'വിജയിക്കുന്നവന് പിന്നില്‍ ഒരു പരാജിതനുണ്ട്, അയാളുടെ കഥയാണ് ഓട്ടം'; സിനിമയുടെ വിശേഷങ്ങളുമായി തിരക്കഥാകൃത്ത് രാജേഷ് കെ. നാരായണന്‍

നവാഗതനായ സാം സംവിധാനം ചെയ്യുന്ന “ഓട്ടം” എന്ന സിനിമ മാര്‍ച്ച് എട്ടിന് തിയേറ്ററുകളിലെത്തുകയാണ്. ലാല്‍ ജോസിന്റെ റിയാലിറ്റി ഷോയായിരുന്ന നായികാ നായകനിലെ നന്ദു ആനന്ദ്, റോഷന്‍ ഉല്ലാസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിറം പിടിപ്പിക്കാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രത്തിന്റെ സവിശേഷത. കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് കെ. നാരായണനാണ്. ചിത്രത്തെ കുറിച്ച് രാജേഷ് കെ. നാരായണന്‍ സൗത്ത് ലൈവിനോട് സംസാരിക്കുന്നു.

ഓട്ടം എന്ന സിനിമയെ കുറിച്ച്…

ജീവിതമെന്നത് ഒരു ഓട്ടമാണെന്ന് എനിക്ക് തോന്നാറുണ്ട്. ഈ ഓട്ടം നമ്മളൊക്കെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള യാത്രയില്‍ തുടങ്ങുന്നതാണ്. ലക്ഷങ്ങളില്‍ നിന്ന് ഒന്ന്, അതാണ് നമ്മളാകുന്നത്. അവിടം മുതല്‍ തുടങ്ങുന്ന ഓട്ടം മരണം വരെ തുടരുന്നു. ഈ ചിന്തയില്‍ നിന്നാണ് ഓട്ടം സിനിമയുടെ ആരംഭം. സ്‌കൂള്‍ അഡ്മിഷനായാലും കേളേജിലേക്കായാലും ജോലിയ്ക്കായാലും ഇത്തരം ഓട്ടങ്ങള്‍ അനിവാര്യമാകുന്നു. ഈ ഓട്ടത്തില്‍ തൊട്ടുമുന്‍പില്‍ ഉള്ളയാള്‍ക്ക് വിജയം ലഭിക്കുന്നു. അയാളില്ലെങ്കില്‍ നമ്മളായിരുന്നു ആ മത്സരത്തില്‍ വിജയിക്കേണ്ടിയിരുന്നത്. അബി, വിജയ് എന്നു പേരുള്ള രണ്ടു പേരുടെ ജീവിതം. അബിക്ക് മുന്നില്‍ എന്നും വിജയ് ഉണ്ടായിരുന്നു.

ഇത്തരമൊരു ആശയം സിനിമയില്‍ ഏതു രീതിയിലാണ് അവതരിപ്പിക്കുന്നത്?
തികച്ചും റിയലിസ്റ്റിക്കായ അവതരണമാണ് ഓട്ടത്തിന്റേത്. തിരുവനന്തപുരം നഗരവും കൊച്ചിയിലെ വൈപ്പിനുമാണ് കഥയുടെ ഭൂമിയാകുന്നത്. വൈപ്പിനിലെ നാട്ടു ഭാഷയും അവരുടെ ജീവിത രീതികളുമാണ് സിനിമയില്‍ കടന്നു വരുന്നത്. കൊച്ചി പോലൊരു നഗരത്തിന്റെ കൈയെത്തും ദൂരത്ത് ഇപ്പോഴും ഗ്രാമത്തിന്റെ സ്വഭാവ സവിശേഷതകള്‍ വിട്ടുമാറാത്ത പ്രദേശമാണ് വൈപ്പിന്‍. പള്ളിയും പ്രാര്‍ത്ഥനയും മദ്യവും മത്സ്യ ബന്ധനവും ഇവിടുത്തെ ജീവിതവുമായി ഇഴചേര്‍ന്ന് കിടക്കുന്നു.

