വൈരികള്‍ക്ക് ഗ്രീഷ്മമായിരുന്ന കൗമുദി

സെബാസ്റ്റ്യന്‍ പോള്‍

എഡിറ്ററെ പത്രാധിപരാക്കിയ പദഭാവന എഡിറ്റോറിയലിനെ മുഖപ്രസംഗമാക്കി. പത്രത്തിന്റെ യഥാര്‍ത്ഥ അധിപന്‍ പത്രാധിപര്‍ അല്ലാതായിരിക്കുന്നതു പോലെ ഇന്നത്തെ എഡിറ്റോറിയലുകള്‍ മുഖപ്രസംഗങ്ങളല്ല. അഥവാ ആണെങ്കില്‍ത്തന്നെ ഗെറ്റിസ് ബര്‍ഗിലെ എബ്രഹാം ലിങ്കന്റെ പ്രസംഗം പോലെ ഹ്രസ്വമായിരിക്കും. പത്രാധിപര്‍ പ്രഭാഷകനാകുന്നതില്‍ തെറ്റില്ല. എന്നാല്‍ മൈതാനത്തിലല്ല പത്രാധിപരുടെ ചാതുരി പ്രകടമാകുന്നത്. മൈതാനത്തിലും പത്രത്തിലും ഒരേ ചാതുരിയോടെ പ്രസംഗിച്ച ആളായിരുന്നു കെ.ബാലകൃഷ്ണന്‍. ലിങ്കന്റെ രണ്ടര മിനിറ്റല്ല, വി കെ. കൃഷ്ണമേനോന്റെ ഒന്‍പത് മണിക്കൂര്‍ ആയിരുന്നു ബാലകൃഷ്ണന്റെ മാതൃക. യുഎന്‍ പൊതുസഭയില്‍ കൃഷ്ണ മേനോന്റെ ഭേദിക്കപ്പെടാത്ത റിക്കാര്‍ഡാണ് ഒന്‍പത് മണിക്കൂര്‍ നീണ്ട പ്രസംഗം.

1950ല്‍ ആരംഭിച്ച കൗമുദി ആഴ്ചപ്പതിപ്പ് 1961ല്‍ ടാബ്ലോയ്ഡ് രൂപത്തിലായ കാലത്താണ് ഞാന്‍ വായിച്ചു തുടങ്ങിയത്. ബ്ലിറ്റ്‌സ് എന്ന ഇംഗ്ലീഷ് ടാബ്ലോയ്ഡും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ബ്ലിറ്റ്‌സ് പത്രാധിപര്‍ ആര്‍.കെ കരഞ്ചിയയിലും കൗമുദി പത്രാധിപര്‍ കെ.ബാലകൃഷ്ണനിലും സമാനതകള്‍ പലതും കാണാന്‍ കഴിഞ്ഞിരുന്നു. അധികാരസ്ഥാനങ്ങളിലുള്ള സ്വാധീനം നിലനിര്‍ത്തിക്കൊണ്ട് അധികാരത്തെ വെല്ലുവിളിക്കുന്നതിനുള്ള നിര്‍ഭയത്വമാണ് ഇരുവരും പ്രകടിപ്പിച്ചത്. കൗമുദി വാരികയില്‍ ഒന്നോ രണ്ടോ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള ഭാഗ്യം ഉണ്ടായതിനപ്പുറം പത്രാധിപരുമായി ബന്ധപ്പെടുന്നതിനുള്ള അവസരം എനിക്കുണ്ടായിട്ടില്ല.

മലയാളസിനിമയുടെ രജതജൂബിലി എറണാകുളത്ത് ആഘോഷിച്ചപ്പോള്‍ മലയാളത്തിന്റെ മണമുള്ള സിനിമ വേണമെന്ന ആഹ്വാനത്തോടെ ബാലകൃഷ്ണന്‍ നടത്തിയ വിമര്‍ശനാത്മകമായ പ്രസംഗം എന്റെ ഓര്‍മയിലുണ്ട്. പതിവിനു വിരുദ്ധമായി എഴുതിക്കൊണ്ടു വന്ന പ്രസംഗം പിന്നീട് കൗമുദിയില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സദസിലുണ്ടായിരുന്ന സത്യനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു ബാലകൃഷ്ണന്റെ പ്രസംഗം.

