കവിയും റിയാലിറ്റി ഷോ ജേതാവുമായ ആമിര്‍ ബിന്‍ ബല്‍ഉബൈദ് മരുഭൂമിയില്‍ വഴിതെറ്റി വെള്ളം കിട്ടാതെ മരിച്ചു

പതിനാറ് കൊല്ലം മുമ്പ് യുഎഇയില്‍ നടന്ന മില്യന്‍സ് പൊയറ്റ് റിയാലിറ്റി ഷോയില്‍ വിജയായ യമനി കവി ആമിര്‍ ബിന്‍ അംറ് ബല്‍ഉബൈദ് മരുഭൂമിയില്‍ വഴി തെറ്റി വെള്ളം കിട്ടാതെ മരിച്ചു. സ്വദേശമായ ശബ്വയില്‍ നിന്ന് ഹദര്‍മൗത്തിലേക്ക് പോയ ആമിര്‍ ബല്‍ഉബൈദ് തിരികെ വരുമ്പോഴാണ് വഴി തെറ്റിയത്.

തെക്കുകിഴക്കന്‍ യമനിലെ ശബ്വ ഗവര്‍ണറേറ്റിലെ മരുഭൂമിയില്‍ നിന്ന് ആമിറിന്റെ മൃതദേഹം കണ്ടെടുത്തു. രണ്ട് ദിവസം മുമ്പ് ആമിറുമായുള്ള ഫോണ്‍ ബന്ധം നിലച്ചിരുന്നു. തിരച്ചിലില്‍ മൊബൈല്‍ ഫോണും ബാഗും മരുഭൂമിയില്‍ നിന്ന് കണ്ടെത്തി. വൈകാതെ മരിച്ച നിലയില്‍ ആമിറിനെയും കണ്ടെത്തുകയായിരുന്നു.

2008ലെ മില്യന്‍സ് പൊയറ്റ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ആമിര്‍ ബല്‍ഉബൈദ് പ്രശസ്തനായത്. സ്വന്തം ജീവിതാനുഭവങ്ങളും ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന കവിതകളിലൂടെ ആമിര്‍ അംഗീകാരം നേടുകയായിരുന്നു.

അതേസമയം, കിഴക്കന്‍ യെമനിലെ മരുഭൂമിയിലെ റോഡുകളില്‍ വഴി തെറ്റി വെള്ളം കിട്ടാതെ ആളുകള്‍ മരിക്കുന്നത് നിത്യസംഭവമാണ്. രണ്ട് ദിവസം മുമ്പ് മാരിബ് ഗവര്‍ണറേറ്റിലെ മരുഭൂമിയില്‍, അബ്ദുല്ല മുബാറക് അല്‍-ഉബൈദിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.