പോഞ്ഞിക്കര റാഫിയുടെ നോവലുകളില്‍ നിന്നാണ് ഞാന്‍ ആദ്യമായി വൈപ്പിനെ കുറിച്ചറിയുന്നത്. എറണാകുളം നഗരത്തില്‍ എത്തിയ നാള്‍ മുതല്‍ വൈപ്പിനിലേയ്ക്കുള്ള ബോട്ടുയാത്രകള്‍ എനിയ്ക്ക് ഇഷ്ടമായിരുന്നു. പലപ്പോഴായി അവിടെ കണ്ട മനുഷ്യരും സംഭവങ്ങളുമാണ് ഓട്ടം സിനിമയിലെ കഥാപാത്രങ്ങളും സംഭവങ്ങളുമായി മാറിയത്.

സിനിമയില്‍ ചവിട്ടു നാടകം…

തീരപ്രദേശത്തിന്റെ കലാരൂപമാണ് ചവിട്ടു നാടകം. കടലില്‍ പോകുന്ന മുക്കുവന്റെ കരുത്തിന്റെ രൂപമെന്ന് ചവിട്ടു നാടകത്തെ വിളിയ്ക്കാം. തട്ട് പൊളിഞ്ഞാല്‍ നാടകം വിജയിച്ചു എന്നാണ് പറയാറ്. ചവിട്ടു നാടകത്തിന്റെ ഓരോ ചവിട്ടും കരുത്തിന്റേതാണ്. ഓട്ടത്തില്‍ വളരെ കൃത്യമായി തന്നെ ഈ കലാരൂപം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചവിട്ടുനാടകം ഇല്ലെങ്കില്‍ ഈ സിനിമ പൂര്‍ണമല്ല എന്നു വേണം പറയാന്‍.

വൈപ്പിനില്‍ പല പ്രവിശ്യം പോയിരുന്നു. അവിടുത്തെ നാട്ടിട വഴികളും കടലോര പ്രദേശങ്ങളിലെ ആളുകളെയും മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്തും തുറന്നു പറയുന്ന സ്വഭാവക്കാരാണ് വൈപ്പിന്‍കാര്‍. ആര് എന്ത് എന്നൊന്നും ചിന്തിക്കില്ല തുറന്നു പറയും. ഈ സിനിമയിലും അത്തരം സന്ദര്‍ഭങ്ങളുണ്ട്.

ഓട്ടത്തെ കുറിച്ചുള്ള പ്രതീക്ഷ…

ഓട്ടം മാത്രമല്ല, മലയാള സിനിമയില്‍ ഈ അടുത്ത് വരുന്ന എല്ലാ സിനിമകളും എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷകള്‍ തന്നെയാണ്. വ്യത്യസ്തമായ പ്രമേയങ്ങള്‍ വരുന്നു. വിവിധ തരത്തിലുള്ള കാഴ്ച്ചകളാണ് ഓരോ സിനിമയിലും അവതരിക്കപ്പെടുന്നത്. ഓട്ടവും അത്തരമൊരു ശ്രമമാണ്. ആത്യന്തികമായി സിനിമ പ്രേക്ഷകരില്‍ എത്തുന്നിടത്താണ് ആ ശ്രമം വിജയിച്ചു എന്നു പറയാനാകൂ.

താങ്കളെ കുറിച്ച്…

ഞാന്‍ ചെറുകഥാകൃത്താണ്, പത്രപ്രവര്‍ത്തനവും ടെലിവിഷന്‍ മേഖലയുമാണ് എന്റെ പ്രവര്‍ത്തന രംഗം.

സിനിമയെ കുറിച്ചുള്ള കാഴ്ച്ചപ്പാട്…

ഏറ്റവും നന്നായി ജനങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന മീഡിയം. നമ്മുടെ ജീവിതാനുഭവങ്ങള്‍ അവതരിപ്പിക്കാനും നമ്മളറിഞ്ഞവ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനും സിനിമകളിലൂടെ സാധിക്കും എന്നാണെനിക്ക് തോന്നുന്നത്. ഓട്ടം അതിനുള്ള ഒരു ശ്രമമാണ്. എത്രത്തോളം ഈ ശ്രമത്തില്‍ വിജയിച്ചു എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്