നെടുനെടുങ്കന്‍ മുഖപ്രസംഗങ്ങളായിരുന്നു ബാലകൃഷ്ണന്‍ എഴുതിയിരുന്നത്. ദൈര്‍ഘ്യത്തിലും ഭാഷാ ഗരിമയിലും ആശയസമ്പുഷ്ടിയിലും ബാലകൃഷ്ണന്റെ മുഖപ്രസംഗങ്ങളോട് ഒപ്പം നില്‍ക്കുന്ന മുഖപ്രസംഗങ്ങളായിരുന്നു അക്കാലത്ത് കേരള പ്രകാശം ദിനപത്രത്തില്‍ മത്തായി മാഞ്ഞൂരാന്‍ എഴുതിയിരുന്നത്. ബാലകൃഷ്ണനെപ്പോലെ മാഞ്ഞൂരാനും മൈതാനത്തിന്റെ തുടര്‍ച്ചയോ അനുബന്ധമോ ആയിപത്രത്തെ കണ്ടു. നാല് പേജുള്ള പത്രത്തില്‍ എട്ടു കോളമായിരുന്നു മത്തായിയുടെ സുവിശേഷം. അത് വായിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു അന്യഥാ വാര്‍ത്താ ശുഷ്‌കമായിരുന്ന പത്രം കൊച്ചിയിലെ തൊഴിലാളികള്‍ വാങ്ങിയിരുന്നത്.

ലക്ഷണമൊത്ത മുഖപ്രസംഗം എങ്ങനെയായിരിക്കണമെന്നതിന് തത്വമോ നിര്‍വചനമോ ഇല്ല. പത്രങ്ങളുടെ ആദ്യകാലം മുതല്‍ക്കേ പത്രാധിപര്‍ വായനക്കാരോട് സംസാരിക്കുന്ന രീതി ഉണ്ടായിരുന്നു.

ദൈര്‍ഘ്യത്തെക്കുറിച്ചും കൃത്യമായ നിബന്ധനയില്ല. പ്രസംഗത്തിലും മുഖപ്രസംഗത്തിലും കൃത്യത പാലിച്ചിരുന്നയാളാണ് ഇഎംഎസ്. നിര്‍ദിഷ്ട അളവില്‍ ഒതുങ്ങുന്നതായിരുന്നു ചിന്തേരിട്ട് ഓപ്പമിട്ടെടുക്കുന്ന അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങള്‍. ജഗന്നാഥപ്പണിക്കരുടെ ഈനാട് പത്രത്തില്‍ എട്ട് കോളത്തില്‍ ഒതുങ്ങാത്ത മുഖപ്രസംഗം അടുത്ത ലക്കത്തില്‍ തുടരുന്നത് കണ്ടിട്ടുണ്ട്. പത്രാധിപര്‍ എഴുതു ന്നതെല്ലാം മുഖപ്രസംഗമായി കണക്കാക്കാനാവില്ലെന്നു മാത്രം സാമാന്യേന പറയാം. അത്യപൂര്‍വമായി മുഖപ്രസംഗം ഒന്നാം പേജില്‍ പ്രസിദ്ധപ്പെടുത്താറുണ്ട്. ചിലപ്പോള്‍ പത്രാധിപര്‍ പേരുവച്ചും എഴുതാറുണ്ട്. എന്നാല്‍ നിബന്ധനകളും ലക്ഷണങ്ങളും ബാലകൃഷ്ണന് ബാധകമായിരുന്നില്ല.

