മുസ്ലീം ലീഗിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രിക ആഴ്ച്ചപതിപ്പ് പ്രതിസന്ധിയില്‍, എഡിറ്റര്‍ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് രാജിവെച്ചു

മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ കീഴിലുള്ള ചന്ദ്രിക ആഴ്ച്ചപതിപ്പ് പ്രതിസന്ധിയില്‍. എഴുത്തുകാര്‍ക്ക് മാന്യമായ പ്രതിഫലം നല്‍കുന്നില്ലെന്ന് ആരോപിച്ച് എഡിറ്റര്‍ സ്ഥാനത്ത് നിന്നും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് രാജിവെച്ചു. മാനേജ്മെന്‍റിന് അയച്ച രാജിക്കത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നാളുകളായി മാനേജ്മെന്‍റിനോടും പാര്‍ട്ടിയോടും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് അവര്‍ക്ക മനസ്സിലാകുന്നില്ലെന്നാണ് ശിഹാബുദ്ദീന്‍റെ ആരോപണം.

80 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള വാരികയാണ് ചന്ദ്രിക. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വാരികയ്‌ക്കൊപ്പം മുസ്ലീംലീഗ് മുഖപത്രവും പ്രതിസന്ധിയിലാണെന്നാണ് വിവരം. പത്രത്തില്‍നിന്നുള്ള വരുമാനം കുറഞ്ഞതും മാനേജ്‌മെന്റിന് ഫണ്ട് കണ്ടെത്താന്‍ സാധിക്കാത്തതുമാണ് പ്രതിസന്ധി വര്‍ദ്ധിപ്പിച്ചത്. അതേസമയം ചന്ദ്രിക ആഴ്ച്ചപതിപ്പ് അടച്ചുപൂട്ടുകയാണെന്ന വാര്‍ത്ത ശിഹാബുദ്ദീന്‍ നിഷേധിച്ചു.

കണ്ണൂര്‍, കോഴിക്കോട് നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളും സ്ഥലവും വരുമാനം ലഭിക്കുന്ന മറ്റെന്തെങ്കിലും ബിസിനസിലേക്ക് മാറ്റാന്‍ ലീഗിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, പാര്‍ട്ടിക്ക് മുഖപത്രം ഇല്ലാതായാല്‍ അതുണ്ടാക്കുന്ന ക്ഷീണം വലുതായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് പത്രം ഇപ്പോഴും നിലനിര്‍ത്തുന്നത്.

കണ്ണൂരില്‍ പ്രിന്റിംഗ് പ്രസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് നാടുകളില്‍നിന്ന് പണം ശേഖരിച്ചിരുന്നുവെന്നും ഇതിന്റെ കണക്കുകളോ കാര്യങ്ങളോ ഇല്ലെന്നും ആരോപണമുണ്ട്. പണം പിരിച്ചെങ്കിലും ഇതുവരെയായി പ്രസ് സ്ഥാപിച്ചിട്ടില്ല.

1934ലാണ് ചന്ദ്രിക ആഴ്ച്ചപതിപ്പ് തലശ്ശേരിയില്‍നിന്നും പ്രസിദ്ധീകരണം തുടങ്ങിയത്. നടത്തിപ്പിലെ അപാകത കൊണ്ട് മുന്‍പൊരിക്കല്‍ ചന്ദ്രികയുടെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ് 2011ല്‍ ഇതിന്റെ പ്രസിദ്ധീകരണം വീണ്ടും തുടങ്ങിയത്. അപ്പോഴാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ എഡിറ്റായി നിയമിക്കുന്നത്. വര്‍ഷങ്ങളോളം മികച്ച രീതിയില്‍ എഡിറ്ററുടെ സേവനം അദ്ദേഹം അനുഷ്ടിച്ചു. പിന്നീടാണ് പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ ചന്ദ്രികയെ ബാധിച്ചു തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ചന്ദ്രിക അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.

ചന്ദ്രിക ആഴ്ച്ചപതിപ്പ് തുടങ്ങിയതിന് ശേഷമാണ് പത്രം ആരംഭിച്ചത്. സര്‍ക്കുലേഷനിലും ജീവനക്കാരുടെ എണ്ണത്തിലും നന്നേ കുറവ് നേരിടുന്ന ചന്ദ്രിക ദിനപത്രവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എം.ടി. വാസുദേവന്‍ നായര്‍, ഉറൂബ്, അക്കിത്തം, എസ്.കെ. പൊറ്റക്കാട്, തിക്കോടിയന്‍, ആറ്റൂര്‍ രവിവര്‍മ്മ, എം. ഗോവിന്ദന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ടി. പത്മനാഭന്‍, പി. വത്സല, എം.വി. ദേവന്‍, എം. മുകുന്ദന്‍, പുനത്തില്‍ തുടങ്ങി പല എഴുത്തുകാരുടെയും വളര്‍ച്ചയില്‍ ആഴ്ച്ചപതിപ്പ് നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദ്യമായി പ്രതിഫലം നല്‍കിയത് ചന്ദ്രികയാണെന്നൊരു കഥയുമുണ്ട്.