ഡിജിറ്റൽ വാർത്താ വെബ്സൈറ്റായ ഹഫ്പോസ്റ്റ് അതിന്റെ ഇന്ത്യൻ പതിപ്പിന്റെ പ്രവർത്തനം നിർത്തിവെച്ചു. നവംബർ 24 മുതൽ പ്ലാറ്റ്ഫോം ലഭ്യമാകില്ല.
“നവംബർ 24 മുതൽ ഹഫ്പോസ്റ്റ് ഇന്ത്യ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കില്ല. കൂടുതൽ മികച്ച ആഗോള ഉള്ളടക്കത്തിനായി, ദയവായി ഹഫ്പോസ്റ്റ്.കോം സന്ദർശിക്കുക. നിങ്ങളുടെ പിന്തുണയ്ക്കും വായനക്കും ഞങ്ങൾ നന്ദി പറയുന്നു, ”കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം ഹഫ്പോസ്റ്റ് ഇന്ത്യ എഡിറ്റർ അമാൻ സേതി ട്വിറ്ററിൽ വാർത്ത സ്ഥിരീകരിച്ചു. വെബ്‌സൈറ്റ് അടയ്‌ക്കുന്നതിനുള്ള കാരണങ്ങളെ കുറിച്ച് ഇതുവരെ വ്യക്തതയില്ല.
നിലവിൽ ഹഫ്പോസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച മുഴുവൻ ഉള്ളടക്കങ്ങളും അതിന്റെ വെബ്‌സൈറ്റിലൂടെ വായിക്കാൻ സാധിക്കുന്നില്ല. ഉള്ളടക്കങ്ങൾ പിന്നീട് വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ അതിന്റെ മാതൃ വെബ്‌സൈറ്റായ യു.എസ് ആസ്ഥാനമായുള്ള ഹഫ്പോസ്റ്റ്.കോം വഴിയോ ലഭ്യമാക്കുമോ അല്ലെങ്കിൽ ആർക്കൈവ് ചെയ്യുമോ എന്ന് വ്യക്തമല്ല.