രാഘവ് ടാന്‍ഖ
പഞ്ചാബ് ഹരിയാനാ ഹൈക്കോടതിയിലെ രണ്ടംഗബെഞ്ച് ഈയിടെ വീട്ടുകാരില്‍നിന്നും നേരിടാവുന്ന ഭീഷണിയില്‍നിന്നും രക്ഷനേടുന്നതിനായി ഒരു ലിവിംഗ് റ്റുഗെദര്‍ സ്ത്രീയും പുരുഷനും ഒരുമിച്ച് കോടതിയില്‍ നിന്നും ആവശ്യപ്പെട്ട സംരക്ഷണം നിരാകരിക്കുകയുണ്ടായി. സാന്‍മാര്‍ഗ്ഗികമായി സാധൂകരണമില്ലാത്ത ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്
സംരക്ഷണം അനുവദിച്ചാല്‍ അത് സമൂഹഘടനയ്ക്ക്
അസ്വസ്ഥതയുണ്ടാക്കും എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍ !
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം മറ്റൊരു ബെഞ്ച് സുപ്രധാനമായ തിരുത്ത് ഈ വിഷയത്തില്‍ വരുത്തുകയുണ്ടായി. ലിവിംഗ് റ്റുഗെദര്‍ നയിച്ചിരുന്ന ദമ്പതികള്‍ ബന്ധുക്കളില്‍നിന്നും ഭീഷണി നേരിട്ട സാഹചര്യത്തില്‍ അവര്‍ക്ക് നിയമസംരക്ഷണം നല്‍കണമെന്ന് കോടതി സര്‍ക്കാരിന് റൂളിംഗ് നല്‍കി. സമൂഹം അംഗീകരിക്കാത്തതാണ് ലിവിംഗ് റ്റുഗെദര്‍ ബന്ധങ്ങള്‍ എന്ന സ്‌റ്റേറ്റ് കൗണ്‍സലിന്റെ വിശദീകരണത്തെ തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ വിധിച്ചത്.
ഇന്ത്യയില്‍ ലിവിംഗ് റ്റുഗെദര്‍ ബന്ധങ്ങള്‍ അപൂര്‍വ്വമല്ലാതായി മാറിയിട്ടുണ്ടെന്നും അത് മെട്രോ നഗരങ്ങളില്‍ മാത്രമല്ല, ചെറുപട്ടണങ്ങളിലും ഇപ്പോള്‍ നിലവിലുണ്ടെന്നും ഇതിന് വിദ്യാഭ്യാസപുരോഗതിക്ക് പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. അത്തരം ബന്ധങ്ങള്‍ സമൂഹാതിക്രമമോ നിരോധിക്കപ്പെട്ടതോ അല്ലാത്തതിനാല്‍ അവരുടെ സ്വസ്ഥജീവിതത്തിന് മറ്റു പൗരന്‍മാര്‍ക്ക് എന്നതുപോലെ പരിരക്ഷ നല്‍കേണ്ടതാണെന്നും കോടതി വിധിച്ചു.
വീട്ടുകാരുടെ താത്പര്യത്തിനെതിരായി വിവാഹം ചെയ്യുന്നവര്‍ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സംരക്ഷണ കൊടുക്കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനുണ്ട്. ലിവിംഗ് റ്റുഗെദര്‍ നിയമാനുസൃതമായതിനാല്‍ അവര്‍ വിവാഹിതരല്ലെങ്കില്‍ക്കൂടി സംരക്ഷണ ഉത്തരവാദിത്വമാണ് എന്നത് ആഗോളസ്വീകാര്യമാണിപ്പോള്‍.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അതേകോടതിയുടെ മറ്റൊരുബെഞ്ച് വിധിച്ചതിനെതിരെ ദമ്പതികള്‍ക്ക് ജീവനും സ്വത്തും സ്വാതന്ത്ര്യവും കാക്കാനുള്ള സംരക്ഷണം നല്‍കേണ്ടതാണെന്ന നിര്‍ണ്ണായകമായിരുന്നു ആ വിധി. ആര്‍ട്ടിക്കിള്‍ 21 പ്രകാരം പൗരന് സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള മൗലീകവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു. അതിന് നിയതമായ പരിധിയും നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. സന്‍മാര്‍ഗ്ഗവും സാമൂഹ്യസ്വീകാര്യതയും ഘോഷിക്കുക എന്നത് കോടതിയുടെ ജോലിയല്ല.
