‘ഒരു ദിവസം വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിലേക്ക് പോകാനിറങ്ങുകയായിരുന്നു. അപ്പോഴാണ് മുഹമ്മദ് കുട്ടി കയറി വരുന്നത് , എന്നിട്ടു പറഞ്ഞു പെട്ടെന്ന് തന്നെ എന്നെക്കുറിച്ചൊരു റൈറ്റ് അപ്പ് വേണം, നമസ്‌കാരം കഴിഞ്ഞിട്ട് എഴുതിയാല്‍ പോരേയെന്ന് ഞാന്‍ , പോരാ തനിക്ക് ഇതിനൊക്കെയൊരു പത്ത് മിനിറ്റ് പോരേ, ഇത് നാനയില്‍ വരുത്താമെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്നെ എറണാകുളത്ത് കൊണ്ടുപോയി കൊടുക്കണം, എന്നെ അവിടെ ഇരുത്തി റൈറ്റ് അപ്പ് എഴുതിച്ചു, ‘ കോടതി മുറിയില്‍ നിന്നും ക്യാമറാ മുഖത്തേക്ക് ‘ എന്ന തലക്കെട്ടും കൊടുത്തു. മുഹമ്മദ് കുട്ടിയെക്കുറിച്ച് ഒരു പ്രസിദ്ധീകരണത്തില്‍ വരുന്ന ആദ്യത്തെ കുറിപ്പായിരുന്നു അത്്്.
ദശാബ്ദങ്ങള്‍ക്ക് ശേഷം തന്റെ മകന്റെ വിവാഹത്തിനെത്തിയ ജമാല്‍ കൊച്ചങ്ങാടിയെ ചേര്‍ത്ത് പിടിച്ച് മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞു.’ ഇതാണ് എന്നെക്കുറിച്ച് ആദ്യം എഴുതിയയാള്‍’.
പത്രപ്രവര്‍ത്തകനായും, എഴുത്തുകാരനായും, തിരക്കഥാകൃത്തും ഗാനരചയിതാവായുമൊക്കെ കേരളത്തിന്റെ സാഹിത്യ സാംസ്‌കാരികമണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ജമാല്‍ കൊച്ചങ്ങാടിയുടെ ഏറ്റവും പുതിയ പുസ്തകമാണ് ഓര്‍മകളുടെ ഗ്യാലറി.
സ്വന്തം പിതാവും മഹാനായ സ്വാതന്ത്രസമരസേനാനിയുമായിരുന്ന സൈനുദ്ധീന്‍ നൈന മുതല്‍ കളിക്കൂട്ടുകാരനായ മമ്മ എന്ന സി ഇ മുഹമ്മദ് വരെയുള്ള നാല്‍പ്പത് പേരെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഓര്‍മക്കുറിപ്പുകള്‍ ഈ ഗ്യാലറിയില്‍ നിരന്നിരിക്കുന്നു.
താന്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അതുല്യനായ സംഗീത സംവിധായകന്‍ ബാബുരാജും മലയാള സിനിമയിലേ വില്ലന്‍ കഥാപാത്രങ്ങള്‍ക്കു പുത്തന്‍ ഭാവപ്പകര്‍ച്ച നല്‍കിയ എന്‍ ഗോവിന്ദന്‍കുട്ടിയും, നിത്യഹരിത നായകന്‍ പ്രേം നസീറും , എസ് കെ പൊറ്റക്കാടും, ബഷീറും, പുനത്തിലും, ഒ വി വിജയനും, അബു എബ്രഹാമും , കെ ടി മുഹമ്മദും , എം പി അപ്പനും, എന്‍ പി മുഹമ്മദും, യു എ ഖാദറും, മള്‍ബറിയുടെ ഷെല്‍വിയും നീലക്കുയിലിന്റെ നിര്‍മാതാവ് ടി കെ പരീക്കുട്ടിയും, ആദ്യ സുവര്‍ണ്ണമയൂരം നേടിയ ചെമ്മീന്‍ പിടിച്ച കണ്‍മണി ബാബുസേട്ടും, നടന്‍ സുകുമാരനും കൊച്ചിയുടെ എക്കാലത്തയും മഹാനായ ഗായകന്‍ മെഹ്ബൂബ് ഭായിയും അടക്കം സ്വന്തം പ്രതിഭയുടെ തിളക്കത്തില്‍ നമ്മളെ വിസ്മയിച്ച നാല്‍പ്പത് പേരുടെ രേഖാചിത്രമാണ് ഈ പുസ്തകം.
