കാലമിത്ര കഴിഞ്ഞിട്ടും സ്ത്രീകൾ നേരിടുന്ന സാമ്പത്തിക- സാമൂഹിക വെല്ലുവിളികൾ

സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം എന്തിന് നേടണം

നമ്മുടെ നാട്ടിൽ എത്ര ഭാര്യമാർക്ക് അവരുടെ ഭർത്താവിന്റെ ശമ്പളം അറിയാം എത്ര അമ്മമാർക്കും അച്ഛന്മാർക്കും അവരുടെ ആൺ മക്കളുടെ ശമ്പളം അറിയാം… പക്ഷേ നേരെ മറിച്ച് ഭാര്യമാരുടെ കൃത്യ ശമ്പളം അറിയാത്ത ഭർത്താക്കന്മാരും മകളുടെ ശമ്പളം അറിയാത്ത മാതാപിതാക്കളും വളരെ ചുരുക്കമായിരിക്കും. ഇതിൽ തന്നെ സ്ത്രീകൾ അധ്വാനിച്ചു കൊണ്ടുവരുന്ന സമ്പാദ്യം കലാകാലങ്ങളായി കൈകാര്യം ചെയ്തു വരുന്ന പുരുഷന്മാരുമുണ്ട്.

നമ്മുടെ വസ്തു വകകളുടെയോ വീടുകളുടെയോ ആധാരം എടുത്തൊന്ന് പരിശോധിച്ചാൽ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമാകും. സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വസ്തു വകകൾ എണ്ണത്തിൽ വളരെ കുറവാണ്. സ്ത്രീകൾക്ക് ലഭിക്കുന്ന സ്ത്രീധനം പോലും തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമുള്ള പുരുഷന്മാരുടെ നാട് കൂടിയാണ് നമ്മുടേത്. ഭാര്യയും ഭർത്താവും ഒരുമിച്ച് സമ്പാദിക്കുന്ന വസ്തു വകകളിൽ പോലും അവകാശം ഭർത്താവിന്റെ പേരിൽ മാത്രമായിരിക്കും.

മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതിനെ സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയാം. സ്ത്രീകളുടെ കാര്യമെടുത്താൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടിയവർ, സ്വന്തം കുടുംബത്തിനു വേണ്ടിയോ മക്കളെ വളർത്തുന്നതിനായോ സ്വന്തം കരിയർ ഉപേക്ഷിക്കേണ്ടി വരുന്ന ഒരു സാഹചര്യമുണ്ട്.

നമ്മുടെ സമൂഹത്തിൽ ഒരു പ്രായപൂർത്തിയായ പുരുഷന് ഉള്ള ആദ്യത്തെ ലക്ഷ്യം ഒരു ജോലി നേടുക എന്നുള്ളതാണ്. എന്നാൽ ഒരു സ്ത്രീയെ സംബന്ധിച്ച അവിടെ രണ്ട് ഓപ്ഷനുകൾ ഉണ്ട് ജോലി നേടുക അല്ലെങ്കിൽ കുട്ടികളെ നോക്കി അമ്മയായി വീട്ടുജോലികൾ ഒക്കെ ചെയ്തു വീട്ടിലിരിക്കുക. പല സ്ത്രീകളും ഇപ്പോൾ പറയുന്നതാണ്, എനിക്ക് വീട്ടിലിരുന്ന് കുട്ടികളെ നോക്കി വീട്ടു ജോലി ചെയ്ത് എന്റെ ഭർത്താവിനെ ആശ്രയിച്ചു കഴിയാനാണ് ഇഷ്ടമെങ്കിൽ മറ്റ് ആർക്കാണ് എന്റെ സ്വാതന്ത്ര്യത്തെ എതിർക്കാൻ കഴിയുന്നതെന്ന്. എന്നാൽ അവിടെ നമ്മൾ ചിന്തിക്കേണ്ടത്, നമ്മൾ ആശ്രയിക്കുന്ന ആൾ അത് ഭർത്താവോ മറ്റാരെങ്കിലും ആയിക്കോട്ടേ, നാളെ ആ ആളിന് എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ എങ്ങനെ മുന്നോട്ട് ജീവിക്കും എന്നത്.