ഓരോ കേസിനും പ്രത്യേക സാഹചര്യങ്ങളുണ്ടാകും എന്നത് വസ്തുതയാണ്. ദമ്പതികളുടെ പരാതിയിന്‍മേല്‍ നിയമനടപടിയുണ്ടാകാവുന്ന ഭാഗങ്ങള്‍ കോടതി പരിശോധിക്കുകയുണ്ടായി. അവയില്‍ ലിവിംഗ് റ്റുഗെദറിനെതിരെയുണ്ടായിട്ടുള്ള പലതും പൊതുവില്‍ സംഭവിക്കാറുള്ളതുപോലെ തന്നെ ആയിരുന്നു. അവയും കോടതി രേഖപ്പെടുത്തുകയുണ്ടായി. ലിവിംഗ് റ്റുഗെദര്‍ ഇന്ത്യന്‍ സമൂഹത്തിലുള്ളതും ആവശ്യസന്ദര്‍ഭങ്ങളില്‍ കോടതിസഹായം തേടിയിട്ടുള്ളതുമാണ്. 2013-ല്‍ സുപ്രീംകോടതി കൈകാര്യം ചെയ്ത ലിവിംഗ് റ്റുഗെദര്‍ ബന്ധത്തില്‍ വിള്ളലുണ്ടായതിനെ സംബന്ധിച്ച് ഇന്ദ്രാ ശര്‍മ്മ-വി.കെ.വി. ശര്‍മ്മയ കേസില്‍ വികെവി ശര്‍മ്മ മറ്റൊരു വിവാഹം കഴിച്ചിട്ടുള്ളതാണെന്നറിയാതെ പതിനെട്ടുകൊല്ലം അയാളുടെ കൂടെ താമസിച്ച ഇന്ദ്ര ശര്‍മ്മയെ അയാളുടെ ഭാര്യയ്ക്ക് സമാനയായിട്ടാണ് കോടതി പരിഗണിച്ചത്. ഇവരുടേത് തകര്‍ന്ന ബന്ധമായിരുന്നെങ്കില്‍ ഹരിയാനാ ഹൈക്കോടതില്‍ വന്നത് ഒരുമിച്ച് മുന്നോട്ടുപോകുന്നവര്‍ നേരിടുന്ന പ്രശ്‌നമായിരുന്നു. ഇന്ദ്രാ കേസില്‍ കോടതി പറഞ്ഞത് ലിവിംഗ് റ്റുഗെദര്‍ സാമൂഹ്യസ്വീകാര്യമല്ലാതിരിക്കെയും അത് നിയമത്തിനുമുന്നില്‍ തെറ്റല്ല എന്നാണ്. അതിലുണ്ടാകുന്ന തകര്‍ച്ചയും അതോടനുബന്ധിച്ചുള്ള ജീവനാംശം മുതലായ പ്രശ്‌നങ്ങളും വിവാഹത്തിലേത് എന്നതുപോലെതന്നെ പരിഗണിക്കപ്പെടുന്നതാണ്. അതായത് കുറേക്കൊല്ലം വിവാഹം കഴിക്കാതെ ഒരു സ്ത്രീയെ കൂടെ താമസിപ്പിച്ചാലും വിട്ടൊഴിയുമ്പോള്‍ സ്ത്രീ ആലംബഹീനയായിരിക്കുകയും ആവശ്യപ്പെടുകയും ചെയ്താല്‍ ജീവനാംശം കൊടുക്കേണ്ടിവരുമെന്നര്‍ത്ഥം.
