വിനു വി ജോണിന്റെ ന്യൂസ്അവര്‍ ചര്‍ച്ചയില്‍നിന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ ഇറങ്ങി പോയി

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍നിന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ ഇറങ്ങി പോയി. ഓഖിയില്‍ ദുരിതം അനുഭവിച്ച് തീരമണഞ്ഞവരോടും സര്‍ക്കാരിന്റെ ക്രൂരതയോ എന്ന വിഷയത്തില്‍ വിനു വി ജോണ്‍ നടത്തിയ ചര്‍ച്ചയില്‍നിന്നാണ് മേഴ്‌സികുട്ടിയമ്മ ഇറങ്ങി പോയത്.

ചര്‍ച്ചയില്‍ വിനു മാന്യമായി സംസാരിക്കണമെന്ന് ആദ്യം താക്കീത് നല്‍കി. താങ്കള്‍ ഒരു വാര്‍ത്താ അവതാരകനാണ് ആ മാന്യത കാണിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീടും മേഴ്‌സികുട്ടിയമ്മയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സംസാരം വിനുവില്‍നിന്ന് വന്നതിനെ തുടര്‍ന്നാണ് മേഴ്‌സികുട്ടിയമ്മ ഇറങ്ങി പോയത്.

ഓഖി ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് കടലില്‍നിന്ന് രക്ഷപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍ തീരമണഞ്ഞവരെ തിരികെ നാട്ടില്‍ എത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ചപറ്റിയെന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ചര്‍ച്ചയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ചത്. അത്തരത്തില്‍ രക്ഷപ്പെട്ട് എത്തിയ പാട്രിക്, ജ്ഞാനപ്പന്‍ എന്നിവരെ സ്റ്റുഡിയോയില്‍ ചര്‍ച്ചയ്ക്കായി വിളിച്ചു വരുത്തിയിരുന്നു.

ഇവര്‍ പറഞ്ഞ കാര്യങ്ങളില്‍നിന്നാണ് മേഴ്‌സികുട്ടിയമ്മയോട് വിനു ചോദ്യങ്ങള്‍ ചോദിച്ചത്. രണ്ടു ദിവസം കൂടി അവിടെ നിന്നിരുന്നെങ്കിലും അവര്‍ക്ക് ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നുവെന്നും മന്ത്രി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. വീണ്ടും വിനുവില്‍നിന്ന് പ്രകോപനം ഉണ്ടായപ്പോഴാണ്, എന്ത് അസംബന്ധമാണ് ഈ പറയുന്നത് എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ ചര്‍ച്ച അവസാനിപ്പിക്കുകയാണ് എന്ന് മേഴ്‌സികുട്ടിയമ്മ പറഞ്ഞത്.

മൈക്ക് ഊരി മാറ്റി വെച്ച ശേഷം ഇടവേള വരുന്നത് വരെ മേഴ്‌സികുട്ടിയമ്മ കാത്തിരുന്നു. അതിന് ശേഷമാണ് ക്യാമറയ്ക്ക് മുന്നില്‍നിന്നും അവര്‍ മാറിയത്. താന്‍ ബാക്കിയുള്ള ചര്‍ച്ച ടിവിയില്‍ കണ്ടുകൊള്ളാമെന്ന് മന്ത്രി തങ്ങളുടെ പ്രതിനിധിയോട് പറഞ്ഞെന്ന് വിനു പറയുകയും ചെയ്തു. എന്തുകൊണ്ടാണ് ചര്‍ച്ചയില്‍നിന്ന് പിന്മാറിയതെന്ന് അറിയില്ലെന്നും വിനു പറഞ്ഞു.