ഇനി ഇതൊന്നും സംഭവിച്ചില്ലെങ്കിലും നമ്മുടെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഒരു ആവശ്യം വരുമ്പോൾ അവരെ ഒന്ന് സഹായിക്കാൻ നമുക്ക് നമ്മുടെ ഭർത്താവിനെ ആശ്രയിക്കേണ്ടി വരുന്നത് എത്രത്തോളം അഭിമാന പ്രശ്നം ഉണ്ടാക്കുന്ന കാര്യമാണ്. ഒരു ജീവിതകാലം മുഴുവൻ നമ്മൾക്ക് ഒരു നൂറു രൂപ എടുക്കാൻ പോലും ഭർത്താവിനെ ആശ്രയിക്കേണ്ട അവസ്ഥ വരുന്നത്, അത് ആ പുരുഷനും സത്യത്തിൽ ഒരു ബാധ്യത ആണ്.

യഥാർത്ഥത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വ ബോധവും ബഹുമാനവും ലഭിക്കും. ഇതിന്റെ ഫലം സ്ത്രീകളിൽ മാത്രമല്ല അവരുടെ കുടുംബങ്ങളിലും സമൂഹത്തിലും രാജ്യത്തിലും സ്വാഭാവികമായും പ്രതിഫലിക്കുകയും ചെയ്യും. ഇതുവരെയും അത്തരത്തിലൊരു സ്വാതന്ത്ര്യം നേടിയെടുക്കാത്ത സ്ത്രീകൾക്ക് ഈ വനിതാ ദിനത്തിൽ അത് നേടിയെടുക്കാൻ പരിശ്രമിച്ചു തുടങ്ങാം.

തുടരുന്ന ഗാർഹിക പീഡനങ്ങളും നവവധു ആത്മഹത്യകളും

വനിതകൾക്ക് ഒട്ടും ഹാപ്പി അല്ലാത്ത ഒരു വനിതാ ദിനം കൂടി കടന്നു വരികയാണ്. എങ്ങനെയാണ് ഞങ്ങൾ വനിതകൾ ഹാപ്പിയായിരിക്കേണ്ടത് എന്നാണ് സമൂഹത്തോട് അവർക്ക് ചോദിക്കാനുള്ളതും. ഒരു ഭാഗത്ത് പെൺമക്കളെ കെട്ടിച്ചുവിടാൻ ഉള്ള തിരക്കാണെങ്കിൽ മറുഭാഗത്ത് കല്യാണം കഴിഞ്ഞ് ദിവസങ്ങളും ആഴ്ചകളും മാത്രം ആയ പെൺകുട്ടികളുടെ ആത്മഹത്യ വാർത്തകളാണ് നിറയുന്നത്. കെട്ടിച്ചു വിട്ടതോടെ ഭാരം ഒഴിഞ്ഞന്ന് കരുതുന്ന മാതാപിതാക്കളും, കെട്ടിച്ചുവിടുന്ന മകൾക്ക് കുറവൊന്നും വരരുതെന്ന് കരുതി സ്വർണ്ണവും പണവും കാറും സ്വത്തുമൊക്കെ എഴുതി കൊടുക്കുന്ന മാതാപിതാക്കളും. ഇരുകൂട്ടരും ചെയ്യുന്നത് തെറ്റ് തന്നെയാണ്.

ഭർത്താവിൽ നിന്ന് മാനസിക പീഡനവും ശാരീരീരിക പീഡനവും ഏൽക്കേണ്ടിവരുന്നവർ, ഭർതൃ വീട്ടുകാരിൽ നിന്ന് സ്ത്രീധന കണക്കുകളും ബോഡി ഷെമിങ് ഉൾപ്പെടെയുള്ളവ കേൾക്കുന്നവർ.. അങ്ങനെ പോകുന്നു നവവധുക്കൾ നേരിടുന്ന പ്രശ്നങ്ങൾ. അടുത്തിടെ സോഷ്യൽ മീഡിയയിൽ കണ്ട കമന്റ്, “ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ ചെന്നപ്പോഴാണ് എനിക്ക് ഇത്രയും കുറവുകൾ ഉണ്ടെന്ന കാര്യം ഞാൻ മനസിലാക്കാക്കിയത് എന്നാണ്”.

ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും നോട്ടങ്ങളും ചോദ്യങ്ങളും പേടിച്ചാണ് ഡിവോഴ്സ് എന്ന വലിയ പ്രക്രിയയിലൂടെ കടന്നുപോകാൻ ആരും ആഗ്രഹിക്കാത്തത്. ആർഭാടമായി നടത്തുന്ന വിവാഹവും ചുറ്റുമുള്ളവരുടെ അഭിമാന പ്രശ്‌നവുമൊക്കെ മുന്നിലേക്ക് വരുമ്പോൾ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി തിരികെ നടക്കാൻ പലരും മടിക്കുന്നു. ഇനി വീട്ടുകാരോട് എല്ലാം തുറന്നു പറയാൻ ശ്രമിച്ചാലോ, അഡ്ജസ്റ്റ്മെന്റ് എന്ന വാക്ക് മാത്രമാണ് തിരിച്ചു കേൾക്കാനാവുക. അല്ല ഇനി ഒരു ഡിവോഴ്സ് കഴിഞ്ഞാലോ, ഈ നാട്ടിലെ ഏറ്റവും മോശം സ്ത്രീയായി സമൂഹം അവരെ മുദ്ര കുത്തുന്നു. പിന്നീട് ആ സ്ത്രീയുടെ നടപ്പും ജീവിതവും നാട്ടുകാരുടെ റഡാറിൽ ആയിരിക്കും. ഇതൊന്നും ഉണ്ടാകാതിരിക്കാനായാണ് പലരും ഒരു കയറിലോ സാരി തുമ്പിലോ ജീവിതം അങ്ങ് അവസാനിപ്പിക്കുന്നത്. ഇത്തരം വാർത്തകൾ ഇപ്പോൾ തുടർക്കഥയുമാണ്. ഇങ്ങനെയൊക്കെ പോകുന്ന നാട്ടിൽ എങ്ങനെയാണ് ഒരു സ്ത്രീക്ക് എന്ന ആത്മാർത്ഥമായി പറയാനാവുക.

ജീവിതത്തിലുടനീളം ട്രോമയായി മാറുന്ന കുട്ടിക്കാലം

പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും അവളുടെ ജീവിതത്തിൽ പറയാൻ ഉണ്ടാകും കുട്ടിക്കാലത്തെ ഒരു മോശം അനുഭവം എങ്കിലും.
ചിലപ്പോൾ വളരെ നിസ്സാരമായി, അല്ലെങ്കിൽ ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ഒന്നായി, അതുമല്ലെങ്കിൽ ജീവിതത്തിൽ ഇന്നും അനുഭവിക്കുന്ന ഒരു ട്രോമയായിട്ടാണ് അവൾക്ക് അത് പറയാനുണ്ടാവുക.

അതിശയോക്തി ആയിട്ടല്ല ‘എല്ലാ സ്ത്രീകൾക്കും’ ഒരു അനുഭവം ഉണ്ടാകും എന്നു പറഞ്ഞത് മറിച്ച് അതാണ് യാഥാർഥ്യം. വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നോ അയൽക്കാരില്ലെന്നോ പൊതു വാഹനങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നോ ഒക്കെ ഒരു തെറ്റായ സ്പർശനം പോലും മേൽക്കാതെ ഇവിടെ ഒരു പെൺകുട്ടിയും വളർന്നുവരുന്നില്ല. കേൾക്കുമ്പോൾ അതിശയമായി തോന്നും എന്നാൽ ബാല്യത്തിലും കൗമാരത്തിലും നമ്മുടെ പെൺമക്കൾ കടന്നുപോകുന്ന വഴികൾ അങ്ങനെ തന്നെയാണ്.