വായനക്കാരില്‍ പരിമിതമായ ഗണംമാത്രമാണ് എഡിറ്റോറിയല്‍ വായിക്കുന്നത്. എന്നിട്ടും ഒരു പത്രവും എഡിറ്റോറിയല്‍ വേണ്ടെന്നു വയ്ക്കുന്നില്ല. എന്തെങ്കിലും പറയാനുള്ളപ്പോള്‍ മാത്രം എഡിറ്റോറിയല്‍ എന്ന നയം ദീപിക ഒരിക്കല്‍ സ്വീകരിച്ചു. പക്ഷേ പത്രാധിപര്‍ക്ക് എല്ലാ ദിവസവും എന്തെങ്കിലും പറയേണ്ടിവന്നു. പതാകയില്ലാത്ത പാര്‍ട്ടിപോലെയാണ് മുഖപ്രസംഗം ഇല്ലാത്ത പത്രം. അടിയന്തരാവസ്ഥയിലെ സെന്‍സര്‍ ഷിപ്പില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ എക്സ്പ്രസും ദേശാഭിമാനിയും ദീപികയും ഉള്‍പ്പെടെ ചില പത്രങ്ങള്‍ എഡിറ്റോറിയല്‍ കോളം ശൂന്യമാക്കിയപ്പോള്‍ പതാക താഴ്ത്തിയ അനുഭവമുണ്ടായി. കറുത്ത ബോര്‍ഡര്‍ പ്രതിഷേധത്തിന്റെ കരിങ്കൊടിയായി.

സ്വദേശാഭിമാനിയും കേസരിയും ഓര്‍മയിലുള്ളത് രാമകൃഷ്ണപിള്ളയും ബാലകൃഷ്ണപിള്ളയും എഴുതിയ എഡിറ്റോറിയലുകളുടെ പേരിലാണ്. കൗമുദി വാരികയില്‍ അന്‍പതുകളുടെ ആരംഭത്തില്‍ ബാലകൃഷ്ണന്‍ എഴുതിയ നാല്‍പത് മുഖപ്രസംഗങ്ങള്‍ അദ്ദേഹത്തിന്റെ അനന്തിരവന്‍ ഹാഷിം രാജന്‍ ഗ്രന്ഥരൂപത്തിലാക്കിയതു വായിച്ചപ്പോഴാണ് ഈ ചിന്തകളുണ്ടായത്. പി എസ് നടരാജപിള്ളയെക്കുറിച്ച് 1966ല്‍ എഴുതിയ ലേഖനവും സമാഹാരത്തിലുണ്ട്. ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയും ജോണ്‍ കെന്നഡിയും അന്തരിച്ചപ്പോള്‍ ബാലകൃഷ്ണന്‍ എഴുതിയ ലക്കം മുഴുവന്‍ കവര്‍ന്ന മുഖപ്രസംഗങ്ങള്‍കൂടി സമാഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. തിരു-കൊച്ചി രാഷ്ട്രീയത്തില്‍ ഈറ്റപ്പുലിയെപ്പോലെ ഇടപെട്ടിരുന്ന ബാലകൃഷ്ണന്റെ പ്രൗഢവും തരളവുമായ മനസ് വ്യത്യസ്തമായ ഈ മുഖപ്രസംഗങ്ങളില്‍ കാണാം.
വാചാടോപം മാത്രമായിരുന്നില്ല ബാലകൃഷ്ണന്റെ മുഖപ്രസംഗങ്ങള്‍. നിയമസഭ പിരിച്ചുവിട്ടുകൊണ്ട് മന്ത്രിസഭയെ നിലനിര്‍ത്തിയ രാജപ്രമുഖന്റെ നടപടിയെ എതിര്‍ത്തപ്പോള്‍ ബാലകൃഷ്ണന്‍ അനായാസം ഭരണഘടനാവിദഗ്ധനായി മാറുന്നതു കാണാം. ഐവര്‍
ജെന്നിങ്‌സിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ പനമ്പിള്ളിയെ ഐവര്‍ ജെന്നിങ്‌സിനെ ഉപയോഗിച്ചുതന്നെയാണ് ബാലകൃഷ്ണന്‍ നേരിട്ടത്. ബാലകൃഷ്ണനെ ഖണ്ഡിച്ചു കൊണ്ട് പബ്ളിക് റിലേഷന്‍സ് വകുപ്പ് വിശദീകരണമിറക്കിയ സാഹചര്യമുണ്ടായി. ചിന്തയെ തീ പി
ടിപ്പിക്കുന്ന മുഖപ്രസംഗങ്ങള്‍ പിന്നീടങ്ങനെ ഉണ്ടായിട്ടില്ല. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യം നിലനിര്‍ത്തിയതിന് കേസരി ബാലകൃഷ്ണപിള്ളയെ സി ജെ തോമസ് പ്രകീര്‍ത്തിച്ചിട്ടുണ്ട്.

കൊള്ളിമീന്‍പോലെ എരിഞ്ഞടങ്ങിയ ആ ക്ഷുഭിത ധീരതയുടെ നേരവകാശി വാസ്തവത്തില്‍ അരനൂറ്റാണ്ടു കഴിഞ്ഞെത്തിയ ബാലകൃഷ്ണനായിരുന്നു. വിതണ്ഡമന്ത്രി എന്ന് വിശേഷിപ്പിച്ചുകൊണ്ട് പനമ്പിള്ളി ഗോവിന്ദമേനോനെതിരെ ബാലകൃഷ്ണന്‍ നടത്തിയ നിരന്തരമായ ആക്രമണം രാജഭരണകാലത്തായിരുന്നുവെങ്കില്‍ മറ്റൊരു നാടുകടത്തലിന് കാരണമാകുമായിരുന്നു.

ആശയങ്ങളെയും പദപ്രയോഗങ്ങളെയും അടിസ്ഥാനമാക്കി സ്വദേശാഭിമാനിയെ ഇകഴ്ത്തുന്ന പ്രവണത സമീപകാലത്ത് ശക്തിപ്പെടുന്നുണ്ട്. പി കെ ബാലകൃഷ്ണന്‍ തുടങ്ങിവച്ചത് എം കെ സാനുവും രാമചന്ദ്രനും തുടരുന്നു. സ്വദേശാഭിമാനിയെന്ന വിഗ്രഹത്തെ തച്ചുടയ്ക്കുന്നതിന്
രാമചന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ സാനുമാസ്റ്ററുടെ അവതാരി കയോടെ ഒരു പുസ്തകം തന്നെയെഴുതി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ കൗമുദി ബാലകൃഷ്ണനിലും ആരോപിക്കാന്‍ കഴിയും. ഈ ഗുണമാണ് വാസ്തവത്തില്‍
ബാലകൃഷ്ണനെ സ്മരണീയനാക്കുന്നത്. എന്തു പറഞ്ഞു എന്നതിനപ്പുറം എങ്ങനെ പറഞ്ഞുവെന്നതാണ് ഇരുവരിലും കണ്ടെത്തേണ്ട ഗുണം. നിര്‍ഭയത്വം ചിലപ്പോള്‍ നിരുത്തരവാദിത്വമായി മാറിയേക്കാമെങ്കിലും ഭയഗ്രസ്തമായ ആധുനിക മാധ്യമകാലത്ത് നിര്‍ഭയത്വം ഓര്‍മിക്കപ്പെടേണ്ടതായ ഗുണമാണ്.

പത്രത്തെയും പത്രാധിപരെയും വേറിട്ടു കാണാന്‍ കഴിയാത്ത ഏകീഭാവം ബാലകൃഷ്ണനോടു കൂടി അവസാനിച്ചു. ഇന്നത്തെ പ്രമുഖമായ പത്രങ്ങളുടെ എഡിറ്റര്‍ ആരെന്നു ചോദിച്ചാല്‍ ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കു പോലും ഉത്തരം നല്‍കാന്‍ കഴിയില്ല. പ്രതിരോധത്തിന് ആളുണ്ടെന്ന സുരക്ഷാബോധം ജനതയ്ക്കു നല്‍കിയെന്നതാണ് രാമകൃഷ്ണപിള്ള മുതല്‍ ബാലകൃഷ്ണന്‍ വരെയള്ള പത്രാധിപ ജനുസിനെ ശ്രദ്ധേയവും അവിസ്മരണീയവുമാക്കിയത്. അവഗണിക്കാന്‍ കഴിയാതിരിക്കുകയെന്നത് അംഗീകാരമാണെങ്കില്‍ അതിനേക്കാള്‍ മികച്ചത് അനുകരണം മാത്രമാണ്. ബാലകൃഷ്ണനെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല — അനായാസം അനുകരിക്കാനും.
——————————————————
കെ ബാലകൃഷ്ണന്റെ മുഖപ്രസംഗങ്ങള്‍, എഡിറ്റര്‍ ഹാഷിം രാജന്‍, സി കേശവന്‍ ഫൗണ്ടേഷന്‍, തിരുവനന്തപുരം. പേജ് 172, വില 295 രൂപ

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം