പത്രപ്രവര്‍ത്തനത്തിലും പൊതുജീവിതത്തിലും നടന്ന വഴികള്‍ സെബാസ്റ്റ്യന്‍ പോള്‍ ജീവിതം പറയുമ്പോള്‍

എൻ.കെ ഭൂപേഷ്

ജീവചരിത്രങ്ങള്‍ ചരിത്രത്തിലേക്കുള്ള സൂചനകളാണ്. ആ സൂചനകള്‍ യഥാര്‍ത്ഥ ചരിത്രമാകണമെന്നില്ല. ചരിത്രത്തിന്റെ വിവിധ അടരുകള്‍ തിരിച്ചറിയാനുള്ള ഉപാധികളിലൊന്നായി ജീവചരിത്രത്തെ കാണാം. ആത്മകഥകളില്‍ അടിസ്ഥാനപരമായി ഒരാള്‍ താന്‍ കണ്ട, അനുഭവിച്ച കാലത്തെയാണ് വിവരിക്കുന്നത്. എത്രമേല്‍ നിര്‍മമനായാലും അത് ആത്മ നിഷ്ഠമാണ്. വസ്തുനിഷ്ഠമാണെന്ന് കരുതുക വയ്യ. എങ്കിലും വായനക്കാരന് അതില്‍നിന്ന് ചരിത്ര സംഭവങ്ങളിലേക്കുള്ള ചില സൂചനകള്‍ കിട്ടും. അല്ലെങ്കില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രേരണ നല്‍കും. പരമാവധി വസ്തുനിഷ്ഠമാകലാണോ ഒരാള്‍ സ്വയം എഴുതുന്ന ജീവിതകഥയെ മികച്ച ആത്മകഥയാക്കുന്നത്? അങ്ങനെയൊരു അഭിപ്രായം കണ്ടേക്കാം. എങ്കിലും എനിക്ക് തോന്നുന്നത് വസ്തുനിഷ്ഠത എന്നു പറയുന്നത് തന്നെ അപേക്ഷികമാണെന്നാണ് അല്ലെങ്കില്‍ കൃത്യമായി ഗണിച്ചെടുക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ട് സ്വന്തം തോന്നലിന്റെ അടിസ്ഥാനത്തില്‍, തന്റെ കാലത്തെക്കുറിച്ചും ജീവിതത്തെ കുറിച്ചുള്ള ഏറ്റുപറച്ചിലുകള്‍ മികച്ച ആത്മകഥകളാകാന്‍ സാധ്യതയേറെയാണെന്നാണ്. മലയാളത്തില്‍ ഈയിടെ രണ്ട് പ്രമുഖരുടെ ആത്മകഥകളാണ് ഇറങ്ങിയത്. രണ്ടും മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വ്യക്തിത്വങ്ങളുടെത്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കറിന്റെയും പത്രപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്ത്തകനും നിയമ പണ്ഡിതനുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെതും. രണ്ടും രണ്ട് കാലങ്ങളിലുടെയാണ് സഞ്ചരിക്കുന്നത്. സെബാസ്റ്റ്യന്‍ പോളിന്റെ എന്റെ കാലം എന്റെ ലോകം എന്ന ആത്മകഥ വായിച്ചതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ചരിത്രത്തിലേക്കുള്ള, ചില സംഭവങ്ങളിലേക്കുള്ള സൂചനകള്‍ സെബാസ്റ്റ്യന്‍ പോളിന്റെ ഓര്‍മ്മകളിലുണ്ട്. ആ ഓര്‍മ്മകളെ വസ്തുനി്ഷ്ഠമാക്കിയെടുത്താണ് താന്‍ അവതരിപ്പിക്കുന്നതെന്ന വെറുംവാക്ക് അദ്ദേഹം പറയുന്നില്ലെന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. അത് വായനക്കാരനെ അനാവശ്യമോ, തെറ്റിദ്ധാരണ പരുത്തുന്ന നിഗമനങ്ങളിലേക്കോ നയിക്കില്ല.

ഓണാട്ടുകരയില്‍നിന്ന് ഏറണാകുളത്തെത്തി, പത്രപ്രവര്‍ത്തകനാകണമെന്ന കാര്യത്തില്‍ ചെറുപ്പത്തിലെ തീരുമാനമെടുത്ത്, ആ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയും പിന്നീട് പൊതുപ്രവര്‍ത്തകനും പ്രഭാഷകനും, എഴുത്തുകാരനും നിയമപണ്ഡിതനുമൊക്കെയായി മാറിയ സെബാസ്റ്റ്യന്‍ പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് എഴുതുമ്പോള്‍, അതില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. തന്റെ ജീവിത്തിലെ സംഭവങ്ങളെ കാലക്രമത്തില്‍ അടരുകളായി അവതരിപ്പിക്കുകയല്ല, അദ്ദേഹം ചെയ്യുന്നത്. ജീവിതത്തിന്റെ ഒരറ്റത്തു നിന്ന്, കടന്നുവന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, സംഭവങ്ങള്‍ അടരുകളായി തന്നെ തെളിയണമെന്നില്ല. ഒരു സംഭവുമായി ബന്ധപ്പെട്ട് വിവിധ കാലങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ ഒന്നിച്ച് ഇരച്ചുകയറി എത്താം. അങ്ങനെയുള്ള സംഭവങ്ങളെ അതേമട്ടില്‍ കഥ പറച്ചിലിന്റെ സ്വാഭാവികതയോടെ എഴുതുകയാണ് സെബാസ്റ്റ്യന്‍ പോള്‍ ചെയ്യുന്നത്. ഇതുള്‍പ്പെടെയുള്ള എഴുത്തില്‍ കാണിച്ചിട്ടുള്ള കൈയടക്കവും, ജീവിതം വിശദീകരിക്കാന്‍ ചിലപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുള്ള ബിബ്ലിക്കല്‍ വാക്കുകളുമെല്ലാം ലളിതമായ വായന സാധ്യമാക്കുന്നു. പ്രതീക്ഷകള്‍ അസ്ഥാനത്താകുമ്പോള്‍ ഉണ്ടാകുന്ന നിരാശ മറച്ചുവെയ്ക്കാത്തതും, അപ്രതിക്ഷിത സംഭവങ്ങള്‍ ജീവിതത്തിന്റെ ഗതിമാറ്റിയതിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ കാണിക്കുന്ന നിര്‍മമത്വവുമെല്ലാം, ഈ പുസ്തകത്തെ മലയാളത്തിലെ ആത്മകഥ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു പുസ്തകങ്ങളിലൊന്നാക്കി മാറ്റുന്നുണ്ട്.