എത്രമേൽ കാത്തുസൂക്ഷിച്ചു പിടിച്ചു വളർത്തിയാലും പല സാഹചര്യങ്ങളും മാതാപിതാക്കളുടെ കയ്യെത്തും ദൂരത്തായിരിക്കില്ല. പിന്നെ വീട്ടിൽ നിന്ന് തന്നെ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടിവരുന്ന പെൺമക്കളുടെ എണ്ണവും ചെറുതല്ല. ബാല്യത്തിൽ കൗമാരത്തിൽ കിട്ടുന്ന ഈ അനുഭവങ്ങൾ ജീവിതകാലം മുഴുവൻ പേറി നടക്കുന്ന പെൺകുട്ടികളും നിരവധിയാണ്. ആരോടെങ്കിലും തുറന്നു പറയാൻ പോലും പേടിക്കുന്ന, തനിക്ക് എന്താണ് സംഭവിച്ചു എന്ന് പോലും മനസ്സിലാക്കാത്ത പ്രായത്തിൽ സംഭവിക്കുന്ന അഭ്യൂസുകൾ ഒരു സ്ത്രീയുടെ ജീവിതത്തെ പല തരത്തിൽ ബാധിച്ചേക്കാം. ഇത്തരം അനുഭവങ്ങൾ കാരണം ജീവിതം തന്നെ നരക തുല്യമാകുന്നവരും നിരവധിയാണ്. നമ്മുടെ വീടുകളിൽ സ്കൂളുകളിൽ വളർന്നുവരുന്ന ഈ പെൺമക്കൾക്ക്, ഇനിയും പിറന്നുവീഴാനിക്കുന്ന പെൺ കുഞ്ഞുങ്ങൾക്ക് എന്ത് സുരക്ഷിതത്വമാണ് ഈ വനിതാ നമുക്ക് കൊടുക്കാൻ കഴിയുന്നത്.

ടോക്സിക് റിലേഷൻഷിപ്പും ട്രോമാ ബോണ്ടും

കുറച്ചു ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയ ആഘോഷമാക്കി ഒരു പേരാണ് കനകവല്ലിയുടേത്. സ്വന്തം ഭർത്താവ് തന്നെ വഞ്ചിച്ചു അനിയത്തിയെ സ്വന്തമാക്കിയിട്ടും അതിൽ പരിഭവം ഒന്നുമില്ലാതെ അനിയത്തിയെയും അവരുടെ കുട്ടികളെയും കഷ്ടപ്പെട്ട് നോക്കുന്നതായിരുന്നു
കനകവല്ലിയുടെ കഥ. സംശുദ്ധമായ സ്നേഹത്തിന്റെ പ്രതീകമായിട്ടാണ് സോഷ്യൽ മീഡിയ കനകവല്ലിയെ വാഴ്ത്തി പാടിയത്. അപ്പോൾ തന്നെ അത് സ്നേഹം അല്ലെന്നും അതാണ് ട്രോമാ ബോണ്ടെന്നും ചിലരൊക്കെ കുറിച്ചിരുന്നു. അതെ അതാണ് യാഥാർത്ഥ്യം, അത്തരം ബന്ധങ്ങളാണ് ട്രോമാ ബോണ്ടിന് ഉദാഹരണം.

സ്ത്രീകൾ പൊതുവേ റിലേഷൻഷിപ്പുകൾക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ നല്ല ബന്ധങ്ങൾ തിരഞ്ഞെടുത്തില്ലെങ്കിൽ നമ്മുടെ ജീവിതം തന്നെ അതിനുവേണ്ടി ബലിയാടാക്കേണ്ടി വരും.

“നീ അത് ചെയ്‌തിട്ടല്ലേ എനിക്ക് ദേഷ്യം വന്നത് ? പറഞ്ഞത് കേൾക്കാഞ്ഞിട്ടല്ലേ ഞാൻ അടിച്ചത്? സ്നേഹം കൊണ്ടല്ലേ ഞാൻ അടിച്ചത്, എന്റെ ടെൻഷനും ദേഷ്യവും നിനക്ക് അറിയാവുന്നതല്ലേ? അതനുസരിച്ചു നിൽക്കേണ്ടേ?” ഇത്തരം പറച്ചിലുകൾ ഒക്കെ നിങ്ങൾ സ്ഥിരമായി കേൾക്കാറുണ്ടെങ്കിൽ ഉറപ്പിക്കാം, നിങ്ങൾ ഒരു ടോക്സിക് റിലേഷൻഷിപ്പിലാണ് അല്ലെങ്കിൽ ട്രോമ ബോണ്ടിൽ ആണെന്നുള്ളത്.

