെന്നും സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍.
ഭീകരവാദത്തിന്റെയും അക്രമോത്സുകതീവ്രവാദത്തിന്റെയും ഏതുരൂപത്തിലുള്ള പ്രയോഗവും അപലപനീയമാണ്. ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ വംശവുമായോ സംസ്‌കാരവുമായോ ബന്ധപ്പെടുത്താനുള്ള ശ്രമത്തെ തടയണം.
ഭീകരവാദം ചെറുക്കാന്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. ഏതെങ്കിലുമൊരു രാജ്യത്തെ തകര്‍ക്കാന്‍ മറ്റൊരു രാജ്യം അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും അപലപനീയമാണ് അദേഹം പറഞ്ഞു.
ആക്രമണത്തെ സൗദി അറേബ്യ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. കുവൈത്ത് അമീര്‍ ശൈഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചു.
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹ് എന്നിവരും അനുശോചനം അറിയിച്ചു. എല്ലാത്തരം ഭീകരപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന രാജ്യമാണ് കുവൈത്ത് എന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
പഹല്‍ഗാമില്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്ക് സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗമാണ് വിളിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് യോഗം വിളിച്ചത്. ഇന്ത്യയുടെ നീക്കത്തിന് മറുപടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. യോഗത്തിന് ശേഷം വ്യക്തമായ പ്രതികരണമുണ്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇന്നു രാവിലെയാണ് പാകിസ്താനില്‍ ദേശീയ സുരക്ഷാ സമിതി യോഗം ചേരുന്നത്.
Read more
അതേസമയം, ആക്രമണം നടത്തിയ ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരായ 1500 പേരെ ജമ്മു-കശ്മീര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിവിധ കേസുകളുമായി ബന്ധപ്പെട്ടവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.