സുപ്രീം കോടതിയും സ്വാതന്ത്ര്യമൂല്യങ്ങളും
1983 ല്‍ തൂക്കിക്കൊലയെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റുമായി ദീനാ ദയാല്‍ നടത്തിയ വ്യവഹാരത്തില്‍ കോടതിയുടെ വ്യാഖ്യാനം പുതിയ പ്രവണതകളെയും സാമൂഹ്യമാറ്റങ്ങളെയും അനുസരിച്ച് മാറാവുന്നതാണ് നിയമം എന്നാണ്. നമ്മുടെ ഭരണഘടന കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഭേദഗതികള്‍ വരുത്തുന്നതിനെ സ്വീകരിക്കുന്നതുപോലെതന്നെ നിയമവും അപ്രകാരമാണ്. കേവലസദാചാരമല്ല അതിനെ നയിക്കുന്നത് എന്നാല്‍ ഭരണഘടനാപരമായ സദാചാരമാണ് എന്നര്‍ത്ഥം.
2014 ലെ മനോജ് നറുല നല്‍കിയ റിട്ട് പ്രകാരമുള്ള വിധിയില്‍ ഭരണഘടനാപരമായ ധാര്‍മ്മികത എന്താണെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. ലളിതമായി പറഞ്ഞാല്‍ ഭരണഘടനാപരമായ ധാര്‍മ്മികത ഉള്‍ക്കൊള്ളുന്നത് ഭരണഘടനയില്‍ പറയുന്ന ആദര്‍ശവും നിബന്ധനകളും പരിശോധിക്കുകയും അത് നടപ്പിലാക്കുകയും നിയമവും ചട്ടവും ലംഘിക്കപ്പെടാതിരിക്കുകയോ ഏകപക്ഷീയമാകുകയോ ചെയ്യാതിരിക്കുകയുമാണ്. കോടതി പറയുന്നതുപ്രകാരം പാരമ്പര്യവും സമ്പ്രദായവും ഭരണഘടന പറയുന്ന മൂല്യങ്ങള്‍ നിലനിര്‍ത്തുംവണ്ണം ഉയരുകയും ചെയ്യുന്നതിന് പൗരന്‍മാര്‍ പൊതുവിലും സ്ഥാപനങ്ങളുടെ ഉത്തരാവാദിത്വമുള്ളവര്‍ പ്രത്യേകിച്ചും നയിക്കപ്പെടേണ്ടതുണ്ട്. ഭരണഘടന നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പുരോഗമനോന്‍മുഖമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയാണ് അതിന്റെ ഇടപെടലും പ്രവര്‍ത്തനവും നിലവിലുള്ള സാഹചര്യത്തിനും ഉപാധികള്‍ക്കും അനുസരിച്ചുമായിരിക്കും.
പൗരന് ജീവിക്കുന്നതിനും സ്വാതന്ത്ര്യം അനുഭവിക്കുന്നതിനുള്ള അവകാശം ഉറപ്പുതരുന്ന ആര്‍ട്ടിക്കിള്‍ 21 ആഴത്തിലും വ്യാപ്തിയിലും പഠിക്കേണ്ടതിന്റെ ആവശ്യം ഇവിടെയാണ്. ഒരു പാസ്‌പോര്‍ട്ട് വിഷയം ,സംബന്ധിച്ച് 1978-ല്‍ മേനകാ ഗാന്ധിയും യൂണിയന്‍ ഗവണ്‍മെന്റും തമ്മിലുണ്ടായ കേസില്‍ ആര്‍ട്ടിക്കിള്‍ 21 ന്റെ വ്യാപ്തിയും പരിധിയും വിവരിച്ചിട്ടുണ്ട്. കോടതിവിധി പ്രകാരം മൗലീകാവകാശത്തിന്റെ ഉദ്ദേശ്യം ഒരു വ്യക്തിക്ക് അയാളുടെ സൃഷ്ടിപരമായ പ്രകടനം നടത്തുന്നതിനുള്ള ബാദ്ധ്യതയും ആ ചോദനയില്‍ നിന്നും
അധികാരസ്ഥാപനങ്ങളില്‍നിന്നോ മറ്റേതെങ്കിലും
ഭാഗത്തുനിന്നോ അയാളെ തടയുന്നതില്‍ നിന്നുമുള്ള സംരക്ഷണമാണ്. പ്രതിലോമവാക്കുകളിലാണ് ആര്‍ട്ടിക്കിള്‍ 21 വിശദീകരിച്ചിരിക്കുന്നതെങ്കിലും നിയമത്തിന് വിരുദ്ധമല്ലാത്തപക്ഷം ഒരു വ്യക്തി അയാളുടെ മൗലീകാവകാശവും വ്യക്തിസ്വാതന്ത്ര്യവും അനുഭവിക്കുന്ന ഏതൊരു പ്രവൃത്തിയില്‍നിന്നും ആര്‍ക്കുംഅയാള തടയാന്‍ കഴിയില്ല.
നിയന്ത്രണങ്ങളല്‍ നിന്നും പൂര്‍ണ്ണമോചിതമായ ഒരു മൗലീകാവകാശവുമില്ല. ആര്‍ട്ടിക്കിള്‍ 21 ന്റെ കാര്യത്തില്‍ പൗരന്റെ അവകാശങ്ങൡലും ജീവിതരീതിയുടെ തെരഞ്ഞെടുപ്പിലും ഇടപെടുന്ന ചില കൈകടത്തലുകളുടെ നടപടിക്രമങ്ങളുണ്ട്. ഉദാഹരണത്തിന് പൗരന്‍ ആഗ്രഹിച്ചതുകൊണ്ട് അയാള്‍ ചെയ്യുന്ന ഒരു നിന്ദ്യമായ ഒരു കുറ്റകൃത്യത്തിന് ആര്‍ട്ടിക്കിള്‍ 21 ന്റെ സംരക്ഷണം ലഭിക്കുന്നതല്ല. അതിന് നിരവധി പരിശോധനകളും വിലയിരുത്തലുകളുമുണ്ട്.
കോടതി “നിയമത്താല്‍ സ്ഥാപിക്കപ്പെട്ട നടപടികള്‍” എന്നതിന്റെ അര്‍ത്ഥം ചര്‍ച്ച ചെയ്യുന്നതും മുറുകെ പിടിക്കുന്നതും ഇത് വിവേകപൂര്‍ണ്ണവും നിയമത്തിന്റെ ചട്ടത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്നുമാണ്. നടപടികള്‍ എന്നാല്‍ രാജ്യത്തെ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കരുതലാണെന്ന് കോടതി നിര്‍ദ്ദേശിക്കുന്നു. നടപടികള്‍ നിയമത്താല്‍ നിര്‍മ്മിക്കപ്പെട്ടതും നിര്‍വ്വഹണപരവുമായിരിക്കണമെന്നും വിവേകരഹിതവും നിരര്‍ത്ഥകവും ആകരുതെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. കോടതി ഇവിടെ ഊന്നിപ്പറയുന്നത് നടപടികളുടെ പ്രവര്‍ത്തനസംവിധാനം (മെഷീനറി) എങ്ങനെയെന്നാല്‍ അസ്തിത്വപരമായ അവകാശത്തെ ഹനിക്കാതിരിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന് സുരക്ഷിതത്വം നല്‍കുന്നവണ്ണം പ്രവര്‍ത്തനപരവുമായിരിക്കണം.