അതായത് വളരെ വലിയ രീതിയിൽ നിങ്ങളോട് ദേഷ്യപ്പെടുകയും നിങ്ങളെ ഉപദ്രവിക്കുകയും ഒക്കെ ചെയ്യുക പിന്നീട് വന്ന ദേഷ്യം കൊണ്ടാണ് ടെൻഷൻ കൊണ്ടാണെന്ന് ഒക്കെ പറഞ്ഞു നമ്മളെ കാം ആക്കുക, നമ്മൾ അതിന് ഒക്കെ പറഞ്ഞു വീണ്ടും സ്നേഹത്തിലേക്ക് വരുമ്പോൾ വീണ്ടും ഇത് റിപ്പീറ്റ് ചെയ്യുക. ഇങ്ങനെ ഒരു റിലേഷൻ മുന്നോട്ടുപോകുന്നതിനെയാണ് ട്രോമ ബോണ്ടെന്ന് പറയുന്നത്.

പെൺകുട്ടികൾ ഇത്തരം റിലേഷൻഷിപ്പുകളിൽ നിന്ന് പലപ്പോഴും പുറത്തു കടക്കാത്തതിന് കാരണം തേപ്പുകാരി എന്നുള്ള പേര് വരുമോ അല്ലെങ്കിൽ എന്നെ ഉപദ്രവിക്കുമോ എന്നുള്ള പേടി കൊണ്ടാണ്. വഴക്കിനും അടിക്കുമൊക്കെ ശേഷം അൽപ്പ നേരം കിട്ടുന്ന സ്നേഹം ഓർത്തിട്ടും ബന്ധം ഉപേക്ഷിക്കാൻ തയാറാകാത്തവരുണ്ട്. ബന്ധം തുടരാൻ താല്പര്യമില്ലെന്ന് പറയുന്ന പെൺകുട്ടികൾക്ക് നേരെയുള്ള ആസിഡ് അറ്റാക്കുകളെ കുറിച്ചും ഭീഷണികളെ കുറിച്ചുമൊക്കെ നാം പലപ്പോഴും കേൾക്കുന്നതുമാണ്. വിവാഹിതരുടെ കാര്യമാണെങ്കിൽ, തന്നെയും കുട്ടികളെ നന്നായിട്ട് നോക്കുന്നു എന്ന് കാരണത്താലോ അല്ലെങ്കിൽ തിരിച്ചു ചെന്നാൽ വീട്ടുകാർ, ബന്ധുക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് പേടിച്ച് അനേകം കുടുംബബന്ധങ്ങളും ഇത്തരത്തിൽ മുന്നോട്ടുപോകുന്നുണ്ട്.

നമ്മൾ കടന്നു പോകുന്നത് നല്ല ബന്ധത്തിലൂടെ അല്ല എന്ന് തിരിച്ചറിഞ്ഞ് തിരിച്ചു നടന്നില്ലെങ്കിൽ ഒരു ജീവിതകാലം മുഴുവനും ആണ് നമുക്ക് പാഴായി പോകുന്നത്. മറ്റൊരാളെ പേടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ ശ്വാസംമുട്ടി നെടുവീർപ്പിട്ട് മറ്റൊരാളുടെ ദേഷ്യത്തിനും അമർഷത്തിനും മുൻപിൽ നിശബ്ദരായി നിന്ന് ജീവിതം തീർക്കേണ്ടവരാണോ നമ്മൾ അതോ സ്വതന്ത്രമായി ജീവിക്കണമോ എന്ന് തീരുമാനമെടുക്കേണ്ടത് നാം തന്നെയാണ്.

