പാകിസ്ഥാനികള്‍ പോലും മലയാളം പറയും, ഈ കുട്ടി ഇന്ത്യക്കാരനാണെന്ന് എങ്ങനെ ഉറപ്പിക്കാനാകും', കുടിയേറ്റക്കാരുടെ ജീവിതസംഘര്‍ഷം വരച്ചുകാട്ടി പുതുരചന

‘പാകിസ്ഥാനികള്‍ക്കു പോലും മലയാളം സംസാരിക്കാനാകും. മലയാളം പറയുന്ന, രേഖകളൊന്നുമില്ലാത്ത ഈ കുട്ടി ഇന്ത്യന്‍ പൗരനാണെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാനാകും’? 2013 മുതല്‍ മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങിയ പ്രസീദ അസ്‌ലത്തിനെയും അവരുടെ മാനസിക വെല്ലുവിളി നേരിടുന്ന ആറു വയസുകാരനായ മകനെയും കൊണ്ട് ഞാനും ബിനിലും കാണാന്‍ ചെന്നപ്പോള്‍ ഒമാനിലെ ഇന്ത്യന്‍ എംബസിയിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ ഉയര്‍ത്തിയ അപ്രതീക്ഷിത ചോദ്യം ഇതായിരുന്നു. ഒരിക്കല്‍ കൂടി ദുപ്പട്ട നീക്കിയ പ്രസീദ നിരാശയോടെയും വേദനയോടെയും നമ്മളെ നോക്കി. പ്രസീദയുടെ നിരാശനിറഞ്ഞ നോട്ടത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായി. ഇന്ത്യയിലേക്കുള്ള മടക്കം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്ന് പ്രസീദ ഉറപ്പിച്ചിരുന്നു. മുല്ലപ്പൂവിന്റെ പുതു മണം നിറഞ്ഞുനിന്ന ആഢംബര പൂര്‍ണമായ എംബസിയുടെ മീറ്റിംഗ് ഹാള്‍പോലും പ്രസീദയ്ക്ക് സുഖകരമായി തോന്നിയില്ല.

എംബസി ഉദ്യോഗസ്ഥന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് മനസ്സിലാക്കിയ പ്രസീദ തന്റെ കൈകള്‍ തട്ടിമാറ്റാന്‍ ശ്രമിച്ച മകന്റെ കൈ പിടിച്ച് സമീപത്തെ ഒരു സ്റ്റീല്‍ കസേരയില്‍ ഇരുന്നു. നമ്മള്‍ എന്താണ് പറയുന്നതെന്ന് കുട്ടിക്ക് മനസ്സിലായിട്ടില്ലെന്ന് ഉറപ്പായിരുന്നു. എന്നാല്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തന്റെ അമ്മയുടെ വിഷാദംനിറഞ്ഞ മുഖഭാവത്തില്‍ നിന്ന് അവന്‍ മനസിലാക്കിയതായി തോന്നി.

ജീവിത പങ്കാളി അനധികൃത മദ്യവില്‍പ്പനയ്ക്ക് പിടിക്കപ്പെട്ട് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കപ്പെട്ടതോടെ രേഖകളില്ലാതെ ഒമാനില്‍ അകപ്പെട്ട മലയാളി യുവതിയായ പ്രസീദയുടെയും മകന്റെയും കഥയാണിത്. മലയാളിയായ ജീവിത പങ്കാളി പിടിയിലാകുമ്പോള്‍ പ്രസീദ ഗര്‍ഭിണിയായിരുന്നു. ജോലിയും ഭക്ഷണവും തല ചായ്ക്കാന്‍ ഇടവുമില്ലാതെ തന്റെ മകനൊപ്പം പ്രസീദ ആറു വര്‍ഷം യാതനാപൂര്‍ണമായ ജീവിതം നയിച്ചു.-സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും കുടിയേറ്റ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സാമൂഹിക പ്രവര്‍ത്തകനുമായ റെജിമോന്‍ കുട്ടപ്പന്റെ ‘അണ്‍ഡോക്യുമെന്റഡ് സ്‌റ്റോറീസ് ഓഫ് ഇന്ത്യന്‍ മൈഗ്രന്റ്‌സ് ഇന്‍ ദ അറബ് ഗള്‍ഫ്’എന്ന പുസ്തകത്തിലെ ഹൃദയത്തെ മുറിപ്പെടുത്തുന്ന ജീവിതകഥകളിലെ ഒരേടാണിത്.

അറബ് ഗള്‍ഫില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിപ്പോയവരെ കുറിച്ചും അവര്‍ എങ്ങനെ പാര്‍ശ്വവത്കരിക്കപ്പെട്ടുവെന്നതിന്റെയും രൂപരേഖയാണ് ഈ രചന. മനുഷ്യന്‍ സ്വന്തം കുലത്തില്‍ നിന്ന് നേരിടുന്ന ക്രൂരത, അനുഭവിക്കുന്ന ദുരിതം എന്നിവയെല്ലാം പുസ്തകം പ്രതിപാദിക്കുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം നവംബര്‍ 16ന് പുറത്തിറങ്ങും. 23ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്യും.

റെജിമോന്‍ കുട്ടപ്പന്റെ രണ്ടാമത്തെ പുസ്തകമാണിത്. 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ആയിരക്കണക്കിന് പേരുടെ രക്ഷകരായി മാറിയ അനേകം മത്സ്യബന്ധന തൊഴിലാളികളുടെ അനുഭവങ്ങളുടെ സമാഹാരമായ ‘റോവിംഗ് ബിറ്റ്്വീന്‍ റൂഫ്ടോപ്സ്: ദി ഹീറോയിക് ഫിഷര്‍മെന്‍ ഓഫ് കേരളാ ഫ്ളഡ്സ്’ ആണ് റെജിമോന്‍ കുട്ടപ്പന്റെ ആദ്യ രചന. ടൈംസ് ഓഫ് ഒമാനിലെ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന റെജിമോന്‍ കുട്ടപ്പന്‍ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ (ടിആര്‍എഫ്) എഎഫ്പി, മിഡില്‍ ഈസ്റ്റ് ഐ, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ദി കാരവാന്‍, വയര്‍ തുടങ്ങി വിവിധ മാധ്യമങ്ങള്‍ക്കുവേണ്ടി ലേഖനങ്ങള്‍ എഴുതുന്നുണ്ട്. തൊഴിലാളി കുടിയേറ്റം എന്ന വിഷയത്തില്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടന, റോയിട്ടേഴ്സ്, എന്‍എഫ്ഐ എന്നിവയുടെയെല്ലാം ഫെല്ലോഷിപും പൂര്‍ത്തിയാക്കി.

കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും പ്രധാനമായും ഒമാനിലേക്കും യുഎഇയിലേക്കും നടന്ന അറബ് ഗള്‍ഫ് തൊഴിലാളി കുടിയേറ്റത്തിന്റെ 60 വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊള്ളിച്ചതാണ് ‘അണ്‍ഡോക്യുമെന്റഡ് സ്‌റ്റോറീസ് ഓഫ് ഇന്ത്യന്‍ മൈഗ്രന്റ്‌സ് ഇന്‍ ദ അറബ് ഗള്‍ഫ്’ എന്ന് റെജിമോന്‍ കുട്ടപ്പന്‍ പറയുന്നു.

ഓരോന്നും പലരുടേയും കഥകളാണ്. ഓരോ കഥകളും ഓരോ മഞ്ഞുമലയുടെ അറ്റം മാത്രം. ഓരോന്നും അനേകരുടെ ഉദാഹരണവുമാണ്. എല്ലാവരും ഒരുപോലെയാണെങ്കിലും വിവിധ ജീവിതങ്ങളാണ് പറയുന്നത്. അവയിലെല്ലാം വൈവിധ്യം ഒളിഞ്ഞുകിടപ്പുണ്ട്. സന്തോഷവും ദു:ഖവും ഭയവും അത്ഭുതവും ദേഷ്യവും ഉത്കണ്ഠയും നിറഞ്ഞ യഥാര്‍ത്ഥ ജീവിതങ്ങളുണ്ട്. തൊഴില്‍ കുടിയേറ്റം, മനുഷ്യക്കടത്ത്, ആധുനിക അടിമത്തം, ഒറ്റപ്പെടല്‍, ചൂഷണം എന്നിവയെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നതെന്നും റെജിമോന്‍ കുട്ടപ്പന്‍ കൂട്ടിച്ചേര്‍ത്തു.