2018ലെ പുട്ടസ്വാമിയും ഇന്ത്യന്‍ യൂണിയനും തമ്മിലുണ്ടായ വ്യവഹാരം നമ്മുടെ നിയമസംഹിതക്ക് നല്‍കപ്പെട്ട നല്ലൊരു അവസരമായിരുന്നു. ഒരു പൗരന്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ ഏറ്റവും മികച്ച രീരിതിയില്‍ അവയെ ഉള്‍ക്കൊണ്ട് ജീവിതം നയിക്കണം എന്ന് ആ കേസ് നിരീക്ഷിക്കുകയുണ്ടായി. അവിടെ കോടതി പറഞ്ഞത് പൗരന്‍ എങ്ങനെ ജീവിക്കണം എന്ന് ആജ്ഞ പുറപ്പെടുവിക്കുന്നതല്ല കോടതിയുടെ ജോലി മറിച്ച്, പൗരന്റെ സ്വയം പര്യാപ്തതയെ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരിക്കുക എന്നതാണ്. അന്യരുടെ ഇടപെടലില്ലാതെ സ്വകാര്യത കാക്കുക എന്നത് പൗരന്റെ അന്തസ്സിന് ഏറ്റവും അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. പൗരാന്തസ്സിന് ഏറ്റവും മുഖ്യമാണ് സ്വകാര്യത. തന്റെ വ്യക്തിപരമായ അവകാശവും സ്വാതന്ത്ര്യവും സൂക്ഷിച്ചുകൊണ്ട് താന്‍ ആഗ്രഹിക്കാത്തിടത്തോളം അന്യര്‍ തന്നില്‍ ഇടപെടാതിരിക്കുന്നതിനുള്ള സാഹചര്മാണ് സ്വകാര്യത. അതുകൊണ്ട് അന്തസ്സുകാത്തുകൊണ്ട് ജീവിക്കാന്‍ ഏറ്റവും ആവശ്യമായതാണ് സ്വകാര്യത എന്നും പൗരാന്തസ്സ് കാക്കേണ്ട ഉത്തരവാദിത്വം ഭരണഘടനയുടെ മൂലക്കല്ലാണെന്നും കോടതി പറഞ്ഞുവെക്കുന്നു.
2018-ല്‍ ഷെഫിന്‍ ജഹാനും കെ എം അശോകനും തമ്മിലുണ്ടായ കേസില്‍ സുപ്രീം കോടതി രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൈകാര്യം ചെയ്തത്. ഒരു ഭാഗത്ത് ഒരു പെണ്‍കുട്ടിയുടെ പിതാവും മറുഭാഗത്ത് അവളുടെ ഭര്‍ത്താവുമായിരുന്നു. ഹാദിയ എന്ന മകള്‍ തെരഞ്ഞെടുത്ത ഭര്‍ത്താവിനെ അംഗീകരിക്കാന്‍ അച്ഛന് സാധിക്കുമായിരുന്നില്ല. കോടതി ഇക്കാര്യത്തില്‍ ഊന്നിപ്പറഞ്ഞത് തെരഞ്ഞെടുപ്പിന്റെ പ്രകടനത്തിന്റെ പ്രാധാന്യവും റൂളിംഗ് നടത്തിയത് ആ പ്രകടനസ്വാതന്ത്ര്യത്തെ പിന്‍വലിക്കല്‍ വ്യക്തിത്വപരമായ അസ്തിത്വത്തെ ഇല്ലാതാക്കും എന്നുമാണ്. ഏറ്റവും നിര്‍ണ്ണായകമായി കോടതി നിരീക്ഷിച്ചത് സാമൂഹ്യ മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും ഇടമുണ്ടായിരിക്കെത്തന്നെ അവയ്ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിനു മുകളിലാകാന്‍ സാദ്ധ്യമല്ല എന്നാണ്. കോടതിയുടെ കര്‍ത്തവ്യം പൗരന്റെ മൗലീകാവകാശം ഉയര്‍ത്തിപ്പിടിക്കുക എന്നതാണെന്നും നിലനില്‍ക്കുന്ന നിയമത്തിന്റെ ആധികാരികതയില്ലാതെ അതിനെ മറികടക്കാന്‍ സാദ്ധ്യമാകില്ല എന്നതുമാണ്. ജസ്റ്റീസ് ചന്ദ്രചൂഢിന്റെ പ്രത്യേകമായതും ഏകോപിപ്പിക്കപ്പെട്ടതുമായ വിധികളും നിര്‍ണ്ണായകമായിരുന്നു. ഹാദിയയും അവരുടെ പിതാവും തമ്മിലുണ്ടായ ഉലച്ചില്‍ ദൗര്‍ഭാഗ്യകരമാണെങ്കില്‍ത്തന്നെയും ഹാദിയക്ക് സ്വയം തന്റെ മേല്‍ സ്വയംനിര്‍ണ്ണയാവകാശം ഉള്ളതിനാല്‍ അവരുടെ നീതിപൂര്‍വ്വകവും ശരിയായതുമായ ജീവിതമെങ്ങനെ എന്ന് നിര്‍ണ്ണയിക്കാന്‍ കോടതിക്കല്ല അധികാരം എന്ന് പ്രസ്താവിക്കുകയുണ്ടായി.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു പ്രായപൂര്‍ത്തിയെത്തിയ വ്യക്തിക്ക് തന്റെ സ്വകാര്യതയും വൈയക്തികാന്തസ്സും കാത്തുകൊണ്ടുള്ള ജീവിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. അവര്‍ക്ക് തങ്ങളിഷ്ടപ്പെടുന്ന വ്യക്തിയോടൊപ്പം ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ കഴിയണം, അതിന് വിഘാതമായി നിയമങ്ങളൊന്നും നിര്‍മ്മിക്കാത്ത പക്ഷം. ലിവ് ഇന്‍ റിലേഷനില്‍ ജീവിക്കുന്നവരെ തടയുന്നതിനുള്ള ഒരു നിയമവും ഇന്ത്യയിലില്ല. അതിനാല്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ വിവാഹിതരല്ലെങ്കില്‍പ്പോലും അവര്‍ക്ക് ഒരുമിച്ചു ജീവിക്കാനുള്ള അവകാശം നിയമപരമായി ലഭിക്കേണ്ടതാണ്. ഹരിയാനാ കോടതിയിലെ രണ്ടു ബെഞ്ചുകള്‍ നടത്തിയ പരസ്പരവിരുദ്ധമായ വിധികളില്‍ സാമൂഹ്യസദാചാരത്തെയും സാമൂഹ്യസ്വീകാര്യതയെയും പരിഗണിച്ച ബെഞ്ചിന്റേതല്ല മറിച്ച് ഭരണഘടനയെ പരിഗണിച്ച ബെഞ്ചിന്റെ വിധിയേ നിലനില്‍ക്കുകയുള്ളൂ.
ജീവിതം പോലെതന്നെ നിയമവും ഒരിക്കലും സ്ഥിതമല്ല. അത് ആഗോളമാറ്റങ്ങള്‍ക്കനുസരിച്ചും സാമൂഹ്യപരിവര്‍ത്തനത്തിനനുസരിച്ചുമെല്ലാം അനിവാര്യമായി മാറിക്കൊണ്ടിരിക്കും. വിവാഹത്തെ സംബന്ധിച്ച് പ്രായം. വംശം, മതം ഈ ഘടകങ്ങള്‍ക്കെല്ലാമനുസരിച്ചാണ് സമൂഹത്തിന്റെ കാഴ്ചപ്പാട് പോകുന്നത്. ലിവിംഗ് ഇന്‍ റിലേഷന്‍സ് ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ കൂടിവരുന്നുണ്ട്. സംസ്്ഥാപിതമായ വിവാഹസമ്പ്രദായവുമായി ഇതിനുള്ള ഘര്‍ഷണം കൈകാര്യം ചെയ്യേണ്ടത് പരമ്പരാഗത സദാചാരത്തിന്റെ അളവുകോല്‍ വെച്ചിട്ടല്ല.
2013 ല്‍ സാമൂഹ്യസ്വീകാര്യം എന്ന് സൂപ്രീംകോടതി പറയുന്നത് 2021ല്‍ സ്വീകാര്യം ആയിരിക്കണമെന്നില്ല. അത് കാലമാറ്റത്തോടൊപ്പം ചലിക്കുകയം ഉദാരമായ ഭരണഘടനയുടെയുടെ നിബന്ധനക്കനുസരിച്ച് നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. ലിവ് ഇന്‍ ദമ്പതികള്‍ അധാര്‍മ്മികജീവിതം നയിക്കുന്നവരായതിനാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ല എന്ന ഹൈക്കോടതി നിലപാട് പൗരന് ഭരണഘടന നല്‍കുന്ന അവകാശത്തിന് വിരുദ്ധവും പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കാത്തതുമാണ്. ധാര്‍മ്മികതയും നിയമപരതയും തമ്മില്‍ വ്യത്യാസമുണ്ട് എന്നതും കോടതി പരിഗണിക്കുന്നത് നിയമപരതയാണെന്നതും പ്രത്യേകിച്ച് എടുത്തുപറയേണ്ട കാര്യമില്ല. ഒരു സംഗതി നിയമപരമാണോ അല്ലയോ എന്ന് ആദ്യം പരിശോധിക്കേണ്ടതുണ്ട്. നിയമത്തിന് വിരുദ്ധമല്ലാത്തപക്ഷം അതിന്റെ സദാചാരവശം അപ്രസക്തമാകുകയാണ് നിയമത്തിന്റെ മുന്നില്‍.
ഇതേ കോടതി വ്യത്യസ്തമായ വ്യാഖ്യാനം നല്‍കി എന്നതും രസകരമാണ്. ഒരു ബെഞ്ച് അവരിലെ അധാര്‍മ്മികത പരിഗണിച്ചപ്പോള്‍ ഇതര ബെഞ്ച് പൗരന്‍മാര്‍ എന്ന നിലയിലുള്ള അവകാശം പരിഗണിച്ചു. അങ്ങനെ ചെയ്തപ്പോള്‍ തിരുത്തല്‍ വരുത്തിയ ബെഞ്ച് ഭരണഘടനയ്ക്ക് കൂടുതല്‍ സ്വീകാര്യതയാണ് സമൂഹത്തില്‍ നേടിക്കൊടുത്തത്. ഒരു പൗരന് തന്റെ സ്വകാര്യതയും അവകാശവും സംരക്ഷിച്ചുകൊണ്ട് ജീവിതം നയിക്കാമെന്നും ഭരണഘടനാപരമായ ധാര്‍മ്മികതയെ പരമ്പരാഗത വിലക്കുകളേക്കാളധികം പരിഗണിക്കുന്ന കോടതിയില്‍ വിശ്വാസം വന്നുചേരാനും കാരണമാകുകയാണ് ചെയ്തത്.
ഇനിയും ഈ കേസിന് മറ്റൊരു വശം കൂടിയുണ്ട്. ഹൈക്കോടതി ബെഞ്ചിന്റെ നിഷേധനിലപാട് ദമ്പതികള്‍ ബന്ധുക്കളാല്‍ ആക്രമിക്കപ്പെടാനുള്ള സാദ്ധ്യതയെ തടയുന്നതിന് എതിരായിരുന്നു. 2018-ല്‍ ഊരുവിലക്കും ദുരഭിമാനക്കൊലയും സംബന്ധിച്ച ശക്തിവാഹിനി കേസില്‍ കോടതി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും അവരെ അപായപ്പെടുത്താനുള്ള ശ്രമങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിന് സ്്‌റ്റേറ്റിന് കടമയുണ്ടെന്നും കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായിട്ടുണ്ട്.
ഒരു സംഗതി ധാര്‍മ്മികമോ അധാര്‍മ്മികമോ എന്നതും സാമൂഹ്യസ്വീകാര്യമോ അല്ലയോ എന്നതുമെല്ലാം ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യാസപ്പെട്ടിരിക്കും. അത് സാധാരണക്കാരനായാലും വിധി പറയേണ്ട ജഡ്ജി ആയാലും. അതിനാല്‍ ജഡ്ജിമാര്‍ ചെയ്യേണ്ടത് സാമൂഹ്യസ്വീകാര്യതയും സാമൂഹ്യസദാചാരവും പരിഗണിക്കുന്നതിനുപകരം വ്യക്തിസ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ ധാര്‍മ്മികതയ്ക്കും വിലകല്‍പ്പിക്കേണ്ടതാണ്. പൗരന് യാതൊരുവിധത്തിലുള്ള ഭീഷണികളെയും ഭയക്കാതെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീകാവകാശങ്ങള്‍ ഉപയോഗപ്പെടുത്തി തന്റെ സ്വകാര്യതയും പൗരാന്തസ്സും പാലിച്ച് മുന്നോട്ടുപോകാനുള്ള സംരക്ഷണം നല്‍കേണ്ടതാണ് എന്നാണ് നമ്മുടെ ഭരണഘടന അനുശാസിക്കുന്നത്.
കടപ്പാട് : രാഘവ് ടാന്‍ഖ | ദ് വൈര്‍
———————————————
സ്വതന്ത്രവിവര്‍ത്തനം : സാലിഹ് റാവുത്തര്‍