സഞ്ചാര സ്വാതന്ത്ര്യം

പട്ടാപ്പകൽ പോലും വീടിന് പുറത്തിറങ്ങി സ്വാതന്ത്രത്തോടെ സഞ്ചരിക്കാൻ പേടിക്കേണ്ടവർ… ഭരണഘടനയിൽ എഴുതി ചേർക്കപ്പെട്ടിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം എന്ന അവകാശം സ്വപ്നം മാത്രമേ അവശേഷിക്കുന്ന ഒരു വിഭാഗം, അതാണ് ഇന്നും സ്ത്രീകൾ. 2012ലെ ഡൽഹി നിർഭയ കേസിലെ പ്രതി ചോദിച്ചത് രാത്രി സമയത്ത് എന്തിനാണ് അവൾ പുറത്തിറങ്ങിയത് എന്നാണ്. വർഷങ്ങൾ പലതും കഴിഞ്ഞെങ്കിലും കാലം മാറിയെങ്കിലും ഓരോ പുരുഷന്റെയും ഉള്ളിൽ ഉള്ള ചോദ്യം ഇത് തന്നെയാണ് രാത്രിയിൽ എന്തിനാണ് ഒരു സ്ത്രീ പുറത്തിറങ്ങി നടക്കുന്നത്. മാത്രമല്ല, നല്ല കുടുംബത്തിൽ പിറന്ന സ്ത്രീകൾ അസമയത്ത് പുറത്തിറങ്ങി നടക്കില്ല എന്നൊരു ചിന്തയും ഉള്ളിൽ ഒളിപ്പിച്ച വെക്കുന്നവരും കുറവല്ല.

അസമയത്തെ കുറിച്ചുള്ള ചർച്ചകൾ ഒക്കെ ഏറെ നിന്നു നടക്കുന്നു എങ്കിലും ആത്മവിശ്വാസത്തോടെ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഭയക്കുന്നവരാണ് ഇന്നും സ്ത്രീകളിൽ ഭൂരിഭാഗവും. നൈറ്റ് ഷിഫ്റ്റിന് പോലും പരിമിതികൾ ഉള്ള അർദ്ധരാത്രിയിലെ യാത്രകൾ ചിന്തിക്കാൻ പോലും കഴിയാത്തവർ. എന്തിന് പകൽ സമയങ്ങളിൽ പോലും ബസ്സിലോ ട്രെയിനിലോ സഞ്ചരിക്കാൻ ഭയക്കുന്നവർ അല്ലെങ്കിൽ ഭയക്കേണ്ടവരാണ് സ്ത്രീകൾ. കഴിഞ്ഞദിവസം ബസ്സിൽ യുവതിയോട് ലൈംഗികാ അതിക്രമം കാണിച്ചതിന് അറസ്റ്റിലായത് ബാങ്ക് ഉദ്യോഗസ്ഥനാണ്. പൂനെയിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ യുവതിക്ക് പീഡനം നേരിടേണ്ടി വന്നത് കഴിഞ്ഞാഴ്ചയാണ്.

പണ്ട് ബസ്സിൽ ലൈംഗികമോ കാണിച്ചതിന്റെ വീഡിയോ എടുത്ത് സമൂഹത്തിനുമുന്നിൽ തുറന്നു കാട്ടിയതിന് കേട്ടാൽ അറക്കുന്ന ഭാഷകൾ കൊണ്ട് തെറിയഭിഷേകം നടത്തിയ പുരുഷന്മാരുടെ നാടാണ് കേരളം. പിന്നാലെ പുരുഷന്മാരുടെ അനാവശ്യങ്ങൾ അല്ല അവകാശങ്ങൾ നേടിയെടുക്കാൻ പുരുഷ കമ്മീഷനെയും ഉണ്ടാക്കി. ഈ 2025 ലും സമൂഹത്തിൽ സ്വതന്ത്ര്യത്തോടെ സഞ്ചരിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന സ്ത്രീ വിഭാഗത്തിന് എന്ത് വനിതാദിനമാണ് നല്ല അർത്ഥത്തിൽ ആഘോഷിക്കാനുള്ളത്.

എന്താണ് consent

ഈ അടുത്ത കാലത്ത് സ്ത്രീകൾ അവരുടെ ശരീരത്തിനു മേൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് വളരെ ധൈര്യത്തോടെ തുറന്നു പറയാൻ തയ്യാറാവുന്നുണ്ട്. എന്നാൽ അവരിൽ എത്ര പേരുടെ തുറന്നു പറച്ചിലുകൾ നമ്മൾ ഗൗരവമായി എടുക്കാറുണ്ട്. കൺസന്റ് എന്ന വാക്കിനെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത തരത്തിലുള്ള കമന്റുകൾ ഇത്തരം തുറന്നു പറച്ചിലുകളുടെ വാർത്തയുടെയോ അഭിമുഖത്തിന്റെയും കമന്റുകളായി സമൂഹ മാധ്യമങ്ങളിൽ കാണാം. സെലിബ്രിറ്റികളാണ് പൊതുവെ ഇത്തരം കടന്നാക്രമണങ്ങൾക്ക് വിധേയരാകുന്നത്. പ്രിവിലേജ് ഉള്ള അവരുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കവുന്നതേ ഉള്ളൂ.