ഇത്രയും പറഞ്ഞത് എഴുത്തിനെക്കുറിച്ചാണ്. അതിനവലംബിച്ച രീതികളെക്കുറിച്ചാണ്. എന്നാല്‍ ഒരു പൊതുപ്രവര്‍ത്തകന്റെ, എഴുത്തുകാരന്റെ, മാധ്യമവിമര്‍ശകന്റെ ആത്മകഥ, അതിലെ എഴുത്തിന്റെ ഭംഗികൊണ്ട് മാത്രമല്ല, ചര്‍ച്ചയാവേണ്ടത്. അദ്ദേഹം ഉള്‍പ്പെട്ട പൊതു ഇടങ്ങള്‍ നമ്മുടെയെല്ലാമാണ്. അദ്ദേഹം കണ്ട, അനുഭവിച്ച കാര്യങ്ങള്‍ നമ്മുടെ മാധ്യമ രംഗത്തെക്കുറിച്ച്, രാഷ്ട്രീയത്തെ കുറിച്ചെല്ലാം ചില ഉള്‍കാഴ്ചകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് ആ കാഴ്ചകള്‍ പ്രധാനമാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ആളാണ് സെബാസ്റ്റ്യന്‍ പോള്‍ എന്ന് നമുക്ക് ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സിലാകുന്നു. കോണ്‍ഗ്രസിന്റെ പ്രഭാവകാലത്ത് ആ രാഷ്ട്രീയ പാര്‍ട്ടിയോടുള്ള വിമര്‍ശനം സെബാസ്റ്റ്യന്‍ പോളിനെ എത്തിച്ചത്, രാം മനോഹര്‍ ലോഹ്യയിലേക്കോ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കോ അല്ല. കേരളത്തില്‍ അത്ര പ്രധാനമല്ലാത്ത സ്വതന്ത്ര പാര്‍ട്ടിയിലേക്കാണ്. ജനസംഘം കഴിഞ്ഞാല്‍ രാജ്യത്തെ ലക്ഷണമൊത്ത വലതുപക്ഷ പാര്‍ട്ടി. സോഷ്യലിസം തന്നെ അപകടകരവും മനുഷ്യ സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയാകുമെന്നും പറഞ്ഞ സി. രാജഗോപാലാചാരിയുടെ സ്വതന്ത്ര പാര്‍ട്ടി. രാജാജി മരിച്ചതിന് ശേഷം ആ പാര്‍ട്ടി ലയനങ്ങളിലൂടെ ജനതാപാര്‍ട്ടിയിലെത്തുകയും, അടിയന്തരാവസ്ഥ കാലത്ത് ജനതാ പാര്‍ട്ടി ഇടതുപാര്‍ട്ടികളുമായി സഹകരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ടായില്ല എന്ന് വെറുതെ ഒരു കൗതുകത്തിന് വേണ്ടി ആലോചിച്ചു നോക്കുക. അങ്ങനെയെങ്കില്‍ ഇന്നത്തെ ഇടതു സഹയാത്രികനായ ഡോ. സെബാസ്റ്റ്യന്‍ പോളുണ്ടാകുമായിരുന്നുവോ? സാധ്യത കുറവാണ്. ചിലപ്പോള്‍ വലിയ ഒരു പത്രാധിപരായി അദ്ദേഹത്തെ ലോകം അറിയുമായിരുന്നു. അല്ലെങ്കില്‍ ഒരു സുപ്രീം കോടതി ജഡ്ജി. എന്നാല്‍ അതിനെക്കാളൊക്കെ അദ്ദേഹം ഇന്ന് പ്രശസ്തനാണ്. അക്കാര്യത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ യോജിക്കുമോ എന്ന് പുസ്തകം വായിച്ചുകഴിയുമ്പോള്‍ സംശയം തോന്നും.

Remembering C. Rajagopalachari, independent India's first and last Indian Governor General

C Rajagopalachari

പറഞ്ഞുവന്നത് ഇടതുപക്ഷത്തേക്ക് അദ്ദേഹം അപ്രതീക്ഷിതമായി എത്തിയതിനെക്കുറിച്ചാണ്. അങ്ങനെയെങ്കിലും പത്രപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യമേഖല. ലോകത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന റോയ്‌ട്ടേഴ്‌സ് ഒരു വ്യക്തിയാണെന്ന് കരുതി അതുപോലെ ഒരു പത്രപ്രവര്‍ത്തകനാകണമെന്ന് കരുതിയ ബാല്യകാലത്ത് തുടങ്ങിയ അഭിനിവേശമാണ് സെബാസ്റ്റ്യന്‍ പോളിന് മാധ്യമ പ്രവര്‍ത്തനത്തോടുള്ളത്. അതാണ് സി പി ശേഷാന്ദ്രി ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേരാന്‍ നല്‍കിയ ‘പോസ്റ്റ് ഡേറ്റഡ് ചെക്ക്’ സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പിന്നീട് തിരഞ്ഞെടുപ്പ് രംഗത്തേക്കുവരുന്നതും യാദൃശ്ചികമെന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ലെങ്കിലും വലിയൊരു ആലോചനയുടെ ഫലമായാണ് അത് സംഭവിച്ചതെന്ന് കരുതാന്‍ ഈ ആത്മകഥയുടെ അടിസ്ഥാനത്തില്‍ സാധ്യമല്ല. അവിടെവെച്ചാണ് സിപിഎമ്മുമായുളള സെബാസ്റ്റ്യന്‍ പോളിന്റെ സഹകരണം തുടങ്ങുന്നത്. പാര്‍ട്ടിക്കാരനല്ലാതിരുന്നിട്ടും സിപിഎം അദ്ദേഹത്തെ എംഎല്‍എയും എംപിയുമാക്കി. ഒരുതവണ മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ അദ്ദേഹം മല്‍സരിച്ചത്. 2016 ല്‍. അതില്‍ പരാജയപ്പെടുകയും ചെയ്തു. ഇതുകൊണ്ടൊക്കെ തന്നെ സിപിഎമ്മിനെ അടുത്തുനിന്ന് കണ്ട അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പൊതു താല്‍പര്യം ഉണര്‍ത്തുന്നതാണ്. സിപിഎമ്മുമായി ബന്ധപ്പെട്ട പറയുന്ന കാര്യങ്ങളില്‍ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതില്‍ ഏറ്റവും പ്രധാനം യു എ പി എ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഎം സ്വീകരിച്ച സമീപനമാണ്. ഭേദഗതിയുടെ ചര്‍ച്ച വേളയില്‍ എതിര്‍ത്ത സിപിഎം വോട്ടെടുപ്പ് സമയത്ത് ഭേദഗതിയെ അനുകൂലിക്കുകയായിരുന്നു. വോട്ടെടുപ്പ് സമയത്ത് സെന്‍ട്രല്‍ ഹാളിലായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ ഭേദഗതിക്ക് അനുകൂലമായി വോട്ടു ചെയ്യേണ്ടിവരുമെന്നത് കൊണ്ട് വിട്ടുനില്‍ക്കുകയായിരുന്നു. അതവിടെ വിടാന്‍ പാര്‍ട്ടി തയ്യാറായില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിന്റെ നിര്‍ദ്ദേശാനുസരണം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബസുദേവ ആചാര്യ തന്നോട് വിശദീകരണം ചോദിച്ചുവെന്ന പറയുന്നു. ആ കത്തും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം കേരളത്തില്‍ യുഎപിഎയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന സമീപനങ്ങളുടെ ഒരു തുടക്കം ഇവിടെ കാണാം. എതിര്‍ത്തോ എന്ന് ചോദിച്ചാല്‍ എതിര്‍ത്തു. നടപ്പാക്കില്ലേ എന്ന് ചോദിച്ചാല്‍ നടപ്പാക്കും. അതാണ് യുഎപിഎയില്‍ സിപിഎം പ്രായോഗികമായി സ്വീകരിച്ചുവരുന്ന നയം. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വലതുപക്ഷം ഉണ്ടാക്കിയെടുക്കുന്ന അതിദേശീയതയില്‍ അധിഷ്ഠിതമായ പ്രതീതി ഭീഷണിയ്ക്കാണ്, മനുഷ്യാവാകാശത്തിനും വിമതത്വത്തിനുളള അവകാശത്തിനുമല്ല, സിപിഎം പ്രാമുഖ്യം നല്‍കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത് പിണറായി വിജയന്റെ പൊലീസ് നയത്തിന്റെ പ്രശ്‌നല്ലെന്ന സൂചന ഈ പുസ്തകത്തില്‍ വായിച്ചെടുക്കാം. യുഎപിഎ ഭേദഗതി വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞ സെബാസ്റ്റ്യന്‍ പോളിന്റെ നടപടി, മഅദനി വിഷയത്തിലടക്കം അദ്ദേഹം സ്വീകരിച്ച സമീപനങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതാണ്.

Senior CPI-M leader Basudeb Acharya injured in alleged attack by TMC - The Hindu

Basudev Acharya

കേരളത്തിലെ സിപിഎമ്മിന്റെ വിഭാഗീയതയുടെ ഇരയായിട്ടുണ്ട് ഒരു തിരഞ്ഞെടുപ്പില്‍ താനെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നുണ്ട്. കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് തുടങ്ങിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലയെടുപ്പുള്ള നേതാക്കള്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് സെബാസ്റ്റ്യന്‍ പോള്‍ ഉന്നയിക്കുന്നത്. അക്കാലത്തെ പാര്‍ട്ടി ചരിത്രത്തമറിയുന്നവര്‍ക്ക് ഉണ്ടാകുന്ന അത്ഭുതം എടുത്തുപറഞ്ഞ പേരുകളെ കുറിച്ച് മാത്രമായിരിക്കും. അല്ലാതെ സംഭവങ്ങളെക്കുറിച്ചല്ല. സെബാസ്റ്റ്യന്‍ പോളിന്റെ ആത്മകഥ വായിക്കാനിരുന്നപ്പോള്‍ ശ്രദ്ധിച്ച് നോക്കിയ ചിലകാര്യങ്ങള്‍ കൂടിയുണ്ടായിരുന്നു. ഒന്ന് പിണറായി വിജയനുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള വിവരണം. രണ്ട് മഅദനിയുക്കുവേണ്ടിയുളള പോരാട്ടങ്ങളില്‍ നേരിട്ട വെല്ലുവിളികള്‍. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ചില പരമാര്‍ശങ്ങള്‍ നടത്തിപോകുക മാത്രമാണ് അദ്ദേഹം ഇക്കാര്യങ്ങളില്‍ ചെയ്തത്. പിണറായി വിജയന്‍ ഒരു ഉപാജപക സംഘത്തിന്റെ തടവിലാണെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞതിനെക്കുറിച്ചും ഒരു പരമാര്‍ശം മാത്രമാണ് അദ്ദേഹം നടത്തുന്നത്. ഉപജാപകരുടെ പിടിയില്‍ പെടാന്‍ മാത്രം ദുര്‍ബലനാണോ പിണറായി വിജയന്‍ എന്ന സംശയത്തിന് പക്ഷെ വിശദീകരണമില്ല. പ്രഭാവര്‍മ്മയേയും എം കെ ദാമോദരനെയും കുറിച്ചുള്ള ചില വിശദീകരണങ്ങളാല്ലാതെ. പിണറായി വിജയനെ വിമര്‍ശിക്കാനുളള മടിയോ ഭീതിയോ ആണോ അദ്ദേഹം ഉപജാപക സംഘത്തില്‍ കേന്ദ്രീകരിച്ച് എതിര്‍പ്പുന്നയിക്കാന്‍ കാരണമെന്ന് സംശയിച്ചുപോകും.

നവതിത്തിളക്കത്തിൽ ചെന്താരകം | Mm lawrance| MM Lawrence| cpm

M. M. Lawrence

എളുപ്പത്തില്‍ വായിച്ചുപോകാവുന്ന സുതാര്യമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ ജീവിത കഥപറയുന്നതില്‍ കാണിച്ച നിര്‍മമത്വത്തെ മറികടന്ന് പലതരത്തിലുള്ള നിരാശ വാക്കുകളില്‍ കാണാം. അതേ സമയം കടന്നുപോയ കാലത്തെക്കുറിച്ചുള്ള, താന്‍ നടന്നുവന്ന വഴികളെക്കുറിച്ചുള്ള അഭിമാനവും ഈ പുസ്തകത്തിലെ വരികളിലുണ്ട്. നിലപാടിലുറച്ചുകൊണ്ട് മാധ്യമ വിമര്‍ശനം നടത്തിയ വ്യക്തിത്വം എന്നതാണ് സെബാസ്റ്റ്യന്‍ പോളിന്റെ വലിയ സംഭാവനകളിലൊന്ന്. കക്ഷി രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ അറയില്‍ അദ്ദേഹം മാധ്യമ വിമര്‍ശനത്തെ കെട്ടിയിട്ടില്ല. പത്ര സ്വാതന്ത്ര്യത്തിന്റെയും വായനക്കാരന്റെ അറിയാനുള്ള അവകാശത്തിന്റെയും നിലപാടില്‍വെച്ചാണ് അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിച്ചത്. സൈബര്‍ മേഖലകളിലെ അസംഭ്യം പറച്ചിലുകളുടെതായ സമകാലിക മാധ്യമ വിമര്‍ശനത്തിന് എത്തിപിടിക്കാന്‍ കഴിയാത്തതാണത്.

അവസാനമായി എന്നെയും എന്റെ സഹപ്രവര്‍ത്തകരായിരുന്ന സുഹൃത്തുക്കളുയും കുറിച്ചുളള പരമാര്‍ശങ്ങള്‍ സെബാസ്റ്റ്യന്‍ പോള്‍ ഈ പുസ്തകത്തില്‍ നടത്തിയിട്ടുണ്ട്. സെബാസ്റ്റ്യന്‍ പോളിന്റെ ആത്മകഥ ഒരു ചരിത്ര രേഖയാണ്. അതുകൊണ്ട് അതിലെ പരമാര്‍ശങ്ങളെക്കുറിച്ച് പ്രതികരിച്ചില്ലെങ്കില്‍ അത് പരമമായ സത്യം ആയി ചിലപ്പോള്‍ സ്വീകരിക്കപ്പെട്ടേക്കാം. ക്വട്ടേഷന്‍ ബലാല്‍സംഗ കേസില്‍ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി എഴുതിയ ലേഖനത്തെക്കുറിച്ച് പറയുമ്പോഴാണ് ഞാനും എന്റെ സഹപ്രവര്‍ത്തക സുഹൃത്തുക്കളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തുന്നത്. ലേഖനം എഴുതിയതിനെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ പോള്‍ സൗത്ത് ലൈവിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് ഞാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. വസ്തുതപരമായി തെറ്റാണ് ആ പരാമര്‍ശം. ദിലീപ് അനുകൂല ലേഖനത്തെ അതിശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ഞങ്ങള്‍ അന്ന് നിലപാടെടുത്തത്. അന്ന് സൗത്ത് ലൈവില്‍ ജോലി ചെയ്തിരുന്ന ഞാനോ എന്റെ ഏതെങ്കിലും സഹപ്രവര്‍ത്തകരോ സെബാസ്റ്റിയന്‍ പോളിനോട് രാജിവെച്ച് പോകാന്‍ ആവശ്യപ്പെട്ടിരുന്നില്ല. ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ ഇപ്പോഴും ടൈംലൈനില്‍ രേഖകളായി കിടപ്പുണ്ട്. അതിന്റെ പുറത്ത് വലിയ അവകാശവാദങ്ങളോ ആരോപണങ്ങളോ സാധ്യമല്ല. അതുകൊണ്ട് തന്നെ പുസ്തകത്തിലെ ഈ വസ്തുതാപരമായ തെറ്റ് തുടര്‍ എഡിഷനുകളില്‍ അദ്ദേഹം തിരുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ദിലീപിന്റെ കാര്യത്തിലും, ബലാല്‍സംഗ കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കിലിന്റെ കാര്യത്തിലും ഭൂമി തട്ടിപ്പ് കേസിലെ കര്‍ദിനാല്‍ ആലഞ്ചേരിയുടെ കാര്യത്തിലും സെബാസ്റ്റ്യന്‍ പോള്‍ എടുത്ത നിലപാടില്‍ തുടര്‍ച്ച കാണുന്നുണ്ട്. മനുഷ്യവാകാശങ്ങള്‍ യാന്ത്രികമായി വ്യാഖ്യാനിക്കുകയോ നിലപാടെടുക്കുകയോ വേണ്ടതെല്ലെന്ന് അദ്ദേഹത്തിന് അറിയായ്കയല്ല. നീതിയും നിയമ നടത്തിപ്പും ഒന്നാകില്ലെന്നും അറിയാത്ത മനുഷ്യാവകാശപ്രവര്‍ത്തകനുമല്ല, സെബാസ്റ്റ്യന്‍ പോള്‍. അതുകൊണ്ട് വിവിധ വിഷയങ്ങളില്‍ സെബാസ്റ്റ്യന്‍ പോള്‍ നേരത്തെ സ്വീകരിച്ച മനുഷ്യവാകാശങ്ങളുമായി ബന്ധപ്പെട്ട് നിലപാടുകളുമായി ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സമീപനങ്ങള്‍ പൊരുത്തപ്പെടുന്നതല്ല. അതില്‍ അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍ എന്തായാലും. സെബാസ്റ്റ്യന്‍ പോളിന്റെ ജീവിതത്തില്‍ ഈ നിലപാടുകള്‍ കല്ലുകടിയാകുന്നത് ഈ മനോഹരമായി രൂപകല്‍പന ചെയ്ത പുസ്തകത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് മാത്രം.

Read more

പുസ്തകം ലഭ്യമാകുന്നതിനായി ബന്ധപ്പെടുക: ലാവണ്യ ബുക്ക്സ്, പ്രൊവിഡൻസ് റോഡ്, കൊച്ചി 18
ഫോൺ: 9846958281