ഗസല്‍ ചക്രവര്‍ത്തിയായ മെഹ്ദിഹസന്‍ സാഹിബിനെപ്പറ്റിയുള്ള കുറിപ്പ് അത്യാകര്‍ഷകമാണ്. ഹിന്ദുസ്ഥാന്‍, പാക്കിസ്ഥാന്‍ സബി ഏക് ഹി ഹെ എന്ന് അദ്ദേഹം പറയുമ്പോള്‍ സംഗീതത്തിന്റെ ദൈവിക സ്പര്‍ശത്തിന് മുന്നില്‍ ഭൗതികമായ അതിര്‍ത്തികള്‍ മാഞ്ഞു പോകുന്നത് നാം അറിയുന്നു. പൈതൃകമായി കിട്ടിയ നല്ല വരുമാനമുള്ള നൂറേക്കര്‍ ഭൂമി ഏറ്റവും മികച്ച മലയാള സിനിമികള്‍ നിര്‍മിക്കാനായി വിറ്റുകളഞ്ഞ സലാം കാരശേരി എന്ന നിര്‍മാതാവിനെ നമുക്ക് ഈ ഗ്യാലറിയില്‍ കണ്ടുമുട്ടാം, ‘ മതമില്ലങ്കില്‍ പോലും മനുഷ്യനായി ജീവിക്കാം, സ്വര്‍ഗ നരകങ്ങള്‍ മനുഷ്യന്റെ മനസിലാണ്, ദുഖിതന്റെ വ്യഥയില്‍ പങ്കകൊള്ളുമ്പോഴുണ്ടാകുന്ന മനോസുഖമുണ്ടല്ലോ അതാണ് സ്വര്‍ഗ്ഗം’ എന്ന് പറഞ്ഞ കേരളം കണ്ട ഏറ്റവും ധിക്കാരിയും പ്രതിഭാധനനുമായ എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിയും ഈ ഗ്യാലറിയിലെ സജീവ സാന്നിധ്യമാണ്.
ഓര്‍മകള്‍ നിശ്ചേതനമായ എന്തോ ഒന്നല്ല, മറിച്ച് നമ്മെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ജൈവിക ചോദനയാണ് എന്ന് ജമാല്‍ കൊച്ചങ്ങാടി കരുതുന്നു. ഈ പുസ്‌കത്തിലൂടെ നമ്മുടെ മുമ്പിലേക്ക് കടന്ന് വരുന്നവര്‍ സ്വന്തം ജീവിതമാകുന്ന നെരിപ്പോട് കൊണ്ട് ഭൂമിയില്‍ വെളിച്ചം പരത്തിയവരാണ്. നൂറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ്വ പ്രതിഭാസങ്ങളാണ് ഈ മനുഷ്യര്‍ ഓരോരുത്തരും. തങ്ങളുടെ ജീവിതത്തിലെ നേട്ടങ്ങളിലല്ല, മറിച്ച് മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരുമിന്നാമിനുങ്ങിന്റെ നുറങ്ങുവെട്ടമെങ്കിലും പൊഴിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇവര്‍ ചരിത്രത്തിലേക്ക് മറഞ്ഞത്. അവരെ ഓര്‍മിക്കുമ്പോള്‍ നമ്മള്‍ കാലത്തിനോട് നീതി ചെയ്യുകയാണ്്.
ഒരു പുസ്തകത്തില്‍ തന്നെ രണ്ട് ഭാഗങ്ങളിലായിട്ടാണ് ഓര്‍മകളുടെ ഗ്യാലറി ഒരുക്കിയിരിക്കുന്നത്. എറണാകുളത്തുള്ള ടെല്‍ബ്രെയിന്‍ ബുക്കാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ആലങ്കോട് ലീലാകൃഷ്ണന്റേതാണ് അവതാരിക. വില 360 രൂപ. പ്രമുഖ പുസ്തകക്കടകളില്‍ ലഭ്യമാണ്.