ലൈംഗികതയെപറ്റിയുള്ള തുറന്ന ചർച്ചകളെപോലും പാപമായി കണക്കാക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ‘സമ്മതം’ (consent) നൽകൽ എന്നാൽ എന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നുക സ്വാഭാവികം മാത്രമാണ്. ഒരു സ്ത്രീയുടെ ശരീരത്തിനുമേലുള്ള സ്വയംനിർണയാവകാശം ആ സ്ത്രീക്കു മാത്രമാണ് എന്നൊരു ബോധ്യം നമ്മുടെ സമൂഹത്തിന് ഇതുവരെയും വന്നുചേർന്നിട്ടില്ല. ഒരു പീഡന പരാതിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒരു ലൈംഗിക അതിക്രമവും തുറന്നു പറഞ്ഞാൽ സ്ത്രീകൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വരുന്ന കമന്റുകളിൽ നിന്ന് അത് മനസിലാക്കാൻ സാധിക്കും.

ഒരാളുടെ വസ്ത്രധാരണവും അയാളുടെ ജീവിത ശൈലിയൊക്കെ അയാളുടെ ഇഷ്ടപ്രകാരമാണെന്നും മറിച്ച് അയാൾക്കെതിരെ അയാളുടെ സമ്മതമില്ലാതെ ഒരു ഇടപെടൽ നടന്നാൽ അത്അതിക്രമം ആണെന്ന സാമാന്യബോധ്യത്തിലേക്ക് ഈ സമൂഹം ഇതുവരെയും പരുവപ്പെട്ടിട്ടില്ല. ഒന്നിൽ കൂടുതൽ പങ്കാളികളോ ആൺ സുഹൃത്തുക്കളോ ഒക്കെയുള്ള പെൺകുട്ടികൾക്ക് അല്ലെങ്കിൽ സ്ത്രീകൾക്കൊക്കെ അതിക്രമം നേരിട്ടാൽ പോലും തുറന്നു പറയാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.

ഒരു അതിക്രമം നേരിട്ടാൽ അതിന് ഇരയായ ആളുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ അതിനെതിരെ പ്രതികരിക്കാൻ സമൂഹത്തിനാകൂ എന്നാണ് ചിലർ വിചാരിച്ചു വെച്ചിരിക്കുന്നത്. ഇനി വിവാഹം എന്നാൽ എന്തിനും കൺസന്റ് കൊടുക്കൽ അല്ല എന്ന കാര്യം ആരെങ്കിലും പറഞ്ഞാൽ ഒരു പരിഹാസത്തോടെ അത് ചിരിച്ചു തള്ളുന്ന പുരുഷ കേസരികൾക്കിടയിൽ എന്ത് വനിതാ ദിനമാണ്‌ ആഘോഷിക്കപ്പെടേണ്ടത്.

കല്യാണം അവസാന വാക്കാകുന്നതെങ്ങനെ

ഏത് സ്ത്രീക്കാണ് ഈ വനിതാ ദിനത്തിൽ ആത്മാർത്ഥമായി ഹാപ്പി വുമൺസ് എന്ന് പറയാനാവുക. സ്വന്തം ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ നോക്കാതെ പഠനത്തിനു പോലുമുള്ള അവകാശം നിഷേധിച്ച്, പതിനെട്ടിലെ ഇരുപതിലോ ഒക്കെ ഒരു കല്യാണം നടത്താനുള്ള സമ്മർദ്ദം താങ്ങി ജീവിക്കുന്ന എത്ര പെൺകുട്ടികളാണ് സമൂഹത്തിലുള്ളത്.

എല്ലാ രീതിയിലും ഇൻഡിപെൻഡന്റ് ആയി 30 കഴിഞ്ഞു സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഒരു വിഭാഗം ഇന്ന് ഉയർന്നുവരുന്നുണ്ടെങ്കിലും മറുവശത്ത് ഒരു വിഭാഗം തങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മനസ്സിലാക്കാനുള്ള പക്വത പോലുമില്ലാതെ ജീവിതം തള്ളി നീക്കുകയാണ്. ഒരു പ്രണയമുണ്ടെന്ന് തുറന്നു പറഞ്ഞാൽ ആ ബന്ധം തുടർന്നു പോകാൻ ആകുമോ എന്ന് പോലും മനസ്സിലാക്കാനുള്ള പക്വത ആകാനുള്ള സമയം കൊടുക്കാതെ മറ്റൊരാളുടെ ഒപ്പം പറഞ്ഞുവിടുകയാണ് രക്ഷിതാക്കൾ ഉൾപ്പെടെയുള്ള സമൂഹം ചെയ്യുന്നത്.

കല്യാണമാണ് പെൺകുട്ടികളുടെ ജീവിതത്തിന്റെ അവസാനവാക്ക് എന്ന് വിചാരിക്കുന്നവരും ഒട്ടും കുറവല്ല. കല്യാണത്തിനും കുട്ടികൾക്കും ഒക്കെ മുമ്പ് ജീവിതത്തിൽ കൈവരിക്കേണ്ട മറ്റു പലതും ഉണ്ടെന്നും സ്വന്തം കാലിൽ നിൽക്കുകയാണ് പ്രധാനം എന്നും എങ്കിൽ മാത്രമേ ജീവിതത്തിൽ പ്രതിസന്ധികളെ സധൈര്യം നേരിടാനുള്ള കഴിവ് ഉണ്ടാകുമെന്നൊക്കെ ഏതുകാലത്ത് ഏതു വനിതാ ദിനത്തിലാണ് നമ്മൾക്ക് മനസ്സിലാകുക.

Latest Stories

IPL 2025: ആ ടീം കാരണമാണ് ഞാൻ ഇത്രയും കിടിലം ബോളർ ആയത്, ജോഷ് ഹേസിൽവുഡ് പറഞ്ഞത് ഇങ്ങനെ

കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാൻ തയാറാകാതെ പാകിസ്ഥാൻ; ഫ്ളാഗ് മീറ്റിംഗ് വഴി ശ്രമങ്ങൾ തുടരുന്നു

സാമൂഹ്യ, ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം രണ്ടു ഗഡു ലഭിക്കും; നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് പിന്നാലെ കുടിശിക ഗഡു നല്‍കാന്‍ നടപടികളുമായി ധനവകുപ്പ

RCB VS RR: വിരാട് കോഹ്‌ലിയല്ല, മത്സരം വിജയിപ്പിച്ചത് ആ താരം, അവനാണ് യഥാർത്ഥ ഹീറോ: രജത് പട്ടീദാർ

പഹൽഗാം ആക്രമണം നടത്തിയ തീവ്രവാദിയുടെ വീട് ഇടിച്ചുനിരത്തി ജമ്മു കശ്മീർ ഭരണകൂടം

IPL 2025: ബൗളിംഗോ ബാറ്റിംഗോ ഫീൽഡിംഗോ അല്ല, ഐപിഎൽ 2025 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ ആർ‌സി‌ബി നേരിടുന്ന വെല്ലുവിളി വെളിപ്പെടുത്തി വിരാട് കോഹ്‌ലി

പണി പാളി തുടങ്ങി; തകർന്നു തരിപ്പണമായി പാകിസ്ഥാൻ ഓഹരി വിപണി

RR VS RCB: രാജസ്ഥാന്റെ വീക്നെസ് ആ ഒരു കാര്യമാണ്, അതിലൂടെയാണ് ഞങ്ങൾ വിജയിച്ചത്: വിരാട് കോഹ്ലി

'പ്രശ്നങ്ങൾ വഷളാക്കരുത്, ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണം'; ഐക്യരാഷ്ട്രസഭ

സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനം; എന്നാൽ അടിയന്തര പ്രാബല്യത്തിൽ വരില്ലെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു